ഇനിയുള്ള രണ്ട് നാളുകൾ ആകാശത്ത് ഉൽക്കാപ്രവാഹം
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: ഇനിയുള്ള രണ്ട് നാളുകൾ (ആഗസ്റ്റ് 11, 12) പാതിരാവിനുശേഷം ആകാശത്ത് അതിമനോഹരമായ പെഴ്സിഡ് ഉൽക്കാപ്രവാഹം നിരീക്ഷിക്കാം. മഴ മേഘങ്ങൾ അല്പം മാറി നിന്നാൽ വെറും കണ്ണു കൊണ്ടുതന്നെ ഈ ഉൽക്കാ വർഷം വളരെ മനോഹരമായികാണാം. എല്ലാ വർഷവും ആഗസ്റ്റ് രണ്ടാം വാരത്തോട് അടുത്ത് ഈ പ്രവാഹം കാണാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രധാന്യം ഏറെ ശ്രദ്ധേയമാണ്. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് കറുത്ത വാവു ദിവസം ഈ ഉൽക്കാപ്രവാഹം അതിൻറെ പാരമ്യത്തിലെത്തുന്നത്.
ഇരുട്ടിന് കട്ടികൂടുന്നതിനനുസരിച്ച് ഉൽക്കകളുടെ തിളക്കം കൂടുന്നതായി കാണാം. പൊതുവെ വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായി പരിഗണിക്കപ്പെടുന്ന കർക്കടകവാവും അന്നേ ദിവസമാണ്. ഇന്ത്യയിൽ ദൃശ്യമല്ലെങ്കിലും ആഗസ്റ്റ് 12 ന് പൂർണ സൂര്യഗ്രഹണം കൂടിയാണ്. കേരളക്കാരെ സംബന്ധിച്ചിടത്തോളം ആഗസ്റ്റ് 12 ന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട ഗഗനചാരി അനിൽ മേനോനും കൂട്ടകാരും സഞ്ചരിക്കുന്ന അന്താരാഷ്ര ബഹിരാകാശനിലയം അന്നേ ദിവസം അതിരാവിലെ 5.15 മുതൽ 5. 19 വരെ തെക്കുപടിഞ്ഞാറൻ മാനത്ത് നിന്ന് വടക്കു കിഴക്കൻ മാനത്തേക്ക് സഞ്ചരിക്കുന്നത് കാണാം. ഏതാണ്ട് നാലു മിനിറ്റ് ശുക്ര ഗ്രഹത്തോളം തിളക്കത്തിൽ ഇത് കാണപ്പെടും. ഭൂമി അതിന്റെ സൂര്യനു ചുറ്റുമുള്ള സഞ്ചാരപാതയിൽ, 'സ്വിഫ്റ്റ്-ടട്ടിൽ' (Swift-Tuttle) എന്ന വാൽനക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഈ ഉൽക്കാപ്രവാഹം ഉണ്ടാകുന്നത്.
ഈ അവശിഷ്ടങ്ങൾ അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഘർഷണം മൂലം കത്തുകയും ചെയ്യുമ്പോഴാണ് ആകാശത്ത് തീയ്യമ്പുകൾ പോലെ ഉൽക്കകൾ കാണപ്പെടുന്നത്. സാധാരണ ദിവസങ്ങളിൽ മണിക്കൂറിൽ 5-8 ഉൽക്കകളെ കാണാമെങ്കിലും ഉൽക്കാപ്രവാഹ സമയങ്ങളിൽ ഇത് വളരെ കൂടുതലായി കാണാം. പെഴ്സിഡ് പ്രവാഹത്തിൽ മണിക്കൂറിൽ 50-100 ഉൽക്കൈ വരെ കാണാറുണ്ടെന്ന് അമച്വർ വാനനിരീക്ഷകനും കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
ഇക്കാലത്ത് പാതിരാവിന് ശേഷം ശേഷം വടക്ക് കിഴക്കൻ മാനത്ത് ഉദിക്കുന്ന പെഴ്സ്യൂസ് നക്ഷത്ര ഗണത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഈ പ്രവാഹം വരുന്നതായി കാണപ്പെടുക. അതുകൊണ്ടാണിതിന് പെഴ്സിഡ് എന്ന പേര് കിട്ടിയത്. നാം കാണുന്ന ഉൽക്കകൾ അധികവും ഏതാണ്ട് 70-100 കി.മീ ഉയരത്തിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

