‘നൈസാർ’ ഉപഗ്രഹ വിക്ഷേപണം വിജയകരം; ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കും
text_fieldsബംഗളൂരു: ഭൗമോപരിതലത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ചേർന്ന് നിർമിച്ച ‘നൈസാർ’ (നാസ-ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ.
ബുധാഴ്ച വൈകീട്ട് 5.40ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി എഫ് -16 റോക്കറ്റിലേറിയായിരുന്നു നൈസാറിന്റെ കുതിപ്പ്. മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കി വിക്ഷേപണത്തിന്റെ 19ാം മിനിറ്റിൽ ഭൂമിയിൽനിന്ന് 745.5 കിലോമീറ്റർ അകലെ സൗര സ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ചു.
ശ്രീഹരിക്കോട്ടയിൽനിന്നുള്ള 102ാം വിക്ഷേപണമായിരുന്നു ഇത്. ജി.എസ്.എൽ.വി റോക്കറ്റിന്റെ 18ാമത്തെ ദൗത്യവും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 12ാമത്തെ വിക്ഷേപണവും കൂടിയായിരുന്നു നൈസാർ ദൗത്യം.
ഐ.എസ്.ആർ.ഒയും നാസയും ചേർന്ന ആദ്യദൗത്യമാണ് ‘നൈസാർ’. 2014ൽ രൂപപ്പെടുത്തിയ കരാർ പ്രകാരം ദൗത്യ ചെലവ് ഇരു ഏജൻസികളും പാതിയായി പങ്കിടും. ഏകദേശം 12,500 കോടിയാണ് (1.5 ബില്യൺ ഡോളർ) ചെലവ്. അഞ്ചു വർഷമായി ഇതിന്റെ പരീക്ഷണഘട്ടങ്ങൾ നടന്നുവരുകയായിരുന്നു.
സൗര-സ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾപോലും നിരീക്ഷിക്കുകയാണ് നൈസാർ ഉപഗ്രഹത്തിന്റെ ലക്ഷ്യം. 2392 കിലോ ഭാരമുള്ള പേലോഡിൽ നാസയും ഐ.എസ്.ആർ.ഒയും നിർമിച്ച ഓരോ സിന്തറ്റിക് അപർച്ചർ റഡാറുകളാണ് (എസ്.എ.ആർ) ഉള്ളത്.
ഇതിൽ എസ് ബാൻഡ് റഡാർ ഐ.എസ്.ആർ.ഒയും എൽ ബാൻഡ് റഡാർ നാസയുമാണ് രൂപപ്പെടുത്തിയത്. ഉപഗ്രഹത്തിന്റെ സാറ്റലൈറ്റ് കമാൻഡുകളും പ്രവർത്തനങ്ങളും ഐ.എസ്.ആർ.ഒയും ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരത്തിന്റെ പ്ലാനും റഡാർ ഓപറേഷൻ പ്ലാനും നാസയുമാണ് തയാറാക്കിയത്. ഉപഗ്രഹം പൂർണമായി പ്രവർത്തനസജ്ജമാവാൻ മൂന്നു മാസമെടുക്കും.
അതേസമയം, ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടത്തുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചിട്ടുണ്ട്.
ആളില്ലാത്ത ക്രൂ മൊഡ്യൂൾ 'വ്യോംമിത്ര' എന്ന റോബോട്ടിനെയും വഹിച്ചാവും ഭ്രമണപഥത്തിലെത്തിക്കുക. തുടർന്ന് രണ്ട് ആളില്ലാ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷം 2027 മാർച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശയാത്ര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.