Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 11:05 PM IST Updated On
date_range 5 Oct 2015 11:05 PM ISTപാര്‍ട്ടി ഗ്രാമങ്ങള്‍ തിരുത്താനും നിലനിര്‍ത്താനും
text_fieldsbookmark_border
കണ്ണൂരിന്‍െറ രാഷ്ട്രീയ ഭൂമികയില്‍ ഒരേ ഒരു സൂത്രവാക്യമേ ഉള്ളു. പാര്‍ട്ടികള്‍ വരിഞ്ഞു കെട്ടിയ സ്വന്തം ഗ്രാമങ്ങള്‍ സംരക്ഷിക്കുക. അതിനുള്ളതാണ് എല്ലാ പോരാട്ടവും. രാഷ്ട്രീയ കലാപം മുതല്‍ സാംസ്കാരികവും മതപരവുമായ എല്ലാ ചടങ്ങുകള്‍ക്കും ഈ സമവാക്യമാണ് അതിരിടുന്നത്. അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും തങ്ങളുടെതായ ഗ്രാമങ്ങള്‍ നിലനിര്‍ത്താനും ചിലത് തിരുത്താനുമുള്ള അങ്കമാണ്. കേരളത്തിലെ ഏറ്റവും വിചിത്രമായിരുന്ന ‘കോലീബി’ സഖ്യം വിത്ത് മുളപ്പിച്ച ഈ ജില്ലയില്‍ ഇക്കുറി സമാനമായ പല പ്രാദേശിക അടിയൊഴുക്കുകളും ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പിക്കാവുന്ന അണിയറ നീക്കങ്ങള്‍ ഇരുമുന്നണികളും ചില പാര്‍ട്ടികളും തന്നെ തുടങ്ങി കഴിഞ്ഞു.
ജില്ലാ പഞ്ചായത്തിന്‍െറ കാര്യമെടുത്താല്‍ തന്നെ ഇടതുപക്ഷമല്ലാതെ അത് മറ്റൊരിടത്തേക്കു ചാഞ്ഞ ചരിത്രമില്ല. കണ്ണൂരിന്‍െറ ഭരണസിരാകേന്ദ്രമായ കണ്ണൂര്‍ എന്ന പേര് വഹിക്കുന്ന കണ്ണൂര്‍ നഗരസഭ ഇതുവരെ ചുവന്നിട്ടുമില്ല. ഏത് അടിയൊഴുക്കുള്ള സഹാചര്യങ്ങളിലും കണ്ണൂര്‍ നഗരസഭ ലീഗിനെയും കോണ്‍ഗ്രസിനെയുമേ തുണച്ചിട്ടുള്ളു. ഈ തെരഞ്ഞെടുപ്പില്‍ ഈ സ്ഥിര ചിത്രങ്ങള്‍ക്ക് മാറ്റമുണ്ടായേക്കാം. ജില്ലയിലെ സങ്കീര്‍ണമായ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇതിനുള്ള സഹചര്യമാണ് ഉരുത്തിരിയുന്നത്.
സി.പി.എമ്മിന്‍െറ ശക്തമായ വേരുകളുള്ള ജില്ലയാണെങ്കിലും പാര്‍ട്ടിയുടെ അപ്രമാദിത്വം ദുര്‍ബലപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്ക് ഉശിരും വേഗവും കൂടുന്നു. പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള കവചത്തിനു ശക്തികുറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ ഹിന്ദുത്വ ശക്തികള്‍ ചേരിചേര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ഇല്ലാതാക്കാനായി വിശ്വാസപരമായ കാര്യങ്ങളില്‍ പാര്‍ട്ടി നേരിട്ട് ഇടപെടേണ്ടിയും വന്നു. ഇതിന്‍െറ ഭാഗമായാണ് ഓണാഘോഷത്തിന്‍െറ സമാപനദിനം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടത്തേണ്ടി വന്നത്. ബി.ജെ.പിയുടെ സാന്നിധ്യം കണ്ണൂരില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള നീക്കം കൂടിയാണിത്്. വോട്ടുബാങ്ക് പരിശോധിക്കുമ്പോള്‍ വലിയ വെല്ലുവളിയല്ളെങ്കിലും നിരവധി ചെറുസംഘടനകളിലുടെ സംഘപരിവാര്‍ ശക്തികള്‍ ജില്ലയില്‍ കൂടുതല്‍ വ്യാപനം നേടിയിട്ടുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും ഭരണവിരുദ്ധ തരംഗങ്ങളൊന്നും യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളിയായി മാറ്റാന്‍ കഴിയാത്തതിന്‍െറ ഇച്ഛാഭംഗവും കണ്ണൂര്‍ നേതൃത്വത്തിനുണ്ട്.
