സയണിസം സമാധാനത്തെ വെറുക്കുന്നു
text_fieldsദോഹയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടം
മധ്യസ്ഥ ചർച്ചകൾ ഇനിയെങ്ങനെ പുരോഗമിക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. ഈ വിഷയം നിശ്ചയമായും ഇസ്രായേൽ പരിഗണിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ ശാശ്വതമായ സമാധാനത്തിനപ്പുറം യുദ്ധം ഏതുവിധേനയും നീട്ടിക്കൊണ്ടുപോകലാണ് നെതന്യാഹുവിന്റെ തന്ത്രമെന്ന് സംശയിക്കേണ്ടിവരും
യുദ്ധതന്ത്രങ്ങളിലെ ഏറ്റവും ഹീനവും ബുദ്ധിശൂന്യവുമായ പ്രവൃത്തിയാണ് ദൂതനെ വധിക്കുകയെന്നത്. ആത്മനാശത്തിലേക്കുള്ള ക്ഷണപത്രവുമാണത്. ഗസ്സ സംഘർഷം മാത്രമല്ല, അറബ് മേഖലയിലെ നിരവധി വിഷയങ്ങളിൽ സൃഷ്ടിപരമായി ഇടപെടുകയും പരിഹാരത്തിന് ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്ന ഖത്തറിന് നേർക്ക് നടത്തിയ ഏകപക്ഷീയ ആക്രമണം സമാനമായ സാഹചര്യമാകും ഇസ്രായേലിന് സൃഷ്ടിക്കുക. ചെറിയ ദേശമെങ്കിലും ലോകമെങ്ങും വിപുലമായ നയതന്ത്ര സ്വാധീനമുള്ള, സർവ സ്വീകാര്യരായ ഖത്തറിനെ ആക്രമിക്കുന്നതിന് പിന്നിലെ ന്യായം തിരയുന്നത് നിരർഥകമായ അഭ്യാസമാണ്.
എല്ലാതലത്തിലും ഈ സാഹസം ഇസ്രായേലിന് തിരിച്ചടിയാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന്റെ പ്രത്യക്ഷ സൂചനകൾ ആദ്യമണിക്കൂറുകളിൽ തന്നെ വന്നിട്ടുണ്ട്. എന്തിനും നെതന്യാഹുവിനൊപ്പം തോളോടുതോൾ ചേർന്ന് നിന്ന യു.എസ് പ്രസിഡന്റ് ട്രംപ് അനിഷ്ടം പ്രകടിപ്പിച്ചതു മുതൽ വിവിധ ലോകരാഷ്ട്രങ്ങൾ അപലപിച്ചതുവരെ ഇസ്രായേലിനുള്ള സന്ദേശമാണ്. രണ്ടുവർഷമായി തുടരുന്ന ഗസ്സ യുദ്ധാനുബന്ധ സംഭവങ്ങളിൽ ഇത്രയധികം ഇസ്രായേൽ ഒറ്റപ്പെട്ട മറ്റൊരു ഘട്ടമില്ല.
നയതന്ത്ര രംഗത്തെ തിരിച്ചടികൾക്കൊപ്പം, സൈനികപരമായി ഇത്രയും സാഹസികമായി നടത്തിയ ഓപറേഷൻ പരാജയപ്പെട്ടുവെന്നതും ഇസ്രായേലിനെ അലട്ടുന്നുണ്ട്. ജൂൺ 16ന് ഇറാൻ യുദ്ധത്തിനിടെ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെയും ഭരണതല മേൽശ്രേണിയിലെ മുഴുവൻ പേരെയും ഒറ്റയടിക്ക് വധിച്ച് വിജയഭേരിയോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കം പാളിയതിന് സമാനമാണ് ദോഹ അധ്യായവും.
അതീവ രഹസ്യമായി ഇറാൻ സർക്കാർ വിളിച്ച ഉന്നതതല യോഗവിവരം ചോർത്തി, യോഗം നടന്ന ബങ്കറിനുമേൽ ആറു ബോംബുകൾ വർഷിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ഹമാസ് നേതൃനിരയിൽ അവശേഷിക്കുന്ന ഖാലിദ് മിശ്അൽ, ഖലീൽ അൽഹയ്യ തുടങ്ങിയ പ്രമുഖരെ തുടച്ചുനീക്കാനുള്ള ശ്രമമാണ് ഇപ്പോൾ ദോഹയിൽ പാളിയത്. ഖാലിദ് മിശ്അലുമായി ഏതാണ്ട് മൂന്നു പതിറ്റാണ്ട് നീണ്ട കണക്കൊരെണ്ണം തീർക്കാനുമുണ്ട് നെതന്യാഹുവിന്.
