ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായ ദിവസം തന്നെയാണ് കുഞ്ഞോമിലും ഉരുൾപൊട്ടിയത്. ദുരന്തത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ അനുഭവംപാലക്കാട്: നേപ്പാൾ സ്വദേശികളായ രമേഷ് ധാമിക്കും അനിഷക്കും ആ രാത്രി മറക്കാനാവില്ല. കൈപ്പിടിയിൽ നിന്ന് വഴുതി ഉരുൾ പുതഞ്ഞു നിശ്ചലമായ ഒന്നര വയസ്സുകാരൻ കുഞ്ഞു കുശാൽ. കുഞ്ഞിനെ താരാട്ടുപാടി മതിവരാതെ തോരാക്കണ്ണീരുമായി ആ ദിവസങ്ങളിൽ വയനാട്ടിലെ കുഞ്ഞോമിൽനിന്ന് ബംഗളൂരുവിലേക്ക് വണ്ടികയറിയതാണ്...
ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായ ദിവസം തന്നെയാണ് കുഞ്ഞോമിലും ഉരുൾപൊട്ടിയത്. ദുരന്തത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ അനുഭവം
പാലക്കാട്: നേപ്പാൾ സ്വദേശികളായ രമേഷ് ധാമിക്കും അനിഷക്കും ആ രാത്രി മറക്കാനാവില്ല. കൈപ്പിടിയിൽ നിന്ന് വഴുതി ഉരുൾ പുതഞ്ഞു നിശ്ചലമായ ഒന്നര വയസ്സുകാരൻ കുഞ്ഞു കുശാൽ. കുഞ്ഞിനെ താരാട്ടുപാടി മതിവരാതെ തോരാക്കണ്ണീരുമായി ആ ദിവസങ്ങളിൽ വയനാട്ടിലെ കുഞ്ഞോമിൽനിന്ന് ബംഗളൂരുവിലേക്ക് വണ്ടികയറിയതാണ് ഇരുവരും.

ഉരുൾ ദുരന്തത്തിൽ മരിച്ച കുശാൽ
ഉരുളെടുത്ത മറ്റെല്ലാവർക്കും വീതം പറഞ്ഞ് നഷ്ടപരിഹാരം സർക്കാർ നൽകിയപ്പോൾ മറുരാജ്യക്കാരനാണെന്ന പേരിലെ സാങ്കേതികത്വം പറഞ്ഞ് ഈ കുടുംബത്തിന് അത് നിഷേധിച്ചു. കുഞ്ഞിന്റെ ഓർമകളുറങ്ങുന്ന കുഞ്ഞോം വിട്ട് കുടുംബം പുലർത്താൻ ബംഗളൂരുവിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന രമേഷ് ആഗസ്റ്റ് 10ന് ഇന്ത്യവിട്ട് നേപ്പാളിലേക്ക് മടങ്ങുകയാണ്; ഇനിയൊരിക്കലും മടങ്ങില്ലെന്നുപറഞ്ഞ്. നേപ്പാളിലേക്ക് മടങ്ങുമ്പോൾ കുശാലിന് പകരക്കാരനെത്തിയ ചെറു സന്തോഷം കൂടിയുണ്ട്. മൂന്നുമാസം പ്രായമുള്ള മനീഷ് ധാമി.
ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായ ദിവസം തന്നെയാണ് കുഞ്ഞോമിലും ഉരുൾപൊട്ടിയത്. അലറിപ്പെയ്യുന്ന മഴയിൽ കുഞ്ഞോമിൽ ജോലി നോക്കുന്ന ഫാമിലെ കുഞ്ഞുമുറിയിൽ ഒന്നരവയസ്സുകാരൻ കുശാലിനെ അടക്കിപ്പിടിച്ച് കിടന്നുറങ്ങിയതാണ് രമേഷും അനിഷയും. മലയിടുക്കിലൂടെ ആർത്തലച്ചുവന്ന വെള്ളപ്പാച്ചിലും മണ്ണും വീട് മൂടിയതേ രമേഷിന് ഓർമയുള്ളൂ. അനിഷയുടെ മുടിയിൽ വലിച്ചുപിടിച്ച് കരപറ്റിയപ്പോഴാണ് അറിഞ്ഞത് കുഞ്ഞു കുശാൽ കൂടെയില്ലെന്ന്.
മണ്ണിന്റെയും കല്ലിന്റെയും ഇടയിൽനിന്ന് പുറത്തെടുക്കുമ്പോൾ കുശാലിന്റെ കുഞ്ഞുശരീരത്തിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു. പക്ഷേ, പ്രതിസന്ധികൾ തരണം ചെയ്ത് രക്ഷാപ്രവർത്തകരെത്തുമ്പോഴേക്കും കുശാൽ മരണത്തിന് കീഴടങ്ങി. തല എവിടെയോ ഇടിച്ച പരിക്കും ശ്വാസകോശത്തിൽ കയറിയ മണലുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
കുഞ്ഞോമിൽ കുഞ്ഞിനെ അടക്കം ചെയ്തശേഷം തൊഴിൽരഹിതനായിത്തീർന്ന രമേഷ് സഹോദരങ്ങൾ ജോലിനോക്കുന്ന ബംഗളൂരുവിലേക്ക് തിരിച്ചു. അവിടെ സെക്യൂരിറ്റി ജീവനക്കാരനായി. ദുരന്തം നടന്ന് ഒരു വർഷം എത്തുമ്പോഴും ഈ കുടുംബത്തിന് ഇനിയും സർക്കാർ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മുണ്ടക്കൈ മേഖലയിലെ ബിഹാറുകാർക്കുൾപ്പെടെ നഷ്ടപരിഹാരം ലഭിച്ചു. കുഞ്ഞോമിലെ ഉരുൾപൊട്ടലിൽ കുശാലിന്റെ ജീവൻ മാത്രമേ നഷ്ടമായിരുന്നുള്ളൂ.
മറ്റൊരു രാജ്യത്തു നിന്നുള്ളവരാണ് എന്നതും അവർക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള സാങ്കേതികതയും വിലങ്ങുതടിയായി. ‘‘നേപ്പാൾ ഐ.ഡി കാർഡുൾപ്പെടെ പ്രളയത്തിൽ നഷ്ടപ്പെട്ടിരുന്നു. സെക്യൂരിറ്റി ജോലിവിട്ട് നാട്ടിലേക്ക് ആഗസ്റ്റ് 10ന് മടങ്ങുകയാണ്. അവിടെ ഡ്രൈവറായി ജോലി ചെയ്യാമെന്നാണ് കരുതുന്നത്. നഷ്ടപരിഹാരം ലഭിച്ചാൽ വണ്ടി സ്വന്തമായി വാങ്ങാൻ സഹായകമാകും. ഇനി ഏതായാലും ഇന്ത്യയിലേക്ക് തിരിച്ചുവരവില്ല.’’ ബംഗളൂരുവിൽനിന്ന് ടെലിഫോണിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.