Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുയുഗ കേരളത്തോട് പ്രവാസികൾക്ക് പറയാനുള്ളത്

text_fields
bookmark_border
പുതുയുഗ കേരളത്തോട് പ്രവാസികൾക്ക് പറയാനുള്ളത്
cancel
സ്വദേശിവത്കരണവും കുറഞ്ഞ വേതനത്തിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ ലഭ്യതയും ഗൾഫ് തൊഴിൽവിപണിയെ സാരമായി ബാധിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ കാലാനുസൃതമായ പുനർവിചിന്തനം അനിവാര്യമാണ്

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായക പങ്ക് വഹിച്ച സമൂഹമാണ് പ്രവാസികൾ. സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിന് തുല്യമായ തുകയാണ് ഓരോ വർഷവും ഇവർ നാട്ടിലേക്കയക്കുന്നത്. കിഫ്ബി ഉൾപ്പെടെയുള്ള വികസന പദ്ധതികളിലും പ്രവാസി പങ്കാളിത്തം വലുതാണ്. എന്നാൽ, പതിവ് പുകഴ്ത്തലുകൾക്കപ്പുറം മാറിവരുന്ന പ്രവാസലോകത്തെ ഗൗരവത്തോടെ കാണാനോ അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനോ ഭരണകൂടങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടവും എ.ഐയുടെ വ്യാപനവും തൊഴിൽരംഗത്ത് വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. ഒപ്പം സ്വദേശിവൽക്കരണവും കുറഞ്ഞ വേതനത്തിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ ലഭ്യതയും ഗൾഫ് തൊഴിൽവിപണിയെ സാരമായി ബാധിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ കാലാനുസൃതമായ പുനർവിചിന്തനം അനിവാര്യമാണ്.

സമഗ്ര പ്രവാസി നയവും കമീഷനും

പ്രവാസികൾ പടുത്തുയർത്തിയ കേരളത്തിൽ അവരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമീഷൻ പോലുമില്ല എന്നത് വിരോധാഭാസമാണ്. പ്രവാസികളെ വെറും വിദേശനാണ്യ സ്രോതസ്സുകളായി ചുരുക്കാതെ നിക്ഷേപകർ, വികസന പങ്കാളികൾ, തൊഴിൽവിദഗ്ധർ, സാംസ്കാരിക പ്രതിനിധികൾ എന്നീ നിലകളിൽ അടയാളപ്പെടുത്തുന്ന സമഗ്ര പ്രവാസി നയവും പ്രവാസി കമീഷനും അടിയന്തരമായി രൂപവത്കരിക്കണം. സാമൂഹിക സുരക്ഷ, തൊഴിൽ-നിയമ സംരക്ഷണം, ആരോഗ്യം, നൈപുണ്യവികസനം, നിക്ഷേപം, പുനരധിവാസം, വിദ്യാഭ്യാസം, വനിതാ പ്രവാസി സംരക്ഷണം, യുവജന ശാക്തീകരണം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലൂന്നിയാകണം ഈ നയം. പ്രവാസി സംഘടനകൾ, തൊഴിലാളി-വനിതാ പ്രതിനിധികൾ, വിദഗ്ധർ, അക്കാദമിക് സമൂഹം എന്നിവരെ പങ്കാളികളാക്കിയാവണം ഇതിന്റെ രൂപവത്കരണം.

നോർക്കയും ക്ഷേമനിധി ബോർഡും

കേരളത്തിന്റെ പ്രവാസി നയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന നോർക്കയും പ്രവാസി ക്ഷേമ ബോർഡും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. നോർക്ക കാർഡ് ഇൻഷുറൻസിൽ സ്വാഭാവിക മരണവും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും ഉൾപ്പെടുത്തണം. പ്രതിമാസ ഗഡുക്കളായി പ്രീമിയം അടയ്ക്കാൻ സൗകര്യമൊരുക്കി ആജീവനാന്ത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം. നോർക്ക കെയർ പദ്ധതിയിൽ വാർഷിക ആരോഗ്യപരിശോധന ഉൾപ്പെടുത്തുകയും തിരിച്ചറിയൽ കാർഡ് പുതുക്കാൻ ഓർമപ്പെടുത്തൽ സംവിധാനം ഏർപ്പെടുത്തുകയും വേണം.

പ്രവാസി കുടുംബങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രധാന സേവന കേന്ദ്രങ്ങളിലും ഏകജാലക കൗണ്ടറുകളും നിയമതടസ്സമില്ലെങ്കിൽ വിദേശത്ത് ‘പ്രവാസി അക്ഷയ കേന്ദ്രങ്ങളും’ ആരംഭിക്കണം. വിവിധ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതിന്റെ പേരിൽ പ്രവാസികൾ കുടുങ്ങുന്നത് ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപ് മാർഗനിർദേശം നൽകുന്ന മെഡിക്കൽ ഹെൽപ്പ്‌ലൈൻ നോർക്കക്ക് കീഴിൽ സജ്ജമാക്കണം.

പ്രവാസി പെൻഷൻ കുറഞ്ഞത് 10,000 രൂപയാക്കണം. അർഹത നേടിയവർക്ക് സ്വാഭാവികമായി പെൻഷൻ ലഭിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്തുകയും ചെറിയ കുടിശ്ശികകൾ അടച്ചുതീർക്കാൻ അവസരം നൽകുകയും വേണം. പെൻഷൻ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഒഴിവാക്കുന്നതും പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുന്നതും പരിഗണിക്കണം.