ഭരണത്തിന്‍െറ മേന്‍മയെക്കുറിച്ചു പറയുന്നതിനേക്കാള്‍ കണ്ണൂരില്‍ സി.പി.എമ്മിന്‍െറ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുളള പ്രചരണത്തിനാണ് കോണ്‍ഗ്രസിനു താത്പര്യം. പ്രദേശിക വിഷയങ്ങള്‍ക്കൊപ്പം അക്രമ രാഷ്ട്രീയവും മികച്ച രസച്ചേരുവയായി ഉപയോഗിക്കുന്നതില്‍ ഇവര്‍ വിജയിച്ചുവെന്ന് പറയാം. ഭരണത്തുടര്‍ച്ചയുള്ള സര്‍ക്കാരാണ് വരാന്‍ പോകുന്നതെന്ന തരത്തിലുള്ള പ്രചരണത്തിനും ശക്തികൂട്ടും. സി.പി.എം-ബി.ജെ.പി പോരിന്‍െറ പശ്ചാതത്തലത്തില്‍ സമാധാനകാംക്ഷിയായി നിലകൊണ്ടവര്‍ എന്ന ഇമേജുണ്ടാക്കിയും പ്രചരണത്തിന്‍െറ ഘട്ടത്തില്‍ മേല്‍ക്കൈ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.
ജില്ലയില്‍ കനത്ത പോരി നൊരുങ്ങുകയാണ് ബി.ജെ.പി. കേന്ദ്രഭരണത്തിന്‍െറ നേട്ടം ഇതിനകം ജില്ലയിലെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ബി.ജെ.പി വിനിയോഗിച്ചിട്ടുണ്ട്. സി.പി.എം അക്രമങ്ങള്‍ ചെറുക്കുന്നതിനായി ബി.ജെ.പി എം.പിമാര്‍ ജില്ലയിലത്തെുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, അടുത്ത കാലങ്ങളില്‍ സി.പി.എമ്മിന്‍െറ നിരവധി പേര്‍ ബി.ജെ.പിയിലേക്കു വന്നുവെന്നും, സി.പി.എമ്മിനോട് അതൃപ്തിയുള്ളവര്‍ തങ്ങളെ സഹായിക്കുമെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. രണ്ട് നഗരസഭാ വാര്‍ഡുകളും പത്ത് പഞ്ചായത്തു വാര്‍ഡുകളുമാണ് ജില്ലയില്‍ നിലവില്‍ ബി.ജെ.പിക്കുള്ളത്. ഇതിനിടയില്‍ മുന്നണികള്‍ക്ക് ശക്തി പകര്‍ന്ന്, ആര്‍.എസ്.പിയും സി.എം.പി വിഭാഗങ്ങളും കേരള കോണ്‍ഗ്രസും ഐ.എന്‍.എലും വെല്‍ഫെയര്‍പാര്‍ട്ടിയും എസ്.ഡി.പി.ഐയും വിധി നിര്‍ണയത്തെ സ്വാധീനിക്കും.
