മീലാസ് മുള്ളമ്പാറയുടെ പുസ്തകങ്ങൾ ജിദ്ദ മല്ലൂസ് സര്ഗസദസ്സില് പ്രകാശനം ചെയ്തു
text_fieldsമീലാസ് മുള്ളമ്പാറയുടെ 'മലപ്പുറം കിസ്സ' എന്ന നോവൽ മുസാഫിർ, ബഷീർ വള്ളിക്കുന്നിന് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: മീലാസ് മുള്ളമ്പാറ എന്ന തൂലിക നാമത്തിൽ എഴുതുന്ന കഥാകൃത്ത് സലീം മുള്ളമ്പാറയുടെ വിവിധ പുസ്തകങ്ങളുടെ പ്രകാശനം ജിദ്ദയിൽ നടന്നു.ജിദ്ദ മല്ലൂസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സര്ഗസദസ്സില് പത്രപ്രവർത്തകനായ മുസാഫിർ, ജിദ്ദയിലെ ബ്ലോഗർ ബഷീർ വള്ളിക്കുന്നിന് 'മലപ്പുറം കിസ്സ' എന്ന നോവലിൻ്റെ കോപ്പി നൽകി പ്രകാശനം ചെയ്തു.
പ്രവാസത്തിന്റെ നോവും വേവും സത്യസന്ധതയോടെ അവതരിപ്പിച്ച എഴുത്തുകാരനാണ് മീലാസെന്നും ബാല്യ കൗമാരങ്ങളുടെ ഓർമകളിലേക്കുള്ള പിൻ നടത്തമാണ് അദ്ദേഹത്തിന്റെ മലപ്പുറം കിസ്സയെന്ന നോവൽ അടയാളപ്പെടുത്തുന്നതെന്ന് മുസാഫിർ അഭിപ്രായപ്പെട്ടു.
സലീം മുള്ളമ്പാറയുടെ 'വസന്തം വരാതിരിക്കില്ല' എന്ന കവിതാ സമാഹാരം, ഡോക്ടർ ഇന്ദു, പ്യാരി ടീച്ചർക്കും, സലീന മുസാഫിറിനും മറ്റൊരു കഥാസമാഹാരമായ ചുവന്ന മനുഷ്യരുടെ നഗരമെന്ന പുസ്തകം കബീർ കൊണ്ടോട്ടിയും, കെ.ടി.എ മുനീറും സംയുക്തമായി ഗായകൻ മിർസ ഷരീഫിനും മുസ്തഫ തോളുരിനും നൽകി പ്രകാശനം നിർവഹിച്ചു. മീലാസിൻ്റെ കവിതാസമാഹരത്തിലൂടെ ഒരു ഹൃസ്വ സഞ്ചാരം നടത്തി തനിക്ക് പ്രിയപ്പെട്ട കവിതകൾ ഏതെല്ലാമാണെന്ന് ഡോക്ടർ ഇന്ദു സദസ്സുമായി പങ്കുവെച്ചു. വായന മരിക്കുന്നില്ല എന്നതിൻ്റെ തെളിവാണ് പുസ്തക പ്രകാശനചടങ്ങിലെ നിറഞ്ഞ സദസ് പ്രകടമാക്കുന്നതെന്ന് ബഷീർ വള്ളിക്കുന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ ചൂണ്ടിക്കാട്ടി. ലത്തീഫ് എൻ കൺഫർട്ട്സ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മിർസ ഷരീഫ്, കബീർ കൊണ്ടോട്ടി, കെ.ടി.എ മുനീർ, ജാഫറലി പാലക്കോട്, അബ്ദുല്ല മുക്കണ്ണി, പ്യാരിമിർസ, സലീന മുസാഫിർ, അസൈൻ ഇല്ലിക്കൽ, ജുനൈസ് കാപ്പിൽ, മുസ്തഫ തോളൂർ, വാസു ഹംദാൻ, നൗഷാദ് ചാത്തല്ലൂർ, ജനാസർ, അരുവി മോങ്ങം, റസാഖ് മാസ്റ്റർ, നസീർ വാവ കുഞ്ഞ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സന്തോഷ് കളക്കാട്ട്, അനീസ് പുഴക്കാട്ടിരി എന്നിവർ ഗാനമാലപിച്ചു . കഥാകൃത്ത്സലീം മീലാസിനുള്ള ജിദ്ദ മല്ലൂസിൻ്റെ ഉപഹാരം യൂസുഫ്, ഫസലു, യസിൻ എന്നിവർ ചേർന്ന് നൽകി. സലീം മുള്ളമ്പാറ സമാപന പ്രസംഗം നടത്തി. മലപ്പുറത്തുള്ള പൊതു വയനാശാലയാണ് ചെറുപ്പം മുതലേ തന്നെ വായനാലോകത്തെത്തിച്ചതെന്നും പ്രവാസം ആരംഭിച്ചപ്പോൾ ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിനാണ് എഴുത്ത് മേഖലയിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മാധ്യമങ്ങളിൽ താൻ എഴുതാറുമുണ്ടെന്നും 'ഗൾഫ് മാധ്യമ' ത്തിൽ തന്റെ ലേഖനങ്ങളും, കവിതകളും വെളിച്ചം കണ്ടിട്ടുള്ളതും ഏറെ സന്തോഷം നൽകി. പ്രവാസി സുഹൃത്തുക്കളുടെ വർധിച്ച പിന്തുണകൂടി ഗ്രന്ഥ രചനകൾക്ക് ഏറെ പ്രചോദനമായെന്നും അവരോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഷമീം ടീച്ചർ പരിപാടിയുടെ അവതാരകയായിരുന്നു. അയ്യൂബ് മാസ്റ്റർ സ്വാഗതവും അദ്നു ഷബീർ നന്ദിയും പറഞ്ഞു.

