Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യയിൽ എന്താണ് സംഭവിക്കാൻ പോകുന്നത്?

text_fields
bookmark_border
ഇറാൻ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനും, ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ നെതന്യാഹുവിനും ഒരു​ ആയുധമാണ്
https://www.madhyamam.com/tags/middle-east
cancel

ഗൾഫ് രാജ്യങ്ങളിലും ഇസ്രായേൽ, ഇറാഖ്, ലബനൻ, ജോർഡൻ,യമൻ, ഇറാൻ എന്നിവിടങ്ങളിലുമുള്ള അമേരിക്കൻ പൗരന്മാർ ‘കനത്ത ജാഗ്രത’ പാലിക്കാൻ രണ്ടുദിവസം മുമ്പ് അതതു രാജ്യങ്ങളിലെ യു.എസ് എംബസികൾ നിർദേശം നൽകുകയുണ്ടായി. മേഖലയിലെ സുരക്ഷാ സാഹചര്യം അതിവേഗം വഷളായേക്കാമെന്നായിരുന്നു മുന്നറിയിപ്പ്.

മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാൽ വ്യോമപാതകൾ അടക്കാനും വിമാന സർവിസുകൾ പെട്ടെന്ന് റദ്ദാക്കാനും സാധ്യതയുണ്ട്. യാത്രക്കാർ വിമാനക്കമ്പനികളിൽ നിന്ന് യാത്രാവിവരങ്ങൾ ഉറപ്പുവരുത്തണമെന്നും യു.എസ് എംബസികൾ ചൂണ്ടിക്കാട്ടി.

സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണ പശ്ചാത്തലത്തിലായിരുന്നു ഈ മുന്നറിയിപ്പെങ്കിലും, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും അടുത്തിടെയുണ്ടായ പരാമർശങ്ങൾ ഇറാനെതിരെ അമേരിക്ക പുതിയൊരു ആക്രമണത്തിന് കോപ്പുകൂട്ടുകയാണോ എന്ന ആശങ്ക പരത്തിയിട്ടുണ്ട്.

ആക്രമണം പുനരാരംഭിച്ചാൽ അത് അതിർത്തികൾ കടന്നുവ്യാപിക്കുമെന്ന് ഉറപ്പാണ്. മധ്യപൂർവേഷ്യയിലെ രാജ്യങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇവ വരുത്തിവെക്കുമെന്നും തീർച്ച. ​എട്ടുമാസമായി തുടരുന്ന സംഘർഷവും അനിശ്ചിതത്വവും സൃഷ്ടിച്ച തിരിച്ചടിയേക്കാൾ വ്യാപ്തിയുള്ളതുമാകും അത്.

അതേസമയം, അമേരിക്കയോ ഇസ്രായേലോ പുതിയ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ ആക്രമണം നടത്തില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നുമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും വ്യക്തമാക്കുകയുണ്ടായി.

വീണ്ടും ആക്രമണം നടത്തുമോ​?

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പരാമർശങ്ങളും ഇതിനുള്ള ഇറാന്റെ മറുപടിയും മേഖലയിലെ സമാധാനത്തെ അസ്വസ്ഥപ്പെടുത്തുന്നതാണ്.

ഇറാൻ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കിൽ ‘ഉടൻ തന്നെ ആ ദൗത്യം പൂർത്തിയാക്കാൻ’ കഴിയുമെന്ന് ഞായറാഴ്ച ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഇറാൻ ഭരണകൂടത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും വ്യക്തമാക്കി. നിരവധി തവണ ഞാൻ ഇക്കാര്യം ട്രംപുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഇറാനിലെ ആണവ, ഊർജ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ ബോംബുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടെ, കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനുള്ള സാധ്യതകൾ യു.എസ് സൈനിക ആസൂത്രകർ തയാറാക്കിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, സൈനിക ആസൂത്രണം നടക്കുന്നു എന്നതുകൊണ്ട് ഉടൻ ആക്രമണം ഉണ്ടാകുമെന്ന് കണക്കാക്കാനാകില്ല. സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടയിൽ ഇറാന് മേലുള്ള സമ്മർദം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭീഷണികൾ ഉയർത്തുന്നതാകാം എന്ന വിലയിരുത്തലുകളുണ്ട്.

നവംബർ മൂന്നിലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും, ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ ബിന്യമിൻ നെതന്യാഹുവിനും ഇറാൻ ഒരു​ ആയുധമാണ്.

