നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം: സലാല കെ.എം.സി.സി
text_fieldsസലാല: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന് സലാല കെ.എം.സി.സി ആവശ്യപ്പെട്ടു. പദ്ധതിയിൽ വിശ്വാസമർപ്പിച്ച് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ റദ്ദാക്കി അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രീമിയം വർധന തിരിച്ചടിയായെന്ന് സംഘടന സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അഞ്ച് ലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയ്ക്ക് 51–60 വയസ്സുകാർക്ക് 21,722 രൂപയും 61–70 വയസ്സുകാർക്ക് 28,326 രൂപയും 71–80 വയസ്സുകാർക്ക് 48,279 രൂപയുമാണ് പ്രീമിയം. ഫാമിലി ഫ്ലോട്ടർ പദ്ധതിയുടെ പ്രീമിയം 77,773 രൂപ വരെ ഉയർത്തിയതും സാധാരണക്കാരായ പ്രവാസികൾക്കും വിരമിച്ചവർക്കും താങ്ങാനാവാത്തതാണെന്ന് കെ.എം.സി.സി വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിൽ ഇത്തരമൊരു വർധന വരുത്തിയത് അവരെ നിരാശരാക്കിയിരിക്കുകയാണ്. പ്രീമിയം താങ്ങാനാകാതെ വരുന്നതോടെ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
പ്രീമിയം വർധന ഉടൻ പിൻവലിക്കുക, സർക്കാർ സബ്സിഡി പുനഃസ്ഥാപിച്ച് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, പദ്ധതിയുടെ നടത്തിപ്പിൽ സുതാര്യത വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും കെ.എം.സി.സി മുന്നോട്ടുവച്ചു.പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും ആവശ്യപ്പെട്ടു.