ഇതുകൂടാതെയാണ് ഓരോ പ്രദേശങ്ങളിലും രൂപപ്പെടുന്ന അപൂര്‍വബന്ധങ്ങളും മുന്നണികളും. ഇരിക്കൂര്‍ പഞ്ചായത്തില്‍ രൂപപ്പെട്ട പുതിയ സാഹചര്യത്തില്‍ ലീഗും കോണ്‍ഗ്രസും പോരുകോഴികളെപ്പോലെ നില്‍ക്കുന്നു. കഴിഞ്ഞ പഞ്ചായത്തു തരെഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഇരിക്കൂര്‍ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലേക്കുള്ള ഐ.എന്‍.എലിന്‍െറ അപൂര്‍വ കൂടിച്ചേരലോടെയായിരുന്നു. ഐ.എന്‍.എലിന്‍െറ സഹായത്തോടെ ഭരിക്കാനുള്ള ലൈസന്‍സ് നേടിയ ലീഗ് പ്രിസിഡന്‍റ് സ്ഥാനം മുറുക്കിപിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനം പോലും കിട്ടിയില്ല. നറുക്കെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്കായിരുന്നു വൈസ് പ്രസിഡന്‍റ്് സ്ഥാനം ലഭിച്ചത്. തീര്‍ന്നില്ല, ഒരു വര്‍ഷത്തിനു ശേഷം അവിശ്വസത്തിലുടെ സി.പി.എമ്മിനെ താഴെയിറക്കി വൈസ് പ്രസിഡന്‍റ് സ്ഥാനവും ലീഗ് കരസ്ഥമാക്കി. ശത്രുതയിലായ കോണ്‍ഗ്രസും ലീഗും ഒറ്റക്കു മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ സി.പി.എം- ലീഗ് സഖ്യത്തിനാണ് സാധ്യത. എതിരാളികളില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടുന്ന സി.പി.എമ്മിന്‍െറ അഭിമാന സ്തംഭമാണ് മലപ്പട്ടം പഞ്ചായത്ത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഇവിടെ മത്സരിക്കുന്നതിന് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുങ്ങുന്നു. മലപ്പട്ടം പഞ്ചായത്തില്‍ മണല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടു നടന്ന ഒന്‍പതു കോടിയുടെ അഴിമതിയാണ് പ്രവര്‍ത്തകരില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നത്. ചരിത്രത്തിലാദ്യമായി മലപ്പട്ടത്ത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും പൊതുയോഗം നടത്തുന്നതിനുള്ള അവസരത്തിനും സംഭവം വഴിയൊരുക്കി.
പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനും, ജില്ലാ പഞ്ചായത്തും, 11 ബ്ളോക്ക് പഞ്ചായത്തുകളും, എട്ടു നഗരസഭകളും 71 ഗ്രാമപഞ്ചായത്തുകളുമാണ് ജനവിധി കാത്തു കണ്ണൂരിലുള്ളത്. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ അവിടെ പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്ത് എക്കാലവും ഇടതുപക്ഷത്തു തന്നെ നിലയുറപ്പിച്ച ചരിത്രമാണ് കണ്ണൂരിനുള്ളത്. നിലവില്‍ 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 20 ഇടതിനൊപ്പമാണ്. ഇതില്‍ 19 സീറ്റുകള്‍ സി.പി.എമ്മിന്‍െറ സ്വന്തം. യു.ഡി.എഫിന് ആറ് ഡിവിഷനുകളാണ് ലഭിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് നാലും ലീഗിനും കോണ്‍ഗ്രസ് എമ്മിനും ഒരു സീറ്റു വീതവുമാണുള്ളത്. ബ്ളോക്ക് പഞ്ചായത്തുകളിലും ഈയൊരു ശക്തി പ്രകടനം തുടരുന്നു. പതിനൊന്ന് ബ്ളോക്ക് പഞ്ചായത്തുകളില്‍ പത്തും ഇടതു പക്ഷത്തിനൊപ്പം തന്നെ. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്തില്‍ മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്.ഈ തെരഞ്ഞെടുപ്പിലും ബ്ളോക്ക് പഞ്ചായത്തിന്‍െറ കാര്യത്തില്‍ വലിയ അട്ടിമറികള്‍ അട്ടിമറികള്‍ പ്രതീക്ഷിക്കുന്നില്ല. ലീഗിന്‍െറ ശക്തികേന്ദ്രമായ വളപട്ടണം മാത്രമാണ് ബ്ളോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് അനുകൂലമായി നില്‍ക്കുന്നത്.
