തർക്കശാസ്ത്രം അതിരുകടന്നാൽ?
text_fieldsഭാരതീയ തത്ത്വചിന്തയിലെ ഒരു പ്രധാന കൈവഴിയാണ് തർക്കം. നൂറ്റാണ്ടുകളിലൂടെ, ഒട്ടനവധി ആചാര്യരുടെ മൗലികചിന്തകളിലൂടെ അത് ഒരു ശാസ്ത്രമായി വളർന്നു, അതിന്‍റെ സീമകൾ ബൃഹത്തായി. 20ാം നൂറ്റാണ്ടോടെ തർക്കശാസ്ത്രത്തിന് പുതുമാനങ്ങളും കൈവന്നു. അത്തരം തത്ത്വചിന്തയുടെയോ ആഴത്തിലുള്ള യുക്തിയുടെയോ ഒന്നും പിന്തുണയില്ലാതെ വെറും തർക്കത്തിനുവേണ്ടി തർക്കിക്കുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. അവരെ സംബന്ധിച്ച് തർക്കം എന്തെങ്കിലും ഗുണകരമായ മാറ്റത്തിന് വേണ്ടിയുള്ള വാദമല്ല, മറിച്ച് ഞാൻ എന്ന ഭാവം പെരുപ്പിച്ചു കാട്ടാനുള്ള വെറും ഒരു കളിയാണ്. അവർക്ക് സത്യമോ യുക്തിയോ വിഷയമല്ല. തന്റെ വാദങ്ങൾ എതിരാളിയുടെ വാദങ്ങളെക്കാൾ ഉയർന്നതാണെന്ന് വരുത്തിത്തീർക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. ‘താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന മട്ടിൽ, അസംബന്ധവും അയുക്തികവുമായ കാര്യങ്ങൾപോലും അവർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കും.
വീടുകളിലും കളിസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും കവലകളിലുമെല്ലാം ഇത്തരക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. അവരിലെന്തോ ഒരു നിഷ്കളങ്കതയുണ്ടെന്ന് ചിലപ്പോൾ നമുക്കു തോന്നാം. എന്നാൽ, അവരുടെ നിലനിൽപ്പിന്റെ അടിസ്ഥാനംതന്നെ തർക്കമാണ്. അത്തരത്തിലൊരാളുടെ ജീവിതത്തിലുണ്ടായ കൗതുകകരമായ ഒരു സംഭവം ഇങ്ങനെയായിരുന്നു:
സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ, അദ്ദേഹം പറയും, ‘‘അങ്ങനെയങ്ങ് ഉറപ്പിക്കാനൊന്നും പറ്റില്ല. ചിലപ്പോൾ തെക്ക് നിന്നുദിച്ച് വടക്ക് അസ്തമിച്ചെന്നും വരാം’’ എതിരാളികൾ അന്തംവിട്ടുപോകുന്ന വാദമുഖങ്ങളാവും പിന്നെ. കൂട്ടിന് ശാസ്ത്രവും അമേരിക്കയും ജപ്പാനും എല്ലാം തെളിവിനായി ഉണ്ടാകും. ഇത്തരം വാദങ്ങളിലൂടെ എതിരാളികളെ അയാൾ അസ്ത്രശൂന്യരാക്കും. ഒടുവിൽ വാദിച്ച് തോറ്റ് തളർന്നുനിൽക്കുന്നവരെ നോക്കി, ‘‘ഞാൻ പറഞ്ഞതാണ് ശരിയെന്ന് മനസ്സിലായില്ലേ?’’ എന്ന് ചോദിച്ച് ആ വൃഥാവാദം അവസാനിപ്പിക്കും.
കാലം കടന്നുപോയി. അദ്ദേഹത്തിന്റെ മകനും മകളും ഉയർന്ന നിലയിലെത്തി. മക്കളുടെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനിച്ചു. എല്ലാവരുമായും ആ സന്തോഷം പങ്കുവെച്ചു. പഴയ തർക്കങ്ങളിൽ അദ്ദേഹത്തോട് തോറ്റ് മാനസികമായി മുറിവേറ്റ ചിലർ ഒരിക്കൽ അദ്ദേഹത്തിന്റെ മക്കളുടെ ഉന്നത ജോലികളെക്കുറിച്ച് തർക്കിക്കാൻ തുടങ്ങി. ‘‘ഈ കാലത്ത് ആ പദവികൾക്കൊന്നും ഒരു വിലയുമില്ല, ഒട്ടും സുരക്ഷയുമില്ല,’’ എന്നെല്ലാം അവർ വാദിച്ചു. സാധാരണ തർക്കങ്ങളിൽ പതറാത്ത അദ്ദേഹം, ഇത്തവണ സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ചായപ്പോൾ ആലിലപോലെ വിറച്ചുപോയി. ആദ്യമായി അദ്ദേഹം തോൽവി സമ്മതിച്ചു. അതും വളരെ വേദനയോടെ. ജീവിതത്തിൽ ആദ്യമായി പരാജയം സമ്മതിക്കേണ്ടിവന്ന ആ നിമിഷം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.