ഇറാന്റെ മറുപടികൾ

യു.എസ്, ഇസ്രായേൽ വാക്പോരുകൾക്ക് മറ്റൊരു ഏറ്റുമുട്ടലിന് തങ്ങൾ സജ്ജമാണെന്നാണ് ഇറാൻ മറുപടി. ആക്രമണം തുടർന്നാൽ മുമ്പത്തേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കയെ ഇറാനുമായി മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഈ നീക്കം ഇസ്രായേലിനും അമേരിക്കക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അറാഗ്ചി വ്യക്തമാക്കി.

ആവശ്യമായ മിസൈലുകളും ഡ്രോണുകളും മറ്റു ആയുധങ്ങളും ഇറാന്റെ കൈവശം ഇപ്പോഴുമുണ്ട്. എട്ടുമാസങ്ങൾ പിന്നിട്ട സംഘർഷത്തിനിടയിലും ഇറാൻ പുതിയ ആയുധങ്ങൾ വികസിപ്പിക്കുകയും ആയുധശേഖരം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൊതുജനങ്ങൾക്കടക്കം ആയുധ പരിശീലനവും നൽകിയിട്ടുണ്ട്.

കൂടുതൽ അത്യാധുനികമായ മിസൈലുകൾ, ഡ്രോൺ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, മിഡിൽ ഈസ്റ്റിന് പുറത്തേക്കുള്ള ആക്രമണ സാധ്യത എന്നിവക്കും ഇറാൻ തുനിഞ്ഞേക്കും.

യുദ്ധം വീണ്ടും ആരംഭിച്ചാൽ സൈനിക കേന്ദ്രങ്ങൾക്ക് പുറമെ സിവിലിയൻ കേന്ദ്രങ്ങളിലേക്കും, മറ്റിടങ്ങളിലേക്കും ആക്രമണങ്ങൾ വ്യാപിപ്പിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ, ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ, മേഖലയിൽ ഉടനീളമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നും ഇറാൻ പറയുന്നു.

ഇന്റർനെറ്റ് തടസ്സം പുതിയ ആശങ്ക

മേഖലയിൽ ഉടനീളമുള്ള ഇന്റർനെറ്റ് കേബിളുകൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഇറാന്റെ മുന്നറിയിപ്പ് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കേബിളുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നതാണ്. യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള ഡാറ്റാശേഷിയുടെ 90 ശതമാനത്തിൽ അധികവും ​ചെങ്കടലിനടിയിലൂടെയുള്ള കേബിളുകൾ വഴിയാണ് കടന്നുപോകുന്നത്.

യമനും ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ എന്നിവക്കും ഇടയിലുള്ള, 32 കിലോമീറ്ററിൽ (20 മൈൽ) താഴെ മാത്രം വീതിയുള്ള ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയാണ് കേബിളുകൾ കടലിലേക്ക് പ്രവേശിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് ചെങ്കടൽ തീരത്തുള്ള യമൻ പ്രദേശങ്ങളിൽ നിർണായക സ്വാധീനമുണ്ട് എന്നത് ഇറാൻ മുന്നറിയിപ്പിന് ഗൗരവം കൂട്ടുന്നു.

യമനിൽ രൂപപ്പെട്ട പുതിയ സംഘർഷവും യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന സമുദ്രാന്തര കേബിളുകൾക്ക് ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ജി.സി.സി രാജ്യങ്ങളിലേക്കും ഇറാനിലേക്കുമുള്ള കേബിളുകൾ ഹുർമുസ് വഴി പേർഷ്യൻ ഗൾഫിലേക്കും വ്യാപിക്കുന്നു. ബാബ് അൽ മന്ദബിലും ഹുർമുസിലും ഇറാന് സ്വാധീനമുണ്ട്. എന്നാൽ, കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾക്ക് തടസ്സം സംഭവിച്ചാൽ മേഖലയിലെ രാജ്യങ്ങൾ​ക്കൊപ്പം അത് ഇറാനെയും ബാധിക്കും.

അമേരിക്കയും, ഇസ്രായേലും ഒരുഭാഗത്തും ഇറാൻ മറുഭാഗത്തുമായി പോരാടുമ്പോൾ അതിന്റെ കെടുതികൾ അനുഭവിക്കുന്നവർ ഈ മൂന്നു രാജ്യങ്ങളിൽ മാത്രമല്ല എന്ന് ഇതിനകം ലോകം അനുഭവിച്ചതാണ്. ആയുധപോരിന് മുമ്പേ തുടങ്ങിയ വാക്പോരിലും പലയിടങ്ങളിലും ആശങ്കകൾ ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്. ആക്രമണം പുനരാരംഭിച്ചാൽ പ്രത്യഘാതങ്ങൾ ചെറുതായിരിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story