സി.എച്ച്. അനുസ്മരണവും കൊലുസ് 2027 പ്രഖ്യാപനവും സംഘടിപ്പിച്ചു
text_fieldsമസ്കത്ത് : മസ്കത്ത് കെ.എം.സി.സി അൽഖുദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണവും മെഗാ ഒപ്പന മത്സരത്തിന്റെ പേര് പ്രഖ്യാപനവും സംഘടിപ്പിച്ചു.ഒക്ടോബർ 29 ന് രാത്രി 9 മണിക്ക് അൽഖുദ് കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.
അൽഖുദ് ഏരിയ കെ.എം.സി.സി വൈസ് പ്രസിഡന്റ് എൻ.എ.എം. ഫാറൂഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം വി. നാസർ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ 2026-ലെ സി.ബി.എസ്.ഇ ദേശീയ കായികമേളയിൽ ഹാൻഡ്ബോൾ മത്സരത്തിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് സെബിൻ തായാട്ട്, റംസിൽ ഹഖ് എന്നിവരെയും നാലാമത് ഫഹമദ് എഡ്യൂ എക്സലൻസ് പുരസ്കാരം 2026 കരസ്ഥമാക്കിയ ഹാമി ഫിസാൻ ടി.കെ.യെയും അൽഖുദ് ഏരിയ കമ്മിറ്റി ആദരിച്ചു.
ഇതോടൊപ്പം കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഒപ്പന മത്സരത്തിന് ‘കൊലുസ് 2027’ എന്ന് നാമകരണം ചെയ്തു. 2027 ജനുവരി 29 ന് മസ്കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ നടക്കുന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒപ്പന ടീമുകൾക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. കേരളത്തിന്റെ തനതായ കലാരൂപമായ ഒപ്പനയെ പ്രവാസി മണ്ണിൽ പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്കും യുവജനങ്ങൾക്കും തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയുമാണ് മത്സരത്തിന്റെ ലക്ഷ്യം.
അൽഖുദ് ഏരിയ കെ.എം.സി.സി സെക്രട്ടറി മുനീർ ടി.പി. സ്വാഗതം ആശംസിച്ചു. പാർട്ടി വിങ് കൺവീനർ ഫൈസൽ ആലുവ,ഷാജഹാൻ തയാട്ട്, ഇജാസ് അഹമ്മദ്, ഷഹദാബ്, അൻസാർ, സലാം, മുസ്തഫ, ഇർഷാദ്, ഫസൽ, അബ്ദുൾ ഹക്കിം, ഷമീർ, അമീൻ ഹുദവി എന്നിവർ സംസാരിച്ചു.

