ഖബറിന് മുന്നിലിരുന്ന് ഞാൻ ആ കോടതിവിധി വായിച്ചതെന്തിന്?
text_fieldsഖബറിനരികിൽ കമാൽ അൻസാരിയുടെ ചിത്രവുമായി ലേഖകൻ
അബ്ദുൽ വാഹിദ് ശൈഖ്
ജൂലൈ 20ന് രാത്രി അളിയൻ സാജിദ് മഗ്റൂബ് അൻസാരിയുമൊത്ത് അത്താഴം കഴിച്ചു കൊണ്ടിരിക്കെയാണ് മാസങ്ങളായി വിധിപറയാൻ മാറ്റിവെച്ചിരിക്കുന്ന 7/11 മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ അടുത്ത ദിവസം വിധിയുണ്ടാകുമെന്ന മെസേജ് കാണുന്നത്. 19 വർഷമായി തടവറയിൽ കഴിയുന്ന അളിയൻ ഇക്കാലത്തിനിടെ ആദ്യമായി ലഭിച്ച പരോളിലായിരുന്നു. 189 പേരെ കൊല ചെയ്ത, 824 ആളുകൾക്ക് പരിക്കുകൾ പറ്റിയ 2006 ജൂലൈ 11ലെ സ്ഫോടനത്തിന്റെ കുറ്റം ഞങ്ങൾ ഇരുവരുമുൾപ്പെടെ 13 പേരുടെ മേലാണ് വെച്ചുകെട്ടിയിരുന്നത്. ഭീകരവാദം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, ട്രെയിനുകളിൽ ബോംബ് വെക്കൽ എന്നിത്യാദി കുറ്റങ്ങളാണ് ചാർത്തിത്തന്നത്. അന്യായ തടങ്കലിൽ ഒമ്പതുവർഷം പിന്നിട്ടശേഷം 2015ൽ കേസിൽ എന്നെ കുറ്റമുക്തനാക്കി. എന്നെപ്പോലെ കേസിൽ വ്യാജമായി കുടുങ്ങിയ ഓരോ നിരപരാധിയുടെയും മോചനം സാധ്യമാക്കുന്നതിനായി ജീവിതം നീക്കിവെക്കാൻ അന്നുമുതൽക്കേ ഞാൻ തീരുമാനിച്ചിരുന്നു.
വിധി വരുന്നുവെന്നറിഞ്ഞതോടെ മനസ്സിൽ ആശയും ആശങ്കയും ഒരുപോലെ നിറയാൻ തുടങ്ങി. ഒരു പേര് ഓർമകളിൽ നിന്നുയർന്ന് വന്നു: കമാൽ അൻസാരി. ഒമ്പത് വർഷം ഞങ്ങളൊരുമിച്ച് ജയിലിലുണ്ടായിരുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽവെച്ച് 2021ൽ മരണപ്പെടുമ്പോഴേക്ക് അദ്ദേഹത്തിന്റെ തടവറ ജീവിതം16 വർഷം പിന്നിട്ടിരുന്നു. മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കൊണ്ടുവന്ന തെളിവുകളൊന്നും വിശ്വസനീയമല്ലെന്ന് വ്യക്തമാക്കിയും പ്രോസിക്യൂഷനെ നിശിതമായി വിമർശിച്ചുമാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്. ദൃക്സാക്ഷി മൊഴികൾ, സ്ഫോടകവസ്തു കണ്ടെടുക്കൽ, കുറ്റസമ്മത മൊഴികൾ എന്നിങ്ങനെ കേസ് കെട്ടിച്ചമച്ച തൂണുകൾ മൂന്നും നിയമപരമായ പരിശോധനയിൽ തകർന്നു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജംഇയ്യതുൽ ഉലമായെ ഹിന്ദിന്റെ അഭിഭാഷകരും 19 വർഷമായി നടത്തിയ നിരന്തര പോരാട്ടത്തിനൊടുവിൽ മരണാനന്തരം അദ്ദേഹത്തിന്റെ പേര് പ്രതിപ്പട്ടികയിൽനിന്ന് നീക്കം ചെയ്തു എന്നതൊഴിച്ചാൽ ചരിത്രപരമായ ഈ വിധി, കമാൽ അൻസാരിയെ ഒരുതരത്തിലും ബാധിക്കുന്നില്ല. കേസിന്റെ തുടക്കത്തിൽതന്നെ നിരപരാധിത്വം വ്യക്തമായിരുന്നിട്ടും നമ്മൾ ഏറെ വിശ്വാസമർപ്പിക്കുന്ന നീതിന്യായ വ്യവസ്ഥ ഒരു മനുഷ്യന്റെ നിരപരാധിത്വം തിരിച്ചറിയാൻ ഏകദേശം രണ്ട് പതിറ്റാണ്ടെടുക്കുന്നത് എന്തുകൊണ്ടാണ്- രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു മനുഷ്യൻ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്ന കോടതിക്ക് മരണത്തെ തിരുത്താൻ സാധിക്കുമോ? കവർന്നെടുക്കപ്പെട്ട ജീവിതം തിരികെ നൽകാനാകുമോ?
