കുവൈത്തിൽ മത്സ്യങ്ങളുടെ ‘കൂട്ടകൊലക്ക്’ കാരണമാകുന്ന സൂക്ഷ്മ ആൽഗകളെ കണ്ടെത്തി
text_fieldsഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മനാൽ അൽ കന്ദരി, മൈക്രോ ആൽഗകളുടെ സൂക്ഷ്മചിത്രം
കുവൈത്ത് സിറ്റി: കുവൈത്ത് ജലാശയങ്ങളിൽ റെഡ് ടൈഡ് പ്രതിഭാസത്തിനും മത്സ്യങ്ങളുടെ മരണത്തിനും കാരണമാകുന്ന സൂക്ഷ്മ ആൽഗകളെ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് കണ്ടെത്തി. പ്രതികൂലമായ മൂന്ന് ഇനങ്ങളെ തിരിച്ചറിഞ്ഞതായും വർഷങ്ങളായി നീണ്ടുനിന്ന ശാസ്ത്രീയ ആലോചനകൾക്ക് പരിഹാരമായതായും പഠനത്തിലെ പ്രധാനിയായ ഡോ. മനാൽ അൽ കന്ദരി പറഞ്ഞു. 1999-ൽ കുവൈത്തിൽ നടന്ന ഏറ്റവും വലിയ മത്സ്യകുരുതിക്ക് കാരണമായ കെ.പാപ്പിലിയോണേഷ്യ, കെ. സെല്ലിഫോർമിസ് എന്നീ രണ്ട് വിവാദ സ്പീഷീസുകളുടെ സാന്നിദ്ധ്യം പഠനം സ്ഥാപിച്ചതായി അൽ കന്ദരി കൂട്ടിച്ചേർത്തു.
കുവൈത്ത് സമുദ്രതീരങ്ങളിലും അറേബ്യൻ ഗൾഫ് മേഖലയിലും ആദ്യമായി കാർലോഡിനിയം ബല്ലാന്റിനം എന്ന ഇനത്തെ രേഖപ്പെടുത്തിയതാണ് പഠനത്തിന്റെ ഏറ്റവും ശ്രദ്ധേയം. സമുദ്ര ഗവേഷണ മേഖലയിൽ രാജ്യത്തിന് ഇത് ഒരു തന്ത്രപരമായ ശാസ്ത്രീയ നേട്ടമാണെന്നും ഡോ. മനാൽ അൽ കന്ദരി കൂട്ടിച്ചേർത്തു. സമുദ്ര ഗവേഷണ പദ്ധതികൾക്ക് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ് നൽകുന്ന ശക്തമായ പിന്തുണയെ അവർ പ്രശംസിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഇത്തരം പഠനങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടികാട്ടി.
ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം ഡെൻമാർക്കിലെ കോപൻഹേഗൻ സർവകലാശാലയുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. പഠനം ശാസ്ത്ര ജേണലായ ബൊട്ടാണിക്ക മറീനയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ സമുദ്ര പരിസ്ഥിതിയെയും മത്സ്യമേഖലയേയും സംരക്ഷിക്കാനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ജലാശയങ്ങളിൽ ഫലപ്രദമായ മുൻകൂർ സംവിധാനങ്ങൾ വികസിപ്പിക്കാനും സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.