നജീബ് വിവാദങ്ങളും സഖ്യ വൈചിത്ര്യവുമായി ജെ.എൻ.യു സ്റ്റുഡൻസ് യൂനിയൻ തെരഞ്ഞെടുപ്പ്
text_fieldsന്യൂഡൽഹി: മുഹമ്മദ് നജീബിന്‍റെ തിരോധാനമുൾപ്പെടെയുള്ള സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ കൊടുമ്പിരി കൊണ്ട പ്രചാരണത്തിനൊടുവിൽ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡൻസ് യൂനിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. കഴിഞ്ഞ വർഷം ഡൽഹി യൂനിവേഴ്സിറ്റി യൂനിയൻ അടക്കി ഭരിക്കുകയും ജെ.എൻ.യുവിൽ പിടികിട്ടാ പ്രേത മാവുകയും ചെയ്ത എ.ബി.വി.പി, സംഘ് മുഷ്കിന്‍റെ ബലത്തിൽ വാഴ്സിറ്റിയിൽ പിടിവള്ളി തേടാൻ കിണഞ്ഞു ശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശമായി ബുധനാഴ്ച രാത്രി നടന്ന പ്രസിഡന്റ് സ്ഥാനാർഥിമാരുടെ നയ പ്രഖ്യാപന സംവാദം ആയിരക്കണക്കിന് വിദ്യാർഥികളുടെ സാന്നിധ്യത്താൽ വ്യാഴാഴ്ച പുലരും വരെ നീണ്ടു.
നജീബിന്റെ തിരോധാനം മുതൽ മാധ്യമ രക്തസാക്ഷി ഗൗരി ലങ്കേഷിന്റെ കൊലപാതകം വരെ കത്തിക്കാളിയ പ്രഭാഷണങ്ങളായിരുന്നു പ്രസിഡന്റ് സ്ഥാനാർഥികൾ നടത്തിയത്.കാമ്പസിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ മാത്രം സാന്നിധ്യം നൽകിയ ന്യൂനപക്ഷ പിന്നാക്ക കൂട്ടായ്മയായ 'ബാപ്സ' ( ബിർസ അംബേദ്കർ ഫുലെ സ്റ്റുഡൻസ് അസോസിയേഷൻ) എ.ബി.വി.പി., ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ് സഖ്യം , എ.ഐ.എസ്.എഫ് എന്നിവർ തമ്മിലാണ് പ്രധാന മൽസരം. എൻ.എസ്.യു ദുർബല മുഖത്തോടെ രംഗത്തുണ്ട്.
ന്യൂനപക്ഷ പിന്നാക്ക കൂട്ടായ്മയായ "ബാപ് സ"യാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തവണ എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തി സമ്പൂർണ കരുത്താർജിച്ച പോരിനാണവർ കച്ച കെട്ടിയിരിക്കുന്നത്. നിലവിലെ ഭരണ പക്ഷമായ തീവ്ര കമ്മ്യൂണിസ്റ്റ് (സി.പി.ഐ.എം.എൽ.) ഗ്രൂപ്പായ 'ഐസ' (AISA) കഴിഞ്ഞ തവണത്തെപ്പോലെ എസ്.എഫ്.ഐ യെ ചേർത്ത് പിടിച്ചാണ് മൽസരത്തെ അഭിമുഖീകരിക്കുന്നത്. എസ്.എഫ്.ഐൽ നിന്ന് വിഘടിച്ചു പോയ ഡി.എസ്.എഫ്നെയും ഇക്കുറി ഐസ സഖ്യത്തിൽ ചേർത്തിട്ടുണ്ട് . തീവ്ര ഇടത് പക്ഷ ഗ്രൂപ്പിനോടൊപ്പം എസ്.എഫ്.ഐ കൈകോർത്ത് നിൽക്കുമ്പോൾ കനയ്യ കുമാറിന്‍റെ പ്രഭയിൽ തെളിഞ്ഞു നിന്ന എ.ഐ.എസ്.എഫ് തനിച്ചു തന്നെ മൽസരിക്കുന്നു എന്നതാണ് പ്രത്യേകത. സി.പി.ഐ നേതാവ് ഡി.രാജയുടെ മകളും മലയാളിയുമായ അപരാജിത യാണ് അവരുടെ സ്ഥാനാർഥി.

കനയ്യകമാറിന്‍റെ അറസ്റ്റും വിവാദവും കത്തി കാളുകയും കാമ്പസിന്റെ പാരമ്പര്യം തകർക്കുന്ന വിധം മുഷ്ക് പ്രയോഗിക്കുകയും ചെയ്തിട്ടും കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എ.ബി.വിപി ഇത്തവണ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. വർഗ്ഗീയ നീക്കത്തിനെതിരായ ചെറുത്ത് നിൽപിന് ഇടത് പക്ഷ വിദ്യാർഥി ഐക്യം എന്ന ആശയം എ.ഐ.എസ്.എഫ് / എസ്.എഫ്.ഐ മുൻനിര നേതൃത്വത്തിന് ഇവിടെ പ്രായോഗികമാക്കാൻ കഴിഞ്ഞില്ല എന്നതാണ് കൗതുകകരം. അതേ സമയം എ ബി.വി.പി മുതലെടുപ്പ് മുന്നിൽ കണ്ട് ഐസയും എസ്.എഫ്.ഐയും കഴിഞ്ഞ തവണ രൂപപ്പെടുത്തിയ സഖ്യം എസ്.എഫ്.ഐ. വിഘടിത ഗ്രൂപ്പായ ഡി.എസ്.എഫിനെ കൂടി ചേർത്ത് പിടിച്ച് വികസിപ്പിച്ച പ്രതീക്ഷയിലാണ് അവർ. അടിച്ചമർത്തലുകൾക്കിടയിലെ ഉയിർത്തെഴുന്നേൽപ്പ് സന്ദേശമുയർത്തി പി റവി കൊണ്ട മന്യൂനപക്ഷ പിന്നാക്ക കൂട്ടായ്മയായ "ബാപ്സ" യാവട്ടെ മുഴുവൻ വിദ്യാർഥികളുടെയും പ്രതീക്ഷയാവും വിധം കൂടുതൽ സ്വീകാര്യമായാണ് പ്രചാരണം മുഴുമിപ്പിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ആറിൽ അഞ്ചും പെൺകുട്ടികളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മൽസര രംഗത്തുള്ള ഏക പുരുഷൻ ഫാറൂഖ് ആലം ആവട്ടെ ഐസയിൽ നിന്ന് വഴിപിരിഞ്ഞു വന്നാണ് സ്വതന്ത്രനായി രംഗത്തിറങ്ങിയത്. സരസ പ്രഭാഷകനായ ഫാറൂഖ് ആലം ആണ് ബുധനാഴ്ചത്തെ പ്രസിന്റ്സ് ഡിബേറ്റിൽ കസറിയത്. പ്രഭാഷണ ചാരുതയും ചാട്ടുളിയും കൊണ്ട് എല്ലാവരെയും കയ്യിലെടുത്ത ഫാറൂഖിന്റെ സാന്നിധ്യം ,ഇത് പക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് എ.ബി.വി.പി. അതേ സമയം "ഐസ"സഖ്യവും, "ബാപ്സ"യും തമ്മിലാണ് പ്രധാന മൽസരമെന്ന് തോന്നുന്ന പ്രവർത്തന സജീവതയാണ് ഇരു പക്ഷത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.