ബഹിരാകാശ നിലയത്തെ സമുദ്രത്തിലിറക്കാൻ ഒരുങ്ങി നാസ; പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ
text_fieldsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പദ്ധതിയിലാണ് നാസ. എന്നാൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വിദഗ്ധരിൽ നിന്നും ശക്തമായ എതിർപ്പുകളാണ് ഉയരുന്നത്. നാസയുടെ ഈ നീക്കം ഗുരുതരമായ പാരിസ്ഥിതിക, നിയമപരമായ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.
2000 മുതൽ പ്രവർത്തനസജ്ജമായ ഐ.എസ്.എസ് 2030ഓടെ ഭൂമിയിലെത്തിക്കാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സ് വികസിപ്പിച്ചെടുക്കുന്ന പ്രത്യേക യുഎസ് ഡീഓർബിറ്റ് വെഹിക്കിൾ ഉപയോഗിച്ച് നിലയത്തെ നിയന്ത്രിതമായി അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിക്കുകയും, ബഹിരാകാശ പേടകങ്ങളുടെ ശ്മശാനം എന്നറിയപ്പെടുന്ന ദക്ഷിണ പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോയിലേക്ക് പതിപ്പിക്കുകയുമാണ് നാസയുടെ പദ്ധതി. ജനവാസ മേഖലകളിലെ അപകടസാധ്യത ഒഴിവാക്കാനാണ് ലോകത്ത് കരയിൽ നിന്ന് ഏറ്റവും അകലെയുള്ള ഈ ഭാഗം തിരഞ്ഞെടുത്തത്. എങ്കിലും, ഈ പദ്ധതിക്കെതിരെ ദ ഓഷ്യൻ ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകൾ
- ബഹിരാകാശ അവശിഷ്ടങ്ങൾ കരയിൽ നാശനഷ്ടമുണ്ടാക്കിയാൽ നഷ്ടപരിഹാരം നൽകണമെന്ന് അന്താരാഷ്ട്ര ഉടമ്പടികളിൽ വ്യവസ്ഥയുണ്ട്. എന്നാൽ, സമുദ്രത്തിന്റെ കാര്യത്തിൽ അത്തരം സംരക്ഷണങ്ങളോ നിയമങ്ങളോ നിലവിലില്ല.
- നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വെച്ച് കത്തിനശിക്കുമെങ്കിലും, സാന്ദ്രത കൂടിയ ഭാഗങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ പതിക്കാൻ സാധ്യതയുണ്ട്. ഇവ സമുദ്ര ആവാസവ്യവസ്ഥയിൽ എന്ത് മാറ്റങ്ങളുണ്ടാക്കുമെന്ന് വ്യക്തമല്ല.
- സമുദ്രത്തിൽ പതിക്കുന്ന അവശിഷ്ടങ്ങൾ ഏതൊക്കെയാണെന്നും, അവയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ എന്താണെന്നും നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
- ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രിത ബഹിരാകാശ പേടക തിരിച്ചിറക്കലായിരിക്കും ഇത്. ഇത് അന്തരീക്ഷത്തിൽ ഉണ്ടാക്കാൻ പോകുന്ന ആഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമുദ്രം വിദൂരത്താണെന്നതുകൊണ്ട് അതിന് മൂല്യമില്ലെന്നോ അവിടെ പ്രശ്നങ്ങളില്ലെന്നോ അർത്ഥമില്ല എന്ന് ഓഷ്യൻ ഫൗണ്ടേഷൻ പ്രസിഡന്റ് മാർക്ക് സ്പാൽഡിംഗ് പറഞ്ഞു. നാസയും അന്താരാഷ്ട്ര ഏജൻസികളും വിശദമായ പാരിസ്ഥിതിക പഠനം നടത്തണമെന്നും, സമുദ്രത്തിൽ പതിക്കാൻ പോകുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. വരുംകാലങ്ങളിൽ ബഹിരാകാശ നിലയങ്ങൾ ഉൾപ്പെടെയുള്ള കൂറ്റൻ വസ്തുക്കളെ സുരക്ഷിതമായും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും എങ്ങനെ നീക്കം ചെയ്യാം എന്നത് ആഗോള ബഹിരാകാശ വ്യവസായത്തിന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