സുരക്ഷിത കുടിയേറ്റവും നിയമസഹായവും

തൊഴിൽ തട്ടിപ്പുകളും ചൂഷണങ്ങളും തടയാൻ ഒഡെപെക് (ODEPC) പോലുള്ള സർക്കാർ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ ശാക്തീകരിക്കണം. അനധികൃത ഏജൻസികളെ നിയന്ത്രിക്കാൻ കർശന നിയമനിർമാണം വേണം. യാത്രയ്ക്ക് മുൻപുള്ള ബോധവൽക്കരണം കാര്യക്ഷമമാക്കണം. ഓരോ രാജ്യത്തെയും നിയമങ്ങൾ വ്യക്തമാക്കുന്ന വിവര പോർട്ടലും വിദേശങ്ങളിൽ അടിയന്തര നിയമസഹായ സംവിധാനവും ഒരുക്കണം. വിദേശ ജയിലുകളിൽ കഴിയുന്ന പ്രായമായ തടവുകാരുടെ മോചനത്തിനായി നയതന്ത്ര ഇടപെടലുകൾ നടത്തണം.

വിദ്യാഭ്യാസ പുരോഗതിക്ക് സൗകര്യങ്ങൾ വേണം

പ്രവാസി വിദ്യാർഥികൾക്ക് നാട്ടിലെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് ന്യായമായ സൗകര്യങ്ങൾ ഒരുക്കണം. പ്രവേശന പരീക്ഷകൾക്ക് വിദേശങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുകയും എൻ.ആർ.ഐ ഫീസ് ചൂഷണം അവസാനിപ്പിക്കുകയും വേണം. ഗ്ലോബൽ ഓൺലൈൻ കേരള കാമ്പസ് ആരംഭിക്കുന്നത് പരിഗണിക്കാം. അന്താരാഷ്ട്ര തലത്തിലുള്ള മലയാളി അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തി വിദ്യാഭ്യാസ കൂട്ടായ്മ രൂപവത്കരിക്കണം.

പുനരധിവാസവും സംരംഭകത്വവും

പ്രവാസി സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും നിത്യോപയോഗ ചെലവുകളിലേക്കാണ് പോകുന്നത്. ഇവ നാടിന്റെ നിർമാണത്തിൽ ഉപയോഗപ്പെടുത്താൻ പ്രവാസി നിക്ഷേപ നയം രൂപീകരിക്കണം. ഇതിനായി പ്രവാസി നിക്ഷേപ സൗഹൃദ കേന്ദ്രം, വ്യവസായ പാർക്കുകൾ, സ്റ്റാർട്ടപ് മിഷൻ എന്നിവ ആവിഷ്കരിക്കാം. ദീർഘകാല സമ്പാദ്യം, ഭവന നിർമാണം, അടിസ്ഥാന സൗകര്യ വികസന ബോണ്ടുകൾ എന്നിവയിലൂടെ പ്രവാസികൾക്ക് വിശ്വസിച്ച് നിക്ഷേപിക്കാൻ സൗകര്യമൊരുക്കണം.

തിരിച്ചെത്തുന്നവരുടെ അനുഭവസമ്പത്തും സമ്പാദ്യവും നാടിന്റെ വികസനത്തിന് ഉപയോഗിക്കാൻ പ്രവാസി സംരംഭകത്വ മിഷൻ രൂപീകരിക്കണം. ഇവരുടെ തൊഴിൽപരിചയവും യോഗ്യതകളും ക്രോഡീകരിച്ച് ഡിജിറ്റൽ വിവരശേഖരം തയാറാക്കണം. വിദേശത്തുള്ളവർക്ക് പി.എസ്.സി പരീക്ഷ എഴുതാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തണം. പ്രവാസി വയോജനങ്ങൾക്കായി പ്രത്യേക ആരോഗ്യ-മാനസിക പരിചരണ പദ്ധതികൾ ആവിഷ്കരിക്കണം.

യാത്രാ ദുരിതത്തിന് പരിഹാരം

ഉത്സവ-അവധിക്കാലങ്ങളിലെ അന്യായമായ വിമാന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാൻ നോർക്ക മുൻകൈയെടുത്ത് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തണം. കേരളത്തിന് സ്വന്തമായി ഒരു എയർലൈൻ എന്ന ആശയം പ്രാവർത്തികമാക്കാൻ സർക്കാർ ആർജവം കാണിക്കണം.

ജനാധിപത്യ പ്രാതിനിധ്യം

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണം. കേരളത്തിന്റെ വളർച്ചയിൽ തുല്യതയില്ലാത്ത സംഭാവന നൽകുന്ന ഈ സമൂഹത്തിന് നിയമനിർമാണ സഭകളിൽ അർഹമായ പ്രാതിനിധ്യം നൽകണം. മുൻപ് ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ഉണ്ടായിരുന്നതുപോലെ നിയമസഭയിൽ പ്രവാസികൾക്കായി പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടിയുണ്ടാകണം.

നാടിന്റെ സമഗ്ര വികസനത്തിൽ പങ്കാളിയായ ഒരു ജനത പതിറ്റാണ്ടുകളുടെ വിയർപ്പൊഴുക്കലിനൊടുവിൽ മടങ്ങിയെത്തുമ്പോൾ അവരെ ചേർത്തുപിടിക്കാൻ ഭരണകൂടത്തിന് സാധിക്കണം. പ്രവാസികളുടെ പണം മാത്രമല്ല, അവരുടെ അറിവും അനുഭവവും കൂടി ഉൾക്കൊള്ളുന്നതാകണം നവകേരളത്തിന്റെ നിർമിതി. അപ്പോൾ മാത്രമേ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിശേഷണം പ്രവാസികളോടുള്ള സമീപനത്തിലും അർഥവത്താകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What expatriates have to say to New Era Kerala
Next Story