Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷ് കുമാർ സ്വയം ഒഴിഞ്ഞു, ലാലു മുഖ്യമന്ത്രിയായതിന് പിന്നിൽ ബി.ജെ.പി; രാഷ്ട്രീയ രഹസ്യങ്ങൾ ഇങ്ങനെയെന്ന് ബിഹാർ മുഖ്യമന്ത്രി

text_fields
bookmark_border
https://www.madhyamam.com/tags/bihar-cm
cancel
camera_alt

നിതീഷ് കുമാറും സമ്രാട്ട് ചൗധരിയും

പട്ന: ജനതാദൾ -യു അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ സ്വന്തം ഇഷ്ടപ്രകാരമാണ് പദവിയിൽ നിന്ന് ഒഴിഞ്ഞതെന്നും ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കിയതല്ലെന്നും ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി. ബിഹാറിലെ എൻ.ഡി.എയുടെ തർക്കമില്ലാത്ത നേതാവാണ് നിതീഷെന്നും സംസ്ഥാനത്തെ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘നിതീഷ് കുമാർ സ്വയം സന്നദ്ധനായാണ് പദവി ഒഴിഞ്ഞത്. ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നില്ല. ബി.ജെ.പിക്ക് അദ്ദേഹത്തിന്റെ പാർട്ടിയേക്കാൾ കൂടുതൽ എം.എൽ.എമാർ ഉണ്ടായിരുന്നിട്ടും, മുമ്പ് അടൽ ബിഹാരി വാജ്പേയി തനിക്ക് ആദ്യമായി മുഖ്യമന്ത്രിയാകാൻ അവസരം നൽകിയ കാര്യം അദ്ദേഹം വിലമതിച്ചിരുന്നു. ആ നന്ദിയാണ് അദ്ദേഹം ഇപ്പോൾ തിരിച്ചുനൽകിയത്’ -പട്നയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കവെ ചൗധരി പറഞ്ഞു.

2000 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ അന്ന് സമതാ പാർട്ടി നേതാവായിരുന്ന നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ഭൂരിപക്ഷം തെളിയിക്കാൻ എൻ.ഡി.എക്ക് കഴിയാതെ വന്നതിനെ തുടർന്ന് ഒരാഴ്ചക്കകം രാജിവെച്ചിരുന്നു. ഇക്കാര്യമാണ് നിതീഷ് സ്ഥാനമൊഴിയുന്നതിന് ചൂണ്ടിക്കാട്ടിയത്.

നിതീഷ് കുമാറിനെ ബി.ജെ.പി എക്കാലത്തും പിന്തുണച്ചിരുന്നുവെന്നും ചൗധരി അവകാശപ്പെട്ടു. തങ്ങളു​​ടെ കടുത്ത എതിരാളിയായ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, തന്റെ രാഷ്ട്രീയ വളർച്ചക്ക് കടപ്പെട്ടിരിക്കുന്നത് ബി.ജെ.പിയുടെ കാരുണ്യത്തിലാണ്. ബി.ജെ.പിയുടെ ദയയിലാണ് ലാലു ബിഹാർ മുഖ്യമന്ത്രിയായത്. തീർച്ചയായും, ആ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചവർക്ക് അറിയാം. അങ്ങനെ ചെയ്തുകൊണ്ട് അദ്ദേഹം ദലിത് നേതാവ് റാം സുന്ദർ ദാസിന്റെ അർഹമായ അവകാശമാണ് തട്ടിയെടുത്തതെന്നും ചൗധരി വിമർശിച്ചു.

1990 ൽ ജനതാദൾ, ബി.ജെ.പിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ബിഹാറിൽ സർക്കാർ രൂപവത്കരിച്ചപ്പോഴാണ് ലാലു പ്രസാദ് മുഖ്യമന്ത്രിയായത്. 1970 കളിൽ ചുരുങ്ങിയകാലം മുഖ്യമന്ത്രിയായിരുന്ന റാം സുന്ദർ ദാസ് വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.

നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് ദാസ്, ലാലു പ്രസാദിനോട് പരാജയപ്പെട്ടത്. മറ്റൊരു ജനതാദൾ നേതാവായ രഘുനാഥ് ഝാ കൂടി മത്സരരംഗത്തേക്ക് വന്നത് സവർണ എം.എൽ.എമാരുടെ വോട്ടുകൾ ഭിന്നിക്കാൻ കാരണമായെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ടെന്നും ചൗധരി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story