കോൺഗ്രസ് ബന്ധം വേണ്ടെന്ന് ആവർത്തിച്ച് പിണറായി, ചുട്ട മറുപടിയുമായി കാനം
text_fieldsമലപ്പുറം: ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടിൽ മുഖ്യമന്ത്രി പിണറായിയും സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രനും നേർക്കുനേർ. സി.പി.െഎ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും’ എന്ന ചർച്ചയിൽ കോൺഗ്രസ് ബന്ധം വേണ്ടെന്ന നിലപാട് പിണറായി ആവർത്തിച്ചപ്പോൾ അതേ വേദിയിൽ അക്കമിട്ട മറുപടിയുമായി കാനവുമെത്തി. ബി.ജെ.പിക്കെതിരായ പോരാട്ടം കോൺഗ്രസുമായി ചേർന്ന് നടക്കില്ലെന്നായിരുന്നു സി.പി.െഎ വേദിയിൽ ചർച്ച ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത്. സാമ്രാജ്യത്വ പ്രീണന നയങ്ങളാണ് കോൺഗ്രസിേൻറത്. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോൺഗ്രസിനെ കൈയൊഴിഞ്ഞു. ഗുജറാത്തിലെ തോൽവി കോൺഗ്രസിനെ ജനങ്ങൾ കൈവിട്ടതിെൻറ തെളിവാണ്.
കോൺഗ്രസുമായി ചേർന്ന് നവ ലിബറൽ നയത്തെ എതിർക്കുമെന്നും മതനിരപേക്ഷതക്ക് വേണ്ടി പൊരുതുന്നുവെന്നും പറഞ്ഞാൽ വിശ്വാസ്യത ലഭിക്കില്ല. വിശ്വാസ്യതയുള്ള ബദൽ ഉയർത്തി വേണം ജനങ്ങളെ കൂടെ നിർത്താൻ. ആഗോളവത്കരണ നയങ്ങൾക്കും ദലിത് വിരുദ്ധ നയങ്ങൾക്കുമെതിരെ പ്രതിഷേധം ഉയർന്ന് വരുന്നുണ്ട്. വർഗീയതയുമായി സന്ധി ചെയ്യുന്ന നിലപാടാണ് കോൺഗ്രസിെൻറത്. നയങ്ങൾ മറന്ന് ഏച്ച് കൂട്ടിയ സഖ്യമുണ്ടാക്കിയാൽ ജനം അംഗീകരിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
എന്നാൽ ഇതിന് മറുപടിയായി ബി.ജെ.പിക്കെതിരായ േപാരാട്ടത്തിന് വിശാല മുന്നണിയാണ് വേണ്ടതെന്നും കേരളം മാത്രമല്ല ഇന്ത്യയെന്നും പ്രായോഗിക രാഷ്ട്രീയത്തിെൻറ പടവുകൾ കയറാൻ ഇടതു പക്ഷത്തിനാകണമെന്നും കാനം തിരിച്ചടിച്ചു. മുഖ്യശത്രു ബി.ജെ.പിയാണെന്ന് വ്യക്തമാണ്. പ്രധാന ശത്രുവിനെ തിരിച്ചറിഞ്ഞാൽ ഇടതുപക്ഷം തന്നെ അതിനെ നേരിട്ടുകൊള്ളണമെന്നില്ല. മുഖ്യശത്രു ബി.ജെ.പി ആണെന്ന കാര്യത്തിൽ ഇരുപാർട്ടികളും യോജിപ്പിൽ എത്തിയിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പാർട്ടി കോൺഗ്രസുകൾ ചർച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ, കെ. കൃഷ്ണൻകുട്ടി എം.എൽ.എ എന്നിവർ സംസാരിച്ചു. പി.കെ. കൃഷ്ണദാസ് സ്വാഗതവും കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.