അഭിമാനത്തിന്റെ ആകാശം തൊട്ട്: സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്–3 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ
text_fieldsസി.എം.എസ്–3യുടെ വിക്ഷേപണത്തിൽ നിന്ന്
തിരുവനന്തപുരം: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ സി.എം.എസ്–3യുടെ വിക്ഷേപണം വിജയം. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ‘ബാഹുബലി’ എന്നുകൂടി അറിയപ്പെടുന്ന മാർക്ക് 3-എം5 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3-എം5 -എൽ.വി.എം3-എം5) റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓര്‍ബിറ്റിലേക്കു വിക്ഷേപിക്കുന്ന ഏക്കാലത്തെയും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണിത്. 4,410 കിലോയാണ് സി.എം.എസ്–3യുടെ ഭാരം.
24 മണിക്കൂർ നീണ്ടുനിന്ന കൗണ്ട്ഡൗണിന് ശേഷമാണ് 43.5 മീറ്റർ നീളമുള്ള മാർക്ക് 3-എം5 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപിച്ച് ഇരുപത് മിനിറ്റിനുള്ളിൽ സി.എം.എസ്-3 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് ഭ്രമണപഥത്തിലെത്തി.
നാവിക സേനയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് സി.എം.എസ്–3. ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്‍റെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് പുതിയത് വിക്ഷേപിക്കുന്നത്. നാവിക സേനയുടെ കരയിലുള്ള വിവിധ കമാന്‍ഡ് സെന്ററുകളും വിമാനവാഹനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹങ്ങളും തമ്മിലുള്ള വാര്‍ത്ത വിനിമയം ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ദേശസുരക്ഷയില്‍ ഏറെ നിര്‍ണായകമാണ്. ഇതുകൊണ്ടുതന്നെ ഉപഗ്രഹത്തിന്റെ വിശദാംശങ്ങളൊന്നും ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നില്ല.
ഈ വര്‍ഷം നടത്തിയ മൂന്നു വിക്ഷേപണങ്ങളില്‍ രണ്ടും പരാജയപ്പെട്ടതിനാല്‍ അതീവ ശ്രദ്ധയോടെയായിരുന്നു ഇക്കുറി തയ്യാറെടുപ്പുകൾ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 29,970 കിലോമീറ്റർ x 170 കിലോമീറ്റർ ട്രാൻസ്ഫർ ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുക. അടുത്തിടെ വിക്ഷേപിച്ച എന്‍.വി.എസ്–2 ഉം ഇ.ഒ.എസ്–9ഉനുമുണ്ടായ അപ്രതീക്ഷിത പരാജയങ്ങളിൽ നിന്ന് ഇസ്റോയുടെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നതാണ് സി.എം.എസ്–3യുടെ വിജയം.
ഭാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നുവെന്നതും ദൗത്യത്തിന്റെ പ്രത്യേകതയാണ്. സ്വകാര്യ ലോഞ്ചറുകളുടെ സഹായത്തോടെയാണ് ഇതുവരെ രാജ്യം ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിയിരുന്നത്. 5,854 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 11 ഉം 4,181 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -24 ഉം ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ ഏരിയനാണ് വിക്ഷേപിച്ചത്. എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് കഴിഞ്ഞ വർഷം 4,700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -20 ഉപഗ്രഹം ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിലെത്തിച്ചത്.
ഐ.എസ്.ആർ.ഒയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് മാർക്ക് 3-എം5. റോക്കറ്റിന്റെ പരിഷ്‍കരിച്ച പതിപ്പിലാവും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുക. ആശയവിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ്-19, ജി.സാറ്റ്-29 എന്നിവക്ക് പുറമേ, ചന്ദ്രയാൻ -2, ചന്ദ്രയാൻ -3 എന്നിവയെ ബഹിരാകാശത്തെത്തിച്ച വിക്ഷേപണ വാഹനമാണിത്. അഭിമാനകരമായ നേട്ടത്തിൽ ഐ.എസ്.ആർ.ഒയെ ശാസ്ത്ര സാങ്കേതിക വകുപ്പമന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവന്നുവെന്നും വിക്ഷേപണത്തോട് സഹകരിച്ച എല്ലാവരോടും നന്ദിയെന്നുമായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

