ചരിത്രം കുറിക്കാൻ ഇന്ത്യൻ പൗരൻ ശുഭാൻഷു ശുക്ല; ആക്സിയം-4 മേയ് 29ന് ബഹിരാകാശ നിലയത്തിലേക്ക് കുതിക്കും
text_fieldsശുഭാൻഷു ശുക്ല
ന്യുഡൽഹി: ആകാശ യാത്രക്കായുള്ള ഇന്ത്യയുടെ നാലുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ഉത്തർപ്രദേശിലെ ലഖ്നോ സ്വദേശി ശുഭാൻഷു ശുക്ല മേയ് 29ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) കുതിക്കും. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരിലൊരാളായ ശുക്ല ഏതാനും മാസങ്ങളായി നാസക്കു കീഴിൽ പരിശീലനത്തിലാണ്.
നാസ, സ്പേസ് എക്സ് എന്നിവയുമായി സഹകരിച്ച് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസിന്റെ ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് ശുക്ലയുടെ ആകാശയാത്ര. നാല് യാത്രികരെയും വഹിച്ച് ആക്സിയം -4 പേടകം മേയ് 29ന് കെന്നഡി സ്പേസ് സെന്ററിൽനിന്ന് കുതിക്കുമെന്ന് ആക്സിയം സ്പേസ് കമ്പനി വക്താവ് അറിയിച്ചു.

ശുഭാൻഷു ശുക്ലയും സഹയാത്രികരും
രാകേഷ് ശർമക്കു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശ യാത്രക്കായി തിരഞ്ഞെടുക്കപ്പെടുന്നത്. 1984ലെ രാകേഷ് ശർമയുടെ യാത്രക്കുശേഷം കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജർ ഐ.എസ്.എസിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവരാരും ഇന്ത്യൻ പൗരരായിരുന്നില്ല.
ഇതിനകം നാലുതവണ ഐ.എസ്.എസിലെത്തുകയും 675 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്ത പെഗി വിറ്റ്സൺ എന്ന യാത്രികയാണ് ആക്സിയം -4ന്റെ കമാൻഡർ. തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കൻ യാത്രിക കൂടിയാണ് പെഗി വിറ്റ്സൺ.
പോളണ്ടുകാരനായ സ്റ്റാവോസ്, ഹംഗറിയിൽ നിന്നുള്ള തിബോർ കാപു എന്നിവരാണ് മറ്റു യാത്രികർ. ശുക്ലയെപ്പോലെത്തന്നെ ഇരുവരും അതതു രാജ്യങ്ങളിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികരാണ്. 14 ദിവസമാകും യാത്രികർ ഐ.എസ്.എസിൽ ചെലവഴിക്കുക. ഈ ദിവസങ്ങളിൽ നിരവധി പരീക്ഷണങ്ങൾ ഇവർ നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.