ബഹിരാകാശ പേടകം തകർന്ന് കഞ്ചാവും ചിതാഭസ്മവും കടലിൽ പോയി, 160 കുടുംബങ്ങളോട് മാപ്പ് പറഞ്ഞ് സ്റ്റാർട്ടപ്പ് കമ്പനി
text_fieldsബഹിരാകാശം മനുഷ്യന്‍റെ പുതിയ പരീക്ഷണശാലയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച ഏറെ മുന്നേറ്റമുണ്ടാക്കിയ മേഖലയാണ് ബഹിരാകാശ പര്യവേഷണം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് മുതൽ അന്യഗ്രഹങ്ങളിൽ ജീവന്‍റെ സാധ്യതകൾ തിരയൽ വരെ തകൃതിയായി നടക്കുന്നുണ്ട്. അതിനിടെയുണ്ടാകുന്ന ചെറിയ ചില പരാജയങ്ങളെയും തകർച്ചകളെയുമൊക്കെ വിജയത്തിലേക്കുള്ള ചവിട്ടുപടികളായി മാത്രമേ ശാസ്ത്രലോകം കാണുന്നുള്ളൂ.
പറഞ്ഞുവന്നത് ഇക്കഴിഞ്ഞ ജൂൺ 24ന് ശാന്തസമുദ്രത്തിൽ തകർന്നുവീണ നിക്സ് (Nyx) കാപ്സ്യൂളിനെ കുറിച്ചാണ്. പേടകം തകർന്നപ്പോൾ സമുദ്രത്തിൽ നഷ്ടമായത് കൗതുകകരമായ രണ്ട് വസ്തുക്കളാണ് -അൽപം കഞ്ചാവ് വിത്തും 160 മനുഷ്യരുടെ മൃതദേഹാവശിഷ്ടവും! ഇവ രണ്ടും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ദൗത്യമാണ് പരാജയപ്പെട്ട് കടലിൽ വീണത്.
ജർമൻ സ്റ്റാർട്ടപ്പ് കമ്പനിയായ 'ദ എക്സ്പ്ലൊറേഷൻ കമ്പനി'യുടെ 'മിഷൻ പോസ്സിബിൾ' എന്ന ദൗത്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു കഞ്ചാവും മനുഷ്യ അവശേഷിപ്പുകളും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. സ്പേസ് എക്സിന്‍റെ പങ്കാളിത്തത്തോടെ യു.എസിലെ കലിഫോർണിയയിലെ വാൻഡെർബർഗ് എയർഫോഴ്സ് ബേസിൽ നിന്ന് ജൂൺ 24നായിരുന്നു വിക്ഷേപണം. 'മാർഷ്യൻ ഗ്രോ' എന്ന പ്രൊജക്ടിന്‍റെ ഭാഗമായാണ് കഞ്ചാവ് വിത്തുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. ഭൂഗുരുത്വമില്ലായ്മ ചെടികളുടെ മുളയ്ക്കലിനെയും പ്രതിരോധ ശേഷിയെയും എത്രത്തോളം ബാധിക്കുമെന്നും ഭൂമിക്കു പുറത്തുള്ള അന്തരീക്ഷത്തിൽ ജീവന് എങ്ങനെ നിലനിൽക്കാനാകുമെന്നതും സംബന്ധിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം.
അതേസമയം, മനുഷ്യന്‍റെ മൃതദേഹാവശിഷ്ടം കൊണ്ടുപോയത് മറ്റൊരു കാര്യത്തിനായിരുന്നു, അവയെ ബഹിരാകാശത്തെ ശൂന്യതയിൽ ലയിപ്പിക്കാൻ. അവരുടെ ഓർമകൾ അനശ്വരമായി നിലനിർത്താൻ. സെലസ്റ്റിസ് എന്ന ടെക്സസിലെ ഒരു സ്ഥാപനമാണ് ചിതാഭസ്മം, അല്ലെങ്കിൽ മൃതദേഹാവശിഷ്ടം ബഹിരാകാശത്ത് എത്തിക്കാൻ കരാറെടുത്തത്. 160 പേരുടെ മൃതദേഹാവശിഷ്ടമാണ് ഇത്തരത്തിൽ പേടകത്തിലുണ്ടായിരുന്നത്. എന്നാൽ, പേടകം വിക്ഷേപിച്ച് തൊട്ടടുത്ത ദിവസം, ജൂൺ 24ന് തകർന്ന് സമുദ്രത്തിൽ വീഴുകയായിരുന്നു.
'ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ക്ഷമചോദിക്കുകയാണ്' ദ എക്സ്പ്ലൊറേഷൻ കമ്പനി കുടുംബങ്ങളെ അറിയിച്ചു. ഇന്നത്തെ പരാജയം നാളത്തെ വിജയത്തിന്‍റെ ചവിട്ടുപടിയായും ദൗത്യത്തിന്‍റെ വെല്ലുവിളികൾ മനസ്സിലാക്കാനുള്ള അവസരമായും കാണുകയാണെന്ന് കമ്പനി പറഞ്ഞു. എത്രയും വേഗം ദൗത്യം പുനരാരംഭിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മരണാന്തരം ചിതാഭസ്മമോ ഡി.എന്‍.എയോ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന 'മെമ്മോറിയൽ ബഹിരാകാശ യാത്രകൾ'ക്ക് പ്രചാരമേറുകയാണ്. അനന്തവും അജ്ഞാതവുമായ ഈ പ്രപഞ്ചത്തിൽ അവശേഷിപ്പുകൾ എല്ലാക്കാലവും നാശമില്ലാതെ നിലനിർത്തുകയെന്ന മനുഷ്യന്‍റെ ആഗ്രഹപൂർത്തീകരണമാകുകയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.