ജിദ്ദ കെ.എം.സി.സി വനിത വിങ് കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നടപ്പിലാക്കുന്ന 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വനിത വിങ് കാമ്പയിന് തുടക്കമായി. പദ്ധതിയുടെ അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ് നടക്കുന്നത്.
ഈ പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ മുഴുവൻ വനിത പ്രവാസികളിലേക്കും എത്തിക്കുന്നതിനും, പരമാവധി ആളുകളെ ഇതിന്റെ ഭാഗമാക്കുന്നതിനുമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
വനിത വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബിൽ മമ്പാട്, ഹസീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. കാരുണ്യഹസ്തം കോർഡിനേറ്റർമാരായ മിസ്രിയ ഹമീദ്, സലീന ഇബ്രാഹിം എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഷമീല മൂസ സ്വാഗതവും നസീഹ അൻവർ നന്ദിയും പറഞ്ഞു. ബസ്മ സാബിൽ, ഇർഷാദ ഇല്യാസ്, ഹാജറ ബഷീർ, സുരയ്യ കാരി, നസീമ ഹൈദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