കോടതികൾ വിധിയുടെ ആനുകൂല്യം മരിച്ചവർക്ക് നൽകുന്നത് അത്യപൂർവമാണെന്നിരിക്കെ മരണാനന്തരമെങ്കിലും കമാലിനെ കുറ്റമുക്തനാക്കിയെന്നത് അസാധാരണമാണ്-ഇക്കാര്യത്തിൽ ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചിനോട് നന്ദിയുണ്ട്. എൽഗാർ പരിഷത്ത് കേസിൽ തടവിലാക്കപ്പെട്ട ഫാ. സ്റ്റാൻ സാമി, മാവോവാദി ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട പാണ്ടോ നരോട്ടെ എന്നിവരുൾപ്പെടെ വൈദ്യപരിരക്ഷപോലും നിഷേധിക്കപ്പെട്ട് വിചാരണക്കിടെ മരിച്ച നിരവധി തടവുകാരെ എനിക്കോർമവന്നു. അധികൃതരുടെ തികഞ്ഞ അവഗണനമൂലം തടവറയിൽ ജീവനറ്റുവീണ ഒരുപാട് മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്.
വിധി വന്നപ്പോൾ ‘‘12 പേരെ കുറ്റമുക്തരാക്കി’’ എന്ന് ആവർത്തിച്ച മാധ്യമങ്ങൾ പ്രതികളിലൊരാൾ വിചാരണക്കിടെ മരിച്ചിരുന്നുവെന്നും ഇടക്കിടെ പരാമർശിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കമാൽ വെറുമൊരു സംഖ്യയല്ല- പ്രിയ സുഹൃത്തായിരുന്നു. ഒരുമ്മയുടെ മകനായിരുന്നു; ഒരു സ്ത്രീയുടെ ജീവിതപങ്കാളിയും കുഞ്ഞുങ്ങളുടെ പിതാവുമായിരുന്നു. കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട് 19 വർഷം അന്യായമായി തടവിൽ കഴിഞ്ഞശേഷം നീതി ലഭിച്ച് വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന അയാൾക്ക് ഒരിക്കലും വീട്ടിലേക്ക് തിരിച്ചുവരാനാവില്ല. എവിടെയിരുന്നോ കമാലും ഈ വിധി കേട്ട് സന്തോഷിക്കുന്നുണ്ടാവും എന്നാശ്വസിക്കാനേ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കുന്നുള്ളൂ.
ഇത്രയും കാലം ഭർത്താവ് തിരിച്ചുവരുന്നതും കാത്തിരുന്ന അദ്ദേഹത്തിന്റെ പത്നിക്ക് ആ കാത്തിരിപ്പ് എന്നെന്നേക്കുമായി തുടരേണ്ടിവന്നു. എന്തുകൊണ്ട്? ഏതൊക്കെയോ ഉദ്യോഗസ്ഥർക്ക് അവരുടെ കരിയർ സംരക്ഷിക്കണമായിരുന്നു; ഒരു ഭരണകൂടത്തിന് അത് ‘‘പ്രവർത്തിക്കുന്നു’’ എന്ന് തെളിയിക്കാൻ കുറച്ച് ബലിയാടുകളെ വേണമായിരുന്നു. ഈ ക്രൂരമായ യന്ത്രത്തിൽ കുരുങ്ങി ഒരു ജീവിതം മാത്രമല്ല, കുടുംബങ്ങളുടെ ഭാവിയാണ് ഒന്നടങ്കം ഞെരിഞ്ഞമരുന്നത്. ഇതൊന്നും ആരെയും അലോസരപ്പെടുത്തുന്നില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ നാട് മുന്നോട്ട് പോകുന്നു.
വിധിവന്ന ദിവസം, ഞാൻ നാഗ്പൂരിലേക്ക് പോയി, കമാലിന്റെ ഖബറിന് മുന്നിൽ നിന്ന്, അദ്ദേഹത്തെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി വായിച്ചു. നീതിയുടെ പേരിൽ ജീവിതങ്ങളെ ഇല്ലാതാക്കി സ്വയം നിലനിൽക്കുന്ന മനുഷ്യത്വരഹിതമായ ചട്ടക്കൂടിനെതിരായ പ്രതീകാത്മക പ്രതിഷേധം കൂടിയായിരുന്നു അത്. കുറ്റവാളി മുദ്രയും പേറി തന്റെ ജീവിതം ജീവിച്ചുതീർത്ത മനുഷ്യനെ ബോംബെ ഹൈകോടതി നിരപരാധിയായി പ്രഖ്യാപിച്ചപ്പോഴേക്ക് അദ്ദേഹം ആറടി മണ്ണിലമർന്ന് ചേർന്നിരിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഈ വിധി ഒരു കടലാസ് തുണ്ട് മാത്രമായിരുന്നു.
കമാലിന്റെ ഖബറിന് മുന്നിൽ വാക്കുകൾ കിട്ടാതെ ഞാൻ തളർന്നുപോയി. ഒരു വിശ്വാസി എന്ന നിലയിൽ രക്തസാക്ഷിയും വ്യവസ്ഥയുടെ ഇരയുമായ അദ്ദേഹത്തിന്റെ ആത്മാവിന് അർഹമായ പ്രതിഫലം നൽകണേ നാഥാ എന്ന് പ്രാർഥിക്കാൻ മാത്രമേ എനിക്കായുള്ളൂ. വൈകിയെത്തുന്ന നീതി നീതിനിഷേധമല്ല, മറിച്ച് നീതിയുടെ ഖബറടക്കലാണെന്ന് കമാൽ അൻസാരിയുടെ അനുഭവം അദ്ദേഹത്തിന്റെ കുടുംബത്തെയും സമുദായത്തെയും നാം ഓരോരുത്തരെയും ഓർമപ്പെടുത്തുന്നു.
(വ്യാജ ഭീകരവാദ കേസുകൾക്കെതിരെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ഇന്നസൻസ് നെറ്റ്വർക്കിന്റെ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.