യു.ഡി.എഫ് സ്വാധീന പഞ്ചായത്തുകളാണ് പാനൂര്‍ ബ്ളോക്കില്‍ നിന്നും പാനൂര്‍ നഗരസഭയിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ട പെരിങ്ങളവും കരിയാടും. ഈ പഞ്ചായത്തുകള്‍ പോയപ്പോള്‍ കണ്ണൂര്‍ ബ്ളോക്ക് ശക്തിപ്പെട്ടതുപോലെ പാനൂരും ഇടതു കേന്ദ്രത്തിനൊപ്പം നില്‍ക്കുന്നു. വലിയ അട്ടിമറികളുണ്ടായില്ളെങ്കില്‍ മുഴുവന്‍ ബ്ളോക്ക് പഞ്ചായത്തകളും ഇടതുപക്ഷത്തേക്കു നീങ്ങാനാണ് സാധ്യത. 81 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടായിരുന്ന ജില്ലയില്‍ വിഭജനവും നഗരസഭാ രൂപീകരണവും കഴിഞ്ഞപ്പോള്‍ 71 പഞ്ചായത്തുകളാണ് ശേഷിക്കുന്നത്. നിലവില്‍ പഞ്ചായത്തുകളും ഭൂരിപക്ഷം ഇടതിനാണ്.
മാറ്റമുണ്ടാകുമോ കോര്‍പ്പറേഷനില്‍
പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനായിരിക്കും ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ശ്രദ്ധാകേന്ദ്രം. നഗരസഭയായിരുന്ന കാലത്ത് യു.ഡി.എഫിന്‍െറ അപ്രമാദിത്യമായിരുന്നു. പേരിനു മാത്രം പ്രതിപക്ഷമുള്ള നഗരസഭയില്‍ ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് പങ്കുഭരണമാണ് നടത്തിയിരുന്നത്. ലീഗ് ശക്തമായ അടിത്തറയാണ് കണ്ണൂര്‍ നഗരസഭയിലുള്ളത്. എതിരാളികളില്ലാത്ത മുന്നേറ്റമായതുകൊണ്ടായിരിക്കാം വളരുന്ന നഗരത്തിനനുസരിച്ചുള്ള വേഗം വികസനത്തിലുണ്ടായിട്ടില്ല. സമീപകാലത്തുണ്ടായ നല്ല നിലപാടുകള്‍ ഒഴിച്ചാല്‍ ജില്ലയുടെ മറ്റു പ്രദേശങ്ങള്‍ക്കനുസരിച്ച് വളര്‍ച്ചാവേഗം കൈവരിക്കാന്‍ കണ്ണൂരിനായിട്ടുണ്ടോ എന്നത് സംശയമാണ്.
ജില്ലാ പഞ്ചായത്ത്
ഭരണം : എല്‍.ഡി.എഫ്
സി.പി.എം 19
സി.പി.ഐ 1
കോണ്‍ഗ്രസ് 4
ലീഗ് 1
കോണ്‍ഗ്രസ്(എം) 1
ഗ്രാമപഞ്ചായത്ത്
എല്‍.ഡി.എഫ് 55
യു.ഡി.എഫ് 26
ബ്ളോക് പഞ്ചായത്ത്
ഭരണം: എല്‍.ഡി.എഫ്
എല്‍.ഡി.എഫ് -10
യു.ഡി.എഫ് -1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story