ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്; ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്
text_fieldsസ്വന്തം മേന്മയിലുപരി എതിരാളികളുടെ പോരായ്മയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് യു.ഡി.എഫിന് തുണയായത്. സി.പി.എമ്മിലെ പൊട്ടിത്തെറി, ജനതാദളിന്‍െറ മുന്നണിമാറ്റം, ആര്.എം.പിയുടെ രംഗപ്രവേശം... എല്ലാംകൂടി എല്‍.ഡി.എഫിന് കഷ്ടകാലമായിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. കണക്കുകൂട്ടലുകളെല്ലാം കാറ്റില്‍പ്പറന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ, വിശേഷിച്ച് സി.പി.എമ്മിന്‍െറ കോട്ടകള്‍ പലതും നിലംപൊത്തി. ത്രിതല സംവിധാനം നിലവില്‍വന്നതിനുശേഷം ഗ്രാമപഞ്ചായത്തുകളില്‍ ചരിത്രത്തിലാദ്യമായി യു.ഡി.എഫ് ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോള്‍ ജില്ലാപഞ്ചായത്തില്‍ അവര്‍ വിജയത്തിനടുത്തുവരെയത്തെി. എന്നാല്‍, സീറ്റുകള്‍ പലതും നഷ്ടമായെങ്കിലും കോര്‍പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും ബ്ളോക് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് മേധാവിത്വം നിലനിര്‍ത്തി.
നഷ്ടപ്രതാപം തിരിച്ചുപിടിക്കുക അഭിമാനപ്രശ്നമായി കാണുന്ന എല്‍.ഡി.എഫിനെ ഇത്തവണയും മുന്നണിയിലെ അസ്വാരസ്യങ്ങളും പ്രധാനകക്ഷിയായ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളും അലട്ടുന്നുണ്ട്. സീറ്റുവിഭജനം അവസാനഘട്ടത്തിലത്തെിനില്ക്കുമ്പോള് ജനതാദള്‍ (എസ്), ഐ.എന്‍.എല്‍ തുടങ്ങിയ കക്ഷികള്‍ ഉടക്കിനില്ക്കുന്നതാണ് തലവേദനയായുള്ളത്. സി.പി.എമ്മില്‍ വിഭാഗീയതക്ക് ശമനമായെന്ന് അവകാശപ്പെടുമ്പോഴും മേപ്പയൂര്‍ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടേണ്ടിവന്നത് ഒരാഴ്ച മുമ്പാണ്. പേരാമ്പ്രയില്‍ സുഭിക്ഷ അഴിമതി ആരോപണവും ചെറുവണ്ണൂരില്‍ ജലനിധി പദ്ധതിക്കെതിരെ ഉന്നയിച്ച ആരോപണം തിരിഞ്ഞുകുത്തിയതും നൊച്ചാട് മുന്‍ എസ്.എഫ്.ഐ നേതാവ് പുറത്തുപോയതിനത്തെുടര്ന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം എതിരാളികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന ഭയവും പ്രാദേശിക നേതൃത്വത്തിനുണ്ട്.
ടി.പി വധം, ആര്.എം.പി സാന്നിധ്യം, പാര്‍ട്ടി വിട്ടവര്‍ രൂപവത്കരിച്ച വിവിധ സാംസ്ക്കാരിക സംഘടനകളുടെ നിലപാടുകള്‍ എന്നിവയും ജില്ലയില്‍ പലയിടത്തും വിധിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം ഉള്‍പ്പെടുന്ന വടകര നിയമസഭാ മണ്ഡലത്തില്‍ മാത്രമല്ല, പേരാമ്പ്രയിലും നാദാപുരത്തും കുറ്റ്യാടിയിലുമെല്ലാം കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് വോട്ടുചോര്‍ച്ചയുണ്ടായിരുന്നു. ഇത് മറികടക്കാനാണ് ജനകീയമായി പ്രകടനപത്രികയും വികസനരേഖയും തയാറാക്കാന്‍ തീരുമാനിച്ചത്.
