സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്ത്തുത്സവം
text_fieldsഅബൂദബി: സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംഘടിപ്പിച്ച വാര്‍ഷിക കൂട്ടായ്മയായ ‘കൊയ്ത്തുത്സവം 2026’ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ആഘോഷങ്ങളില്‍ 5,000ലധികം പേര്‍ പങ്കെടുത്തു. യു.എ.ഇയുടെ ‘2026 - കുടുംബ വര്‍ഷം’ എന്ന ആശയത്തെ മുഖ്യ പ്രമേയമാക്കിയായിരുന്നു ഇത്തവണത്തെ പരിപാടികള്‍.
വിശുദ്ധ കുര്‍ബാനക്ക് ശേഷം ‘ജോര്‍ജിയന്‍ ഭജന്‍സ്’ അവതരിപ്പിച്ച ഭക്തികീര്‍ത്തനാലാപത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ‘അമേരിക്കന്‍ ലേലം’, നാടന്‍ ഭക്ഷണ സ്റ്റാളുകള്‍ എന്നിവ ശ്രദ്ധേയമായി. കത്തീഡ്രല്‍ വികാരി ഫാ. ഗീവര്‍ഗീസ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന പൊതുസമ്മേളനത്തില്‍ കൊയ്ത്തുത്സവത്തിന്‍റെ കഴിഞ്ഞ അഞ്ചു ദശാബ്ദത്തെ ചരിത്രവും വളര്‍ച്ചയും അവതരിപ്പിച്ചു.
ചടങ്ങില്‍ മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ജോണി ആന്‍റണി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര പിന്നണിഗായകന്‍ കെ.ജി. മാര്‍ക്കോസ്, എന്‍.ടി.വി. ചെയര്‍മാന്‍ മാത്തുക്കുട്ടി ജോസഫ് കഡോണ്‍, കത്തീഡ്രല്‍ അസി. വികാരി ഫാ. നിതിന്‍ മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായി സംസാരിച്ചു.
കത്തീഡ്രല്‍ ട്രസ്റ്റി സാം ജി. ഡാനിയേല്‍, സെക്രട്ടറി സന്തോഷ് ജോര്‍ജ്, ജോ. ഫിനാന്‍സ് കണ്‍വീനര്‍ അജു തങ്കച്ചന്‍, ജോ. ജനറല്‍ കണ്‍വീനര്‍ ബിജോ വര്‍ഗീസ് തുടങ്ങിയവർ നേതൃത്വത്തില്‍ കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, വിവിധ സബ് കമ്മിറ്റികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ സജീവമായിരുന്നു.

