രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് തമിഴ്നാട് മന്ത്രി; വിജയ് യെ ഉയർത്തിക്കാട്ടുന്നവർക്ക് മറുപടി
text_fieldsപി. വിശ്വനാഥൻ, രാഹുൽ ഗാന്ധി
ചെന്നൈ: 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയായിരിക്കുമെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ. ഭരണകക്ഷിയായ ടി.വി.കെ മന്ത്രിമാരും ജനപ്രതിനിധികളും മറ്റും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കോൺഗ്രസ് നേതാവായ മന്ത്രിയുടെ ഈ പ്രസ്താവന. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള മറ്റു ദേശീയ നേതാക്കളും പ്രധാനമന്ത്രി ചർച്ചകളിൽ ഉയർന്നുവരുന്നുണ്ട്.
‘കോൺഗ്രസ് നേതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് കാര്യങ്ങൾ വളരെ വ്യക്തമാണ്. ഞങ്ങളുടെ പ്രിയപ്പെട്ടവനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയാണ് 2029 ലെ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി’ -പി. വിശ്വനാഥൻ വ്യക്തമാക്കി.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച വിശ്വനാഥൻ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വ്യാഴാഴ്ച രാത്രി നാലംഗ മന്ത്രിതല സമിതിയെ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ചെന്നൈയിലും ഡൽഹിയിലും തമിഴ്നാട് സർക്കാർ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ സമ്മേളനത്തിൽ അനാവശ്യ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന പ്രതിപക്ഷ വിമർശനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളി. എല്ലാ ജനപ്രതിനിധികൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അവസരമുള്ള കൃത്യമായ വേദിയാണ് നിയമസഭയെന്ന് അദ്ദേഹം പറഞ്ഞു.
തൂത്തുക്കുടിയിലാണ് വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി വിശേഷിപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സഖ്യകക്ഷിയായ കോൺഗ്രസ് ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ അധികാരത്തിലെത്തിയപ്പോൾ ആദ്യം പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസ് ആയിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ വിജയ് ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയെ ആണെന്നും കോൺഗ്രസ് നേതാക്കൾ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