പിന്നീട് സുഹൃത്തുക്കളോട് അദ്ദേഹം ആ സംഭവം പങ്കുവെച്ചു. ‘‘സാധാരണ ഇത്തരം ചർച്ചകളിൽ എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് പിരിയാറ്. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല,’’ അദ്ദേഹം പറഞ്ഞു. അപ്പോൾ സുഹൃത്തുക്കൾ അദ്ദേഹത്തോട് പറഞ്ഞു, ‘‘ഇത്രയും കാലം ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും നിങ്ങൾ തർക്കിച്ചു. സത്യത്തിൽ, അന്ന് ആരും തോറ്റതല്ല. നിങ്ങളുടെ മുന്നിൽ അവർ തോറ്റുതന്നതായിരുന്നു. ഇത്തവണ നിങ്ങൾക്കുണ്ടായ വേദനയും അപമാനവും മറ്റുള്ളവരും ഇത്രകാലം സഹിച്ചുകാണില്ലേ? മനസ്സിനെ മുറിവേൽപ്പിക്കുന്ന വാദമുഖങ്ങൾ നിങ്ങൾ ആദ്യമായാണ് കേൾക്കുന്നത്. മറ്റുള്ളവരെ നിങ്ങൾ എത്രമാത്രം മുറിവേൽപ്പിച്ചു എന്ന് ഇപ്പോൾ മനസ്സിലാക്കുക.’’
അദ്ദേഹം നിശ്ശബ്ദനായി. കുറച്ചുനേരത്തിനു ശേഷം അദ്ദേഹം പറഞ്ഞു, ‘‘അങ്ങനെയല്ലല്ലോ, ഞാൻ യുക്തിപരവും സത്യസന്ധവുമായ കാര്യങ്ങളല്ലേ പറഞ്ഞത്?’’ സുഹൃത്തുക്കൾ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘അവരും യുക്തിസഹമായാണ് സംസാരിച്ചത്. വാദിക്കാൻ വേണ്ടി മാത്രം സമയം കളയുന്നതിനു പകരം മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ നിലപാടുകളെ ബഹുമാനിക്കാനുമാണ് നമ്മൾ പഠിക്കേണ്ടത്.’’ അദ്ദേഹം അതു തലകുലുക്കി സമ്മതിച്ചു.
ഇങ്ങനെയൊരു തിരിച്ചറിവ് എത്രപേർക്കുണ്ടാകും എന്നറിയില്ല. തർക്കങ്ങളിലൂടെ ലഭിക്കുന്ന സന്തോഷവും മേൽക്കോയ്മയും തീർത്തും ക്ഷണികമാണ്. അതു ക്രിയാത്മകമോ നിർമാണാത്മകമോ അല്ല. ഒരാൾക്കും ഒരു ഗുണവുമുണ്ടാക്കാത്ത ഈ രീതിയിലൂടെ എത്രയോ സമയം അവർ കളയുന്നു, ഊർജം നഷ്ടപ്പെടുത്തുന്നു. വ്യത്യസ്ത ആശയങ്ങളെയും നിലപാടുകളെയും സഹിഷ്ണുതയോടെ കേൾക്കാനും മനസ്സിലാക്കാനും നമുക്കു കഴിയണം. ഈ ഓണക്കാലത്ത്, പാരസ്പര്യത്തിന്റെ ഈ ആഘോഷത്തിൽ, ഇങ്ങനെ ഒരു തിരുത്തൽ ചിന്ത നമുക്കുണ്ടായാൽ അത് എത്ര നല്ലതാണ്!
അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ബെഞ്ചമിൻ ഫ്രാങ്ക്ലിന്‍റെ വാക്കുകൾ ചിന്തോദ്ദീപകമാണ്.
‘‘തർക്കം രണ്ടുപേർ തമ്മിലെ ഒരു കളിയാണ്. രണ്ടുപേരും ജയിക്കാത്ത അതി വിചിത്രമായ ഒരു കളി’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.