'നിസാർ' വിക്ഷേപണം ജൂണിൽ; ഐ.എസ്.ആർ.ഒയും നാസയും കൈകോർക്കുന്ന ദൗത്യം
text_fieldsRepresentational Image
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയും അമേരിക്കയുടെ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ (നാസ-ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ) ജൂണിൽ വിക്ഷേപിക്കും. ആദ്യമായാണ് ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി ഇത്തരമൊരു ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഈ വർഷം ജൂണിൽ ദൗത്യത്തിന്‍റെ വിക്ഷേപണമുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്ങിനെ അറിയിക്കുകയായിരുന്നു.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് 'നിസാർ' വിക്ഷേപണത്തോടടുക്കുന്നത്. നേരത്തെ നിരവധി തിയതികൾ പറഞ്ഞിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ വിക്ഷേപണം വൈകുകയായിരുന്നു. അതേസമയം, കൃത്യമായ തിയതി തീരുമാനിച്ചിട്ടില്ല. ജി.എസ്.എൽ.വി റോക്കറ്റാണ് നിസാറിനെ ഭ്രമണപഥത്തിലെത്തിക്കുക.
കാർഷിക ഭൂപടങ്ങൾ, മണ്ണിടിച്ചില്‍ - ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ, ഹിമാലയ പർവതത്തിലെ മഞ്ഞുരുകലിന്‍റെ വ്യാപ്തി, ഭൂമിയിലെ ആവാസ വ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവുടെ നിരീക്ഷണങ്ങൾക്കാണ് ‘നിസാർ’ ഉപഗ്രഹം ഉപയോഗിക്കുക.
ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പ് ഉയരൽ എന്നീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് സാധിക്കും. ഏത് കാലാവസ്ഥയിലും മേഘപാളികളെ മറികടന്ന് ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ ഉപഗ്രഹത്തിന് കഴിയും.
യു.എസിൽ നിർമാണം പൂർത്തിയാക്കിയ പേടകം 2023ൽ ബംഗളൂരുവിലേക്ക് കൊണ്ടുവന്നിരുന്നു. ടെസ്റ്റിങ്ങിനിടെ, ആന്‍റിനയിൽ തകരാർ കണ്ടതിനെ തുടർന്ന് യു.എസിലേക്ക് കഴിഞ്ഞ വർഷം തിരികെ അയച്ച പേടകം വീണ്ടും ഇന്ത്യയിലെത്തിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.