ബിന്യമിൻ നെതന്യാഹു
1997ൽ ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഖാലിദ് മിശ്അലിനെതിരെ മൊസാദ് നടത്തിയ വിഷപ്രയോഗം അദ്ദേഹത്തിന്റെ ജീവനെടുക്കുന്നതിന് അടുത്തുവരെ എത്തിയതാണ്. മൊസാദ് ചാരന്മാരെ പിടികൂടിയ ജോർഡൻ ഭരണാധികാരി ഹുസൈൻ രാജാവിന്റെ കർക്കശ നിലപാടിൽ മറുവിഷം നൽകി ഖാലിദ് മിശ്അലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇസ്രായേൽ നിർബന്ധിതമാവുകയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്ന് മൊസാദ് ഓപറേഷൻ നടന്നത്. ചുരുക്കത്തിൽ ഒരിക്കൽ കൂടി ഖാലിദ് മിശ്അൽ നെതന്യാഹുവിന്റെ മരണവാറന്റിനെ അതിജീവിച്ചിരിക്കുന്നു.
തങ്ങളുമായി ഉരസുന്ന വിവിധ അറബ് രാജ്യങ്ങളിലും പിന്നെ ഇറാനിലും അവരുടെ അച്ചുതണ്ടിന്റെ ഭാഗമായ സായുധ സംഘങ്ങൾ നിലകൊള്ളുന്ന രാജ്യങ്ങളിലും പലകാലങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഗൾഫ് മേഖലയെ തൊടാൻ ഇന്നുവരെ ഇസ്രായേൽ ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോഴത്തേതുപോലെ മുമ്പും അതിനുള്ള സാഹചര്യമില്ലായിരുന്നുവെന്നത് വേറെ കാര്യം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാർമികത്വത്തിലുള്ള അബ്രഹാം കരാറിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ അടുക്കാനാണ് ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരുന്നതും.
ഖാലിദ് മിശ്അൽ
ആ നിലക്ക് നയതന്ത്ര ബന്ധം നിലവിൽ സ്ഥാപിച്ച രാജ്യങ്ങളുമായുള്ള സൗഹൃദത്തെ പോലും അപകടത്തിലാക്കും വിധത്തിൽ ഇത്തരമൊരു സാഹസത്തിന് മുതിർന്നതിലും നിരീക്ഷകർ ആശ്ചര്യപ്പെടുന്നുണ്ട്. യു.എസിന്റെ മേഖലയിലെ ഏറ്റവും വലിയ സഖ്യകക്ഷി മാത്രമല്ല, യു.എസ് സെന്ട്രൽ കമാൻഡിന്റെ ഫോർവേഡ് ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്ന അൽ ഉദൈദ് എയർബേസ് സ്ഥിതി ചെയ്യുന്ന രാജ്യമെന്ന നിലയിലും അമേരിക്കക്ക് ഖത്തറിന് മേലുള്ള പ്രതിപത്തി വിലയിരുത്തുന്നതിലും നെതന്യാഹുവിന് പിഴച്ചു. പ്രസിഡന്റ് ട്രംപുമായി ഖത്തർ ഭരണകൂടത്തിനുള്ള അടുത്ത ബന്ധവും ഇതിനൊപ്പം വായിക്കണം. ആ സാഹചര്യത്തിൽ ട്രംപ് കൂടി തള്ളിപ്പറഞ്ഞതോടെ ഈ ഉദ്യമത്തിൽ നെതന്യാഹുവും ഇസ്രായേലും തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.
ട്രംപ് മുൻകൈയെടുത്ത് ചർച്ച നടത്തിക്കൊണ്ടിരുന്ന അന്തിമ ഗസ്സ കരാറിന്റെ കടയ്ക്കലാണ് നെതന്യാഹു കോടാലി വെച്ചിരിക്കുന്നത്. ചർച്ചകൾ ഇനിയെങ്ങനെ പുരോഗമിക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. ഈ വിഷയം നിശ്ചയമായും ഇസ്രായേൽ പരിഗണിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ ശാശ്വതമായ സമാധാനത്തിനപ്പുറം യുദ്ധം ഏതുവിധേനയും നീട്ടിക്കൊണ്ടുപോകലാണ് നെതന്യാഹുവിന്റെ തന്ത്രമെന്ന് സംശയിക്കേണ്ടിവരും. ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ ഇച്ഛാഭംഗമാണ് ദോഹ ആക്രമണം സൃഷ്ടിച്ചിരിക്കുന്നത്.