ജൈവകൃഷി, മാലിന്യസംസ്കരണം, പാലിയേറ്റിവ് രംഗങ്ങളിലെ ഇടപെടലുകള്‍ എന്നിവയും മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്ന സി.പി.എം, ജനകീയാടിത്തറയുള്ള പ്രവര്‍ത്തകരെ സ്ഥാനാര്‍ഥികളാക്കിയും പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തുന്നത്. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം ഹൈകോടതി തടഞ്ഞതോടെ ജില്ലയിലെ യു.ഡി.എഫില്‍ വലിയൊരു പൊട്ടിത്തെറിയാണ് ഒഴിവായത്. എങ്കിലും, പ്രധാന കക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും പലയിടത്തും നല്ല ബന്ധത്തിലല്ല. ജനതാദള്‍ (യു) പ്രാദേശിക ഘടകങ്ങളും യു.ഡി.എഫ് നേതൃത്വവും തമ്മിലും അഭിപ്രായവ്യത്യാസം നിലനില്ക്കുന്നു.
വാണിമേലില്‍ ഖനനാനുമതിയുടെ പേരില്‍ ഇരുമുന്നണികളും പ്രതിക്കൂട്ടിലാണ്. കൊടുവള്ളിയിലാണെങ്കില് കോണ്‍ഗ്രസിലെ കലഹമാണ് യു.ഡി.എഫിന് തലവേദന. ചെക്യാട് പഞ്ചായത്തില്‍ സീറ്റുവിഭജനത്തിന്െറ പേരിലും മണിയൂരില്‍ ജലനിധി പദ്ധതിയുടെപേരിലും ഇരുകക്ഷികള്ക്കിയില് ഭിന്നതയുണ്ട്. രാമനാട്ടുകരയിലും ഫറോക്കിലും ലീഗിനകത്തെ വിഭാഗീയതയാണ് വെല്ലുവിളി. കൂടരഞ്ഞി പഞ്ചായത്തില്‍ ജെ.ഡി.യു, എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടെ സി.പി.ഐയാകട്ടെ എല്‍.ഡി.എഫ് വിട്ട് തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ്. മുക്കം മുനിസിപ്പാലിറ്റിയിലും എല്‍.ഡി.എഫ് -ജെ.ഡി.യു അടവുനയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രാദേശിക പ്രശ്നങ്ങളാണ് ഇരുമുന്നണികളെയും അലട്ടുന്ന മറ്റൊരു ഘടകം. ദേശീയപാതാ വികസനം, ഗെയ്ല് വാതക പൈപ്പ്ലൈന് പദ്ധതി, മലയോര മേഖലയില്‍ ക്വാറികളുടെ ഖനനാനുമതി, മണല്നിരോധം, മാലിന്യസംസ്കരണം, വിവിധ കേന്ദ്ര -സംസ്ഥാന പദ്ധതികളുടെ മറവില്‍നടന്ന വെട്ടിപ്പുകള്‍, പാതിവഴിയിലായതും മുടങ്ങിപ്പോയതുമായ പദ്ധതികള്‍ എന്നിവയെല്ലാം ജനരോഷം പ്രതിഫലിക്കാനിടയുള്ള ഘടകങ്ങളാണ്. ഭരണ, പ്രതിപക്ഷ കക്ഷികളോടുള്ള അമര്‍ഷമെല്ലാം ബി.ജെ.പി മുതലാക്കുമോ എന്ന ആശങ്ക വേറെയും.
ജില്ലയിലൊരിടത്തും ഒറ്റക്ക് ഭരണംപിടിക്കാവുന്ന ശേഷിയിലേക്ക് ബി.ജെ.പി വളര്ന്നിട്ടില്ളെങ്കിലും പല പഞ്ചായത്തുകളിലും അവര്‍ ഇത്തവണ സാന്നിധ്യമറിയിക്കുമെന്നാണ് വിലയിരുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എന്‍.എല്‍, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളും സാമുദായിക സംഘടനകളും ചില മേഖലകളില്‍ വിധിയെ സ്വാധീനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.