ചൊവ്വയിൽ 'പവിഴപ്പുറ്റ്' പാറ; കോടിക്കണക്കിന് വർഷം പഴക്കമുള്ള പാറയുടെ ചിത്രം പങ്കുവെച്ച് നാസ
text_fieldsപവിഴപുറ്റ് പാറ
ഒറ്റനോട്ടത്തിൽ സമുദ്രത്തിന്‍റ അടിത്തട്ടിൽനിന്ന് പകർത്തിയ പവിഴപ്പുറ്റിന്‍റെ ചിത്രമാണെന്ന് തോന്നുമെങ്കിലും ചിത്രം ചൊവ്വയിൽ നിന്നുള്ളതാണ്. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റിയാണ് ചൊവ്വയിൽ പവിഴപ്പുറ്റ് പോലുള്ള പാറയുടെ ചിത്രം പകർത്തിയിരിക്കുന്നത്. കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പാറയാണിത്. പവിഴപ്പുറ്റുകളുടെ ഒരു കഷണം പോലെയാണ് ഇത് കാണപ്പെടുന്നത്. ഗെയ്ല്‍ ഗര്‍ത്തത്തിലാണ് ഇളം നിറത്തിലുള്ള ഈ പാറ കണ്ടെത്തിയിരിക്കുന്നതെന്ന് നാസ വ്യക്തമാക്കി.
ഈ പാറക്ക് ഒരു ബില്യൺ വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്ന് നാസ പറഞ്ഞു. പാറയുടെ നിറമില്ലാത്ത ചിത്രം എടുത്തത് ക്യൂരിയോസിറ്റിയുടെ റിമോട്ട് മൈക്രോ ഇമേജർ ആണ്. റോവറിൽ ഘടിപ്പിച്ചിരിക്കുന്ന ഉയർന്ന റെസല്യൂഷൻ ഉള്ള ടെലിസ്കോപ്പിക് കാമറയാണിത്. ഏകദേശം 1 ഇഞ്ച് വീതിയുള്ള (2.5 സെന്റീമീറ്റർ) ഈ പാറക്ക് സാധാരണ സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന പവിഴപ്പുറ്റിനെ പോലെ ശാഖകളുണ്ട് .
കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ചൊവ്വയിൽ ജലം നിലനിന്നിരുന്നപ്പോൾ രൂപപ്പെട്ട ഇതുപോലുള്ള നിരവധി ചെറിയ സവിശേഷതകൾ ക്യൂരിയോസിറ്റി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്ന് നാസ പറഞ്ഞു. ധാതുക്കള്‍ കലര്‍ന്ന വെള്ളം പാറയുടെ വിള്ളലുകളില്‍ പ്രവേശിക്കുകയും പിന്നീട് ഉണങ്ങുകയും ചെയ്തിരുന്നു. കാറ്റടിച്ച് പാറകള്‍ മണല്‍ത്തരികളായി പോയതോടെ ഇന്നുകാണുന്ന അതുല്യരൂപങ്ങള്‍ ബാക്കിയാവുകയായിരുന്നുവെന്ന് നാസ പറയുന്നു. ഭൂമിയില്‍ വളരെ സാധാരണയായി കാണപ്പെടുന്നതാണ് ഈ പ്രക്രിയയെന്നും നാസ വ്യക്തമാക്കി.
കഴിഞ്ഞ മാസം നാസയുടെ ക്യൂരിയോസിറ്റി റോവർ സമാനമായ ഒരു വസ്തുവിനെ കണ്ടെത്തിയിരുന്നു. 'പാപ്പോസോ' എന്ന് വിളിപ്പേരുള്ള വിചിത്രമായ ആകൃതിയിലുള്ള ഈ പാറക്ക് ഏകദേശം 2 ഇഞ്ച് (5 സെന്റീമീറ്റർ) വലിപ്പമുണ്ട്. 2022ൽ പൂവിന്റെ ആകൃതിയിലുള്ള മറ്റൊരു പാറ കണ്ടെത്തിയിരുന്നു. ചൊവ്വയിലെ ദൗത്യത്തിന് നേതൃത്വം നൽകുന്ന നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് ക്യൂരിയോസിറ്റി റോവർ നിർമ്മിച്ചത്. ക്യൂരിയോസിറ്റി 2012ലാണ് ചൊവ്വയിൽ ഇറങ്ങിയത്. ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ചൊവ്വയിലെ വാസയോഗ്യമായ അന്തരീക്ഷത്തിന്റെ രാസ, ധാതു തെളിവുകൾ റോവർ കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.