ഡോണൾഡ് ട്രംപ്
യു.എസും ഇസ്രായേലും അവകാശപ്പെടുന്നത് ശരിയാണെങ്കിൽ ആക്രമണത്തിന് തൊട്ടുമുമ്പാണ് ട്രംപിനെ ഇസ്രായേൽ വിവരമറിയിക്കുന്നത്. സമാനമായ നിലയിലാണ് ഇറാനെതിരായ ആക്രമണത്തിലും ഇസ്രായേൽ പ്രവർത്തിച്ചത്. അന്ന് ആദ്യഘട്ടത്തിൽ ഇസ്രായേലിനൊപ്പം ചേരില്ലെന്ന സൂചന നൽകിയ ട്രംപ് ക്രമേണ ആ കൂടാരത്തിലേക്ക് ചേക്കേറി. പക്ഷേ, ഖത്തറിൽ സ്ഥിതി വ്യത്യസ്തമാണ്. താൻ പൂർണമായും അതൃപ്തനാണെന്ന് ട്രംപ് പറയുമ്പോൾ തന്നെ ഇരുട്ടത്ത് നിർത്തിയതിന്റെ നീരസം പ്രകടമാണ്. ഇസ്രായേലിന്റെ കടുംകൈ തടയാൻ തനിക്ക് കഴിഞ്ഞില്ല എന്ന് ട്രംപ് പറയുമ്പോൾ അദ്ദേഹത്തിന്റെ വിശ്വാസ്യതക്ക് അതിമാരകമായ പ്രഹരമാണ് ഏൽക്കുന്നതെന്നാണ് സി.എൻ.എന്നിന്റെ വൈറ്റ് ഹൗസ് ലേഖകൻ സ്റ്റീഫൻ കോളിൻസൺ വിലയിരുത്തുന്നത്. വ്യക്തിപരമായി ട്രംപിനുണ്ടാകുന്ന ക്ഷീണം മാത്രമല്ല, യു.എസ് വിദേശകാര്യ നയത്തിനുണ്ടാകുന്ന ആഘാതവും വലുതാണ്.
തങ്ങൾ ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന നെതന്യാഹുവിന്റെ വാദം യു.എസിനും ട്രംപിനും തൽക്കാലം മുഖം രക്ഷിക്കാനുള്ള സമയം നൽകുമെങ്കിലും ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് പ്രചാരമേറെയുള്ള അറബ് മേഖലയിൽ ഈ വാദം ഇപ്പോഴേ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ 10 ഫൈറ്റർ ജെറ്റുകളും റീഫ്യൂവലിങ് സംവിധാനങ്ങളും വൻതോതിൽ ആയുധശേഖരവും 2,000 കിലോമീറ്ററിലേറെ ദൂരം സിറിയ, ഇറാഖ് വഴി സഞ്ചരിച്ച് അറേബ്യൻ ഗൾഫിലെത്തി ദോഹയിൽ ആക്രമണം നടത്തുന്നത് തങ്ങൾ മുൻകൂട്ടി അറിഞ്ഞില്ലെന്ന യു.എസ് നിലപാടിന് ആരാധകർ അധികമില്ല.
ഇസ്രായേൽ ഉപയോഗിച്ചതിൽ യു.എസ് നിർമിത എഫ്-35 വിമാനങ്ങൾ ഉണ്ടാകാമെന്നതിനൊപ്പം മേഖലയിൽ ഇലയനങ്ങിയാൽ പോലും അറിയുന്ന ദോഹയിലെ യു.എസ് എയർഫോഴ്സിന്റെ സെൻട്രൽ കമാൻഡും ഇതൊന്നും കണ്ടില്ല എന്ന് പറഞ്ഞാൽ ദഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടും. ചുരുക്കത്തിൽ സഖ്യകക്ഷികൾക്കിടയിൽ തന്റെ പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ട്രംപിന് മുന്നിലുള്ളത്. ഹമാസിനെ വരുതിയിലാക്കി ബന്ദിമോചനം സാധ്യമാക്കുകയും നെതന്യാഹുവിനെ മെരുക്കി യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുകയും ചെയ്യുകയെന്നതും ട്രംപ് നേരിടുന്ന വെല്ലുവിളിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.