പരീക്ഷണ പുരോഗതി ഐ.എസ്.ആർ.ഒയുമായി പങ്കുവെച്ച് ശുഭാൻഷു ശുക്ല
text_fieldsഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
ബംഗളൂരു: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടത്തുന്ന പരീക്ഷണങ്ങളുടെ പുരോഗതി ഐ.എസ്.ആർ.ഒയുമായി പങ്കുവെച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ള ശുഭാൻഷു ശുക്ല ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പരീക്ഷണ വിവരങ്ങളും അനുഭവങ്ങളും പങ്കുവെച്ചത്. ജൂലൈ ആറിന് ഉച്ചകഴിഞ്ഞ് നടത്തിയ സംഭാഷണത്തിൽ ഐ.എസ്.ആർ.ഒ തനിക്ക് നൽകിയ പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു.
ബഹിരാകാശ നിലയത്തിൽ നടക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ അന്വേഷിച്ചു. ശുക്ല ഭൂമിയിൽ മടങ്ങിയെത്തിയശേഷം എല്ലാ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും സൂക്ഷ്മമായി രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന്റെ തയാറെടുപ്പുകളിൽ ഇത് വിലപ്പെട്ട ഉൾക്കാഴ്ചകളും അറിവുകളും നൽകുമെന്നും ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ നാരായണൻ കൂട്ടിച്ചേർത്തു.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മനുഷ്യനെയും വഹിച്ചുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. ശുഭാൻഷു ശുക്ലയുടെ ദൗത്യത്തിൽനിന്ന് ലഭിക്കുന്ന അനുഭവങ്ങളും അറിവും ഗഗൻയാൻ ദൗത്യത്തിന്റെ വിജയത്തിന് നിർണായകമായിരിക്കും. ഐ.എസ്.ആർ.ഒ-ആക്സിയം ബഹിരാകാശ ദൗത്യ കരാർ പ്രകാരമാണ് ശുഭാൻഷുവിന്റെ ബഹിരാകാശ ദൗത്യം നടപ്പിലാക്കിയത്.
ശുഭാൻഷുവുമായുള്ള ഫോൺ സംഭാഷണത്തിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറക്ടറും പ്രോഗ്രാം മാനേജ്മെന്റ് കൗൺസിൽ ഫോർ ഹ്യൂമൻ സ്പേസ് പ്രോഗ്രാമിന്റെ ചെയർമാനുമായ ഡോ. ഉണ്ണികൃഷ്ണൻ നായർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി) ഡയറക്ടർ എം. മോഹൻ, ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂനിറ്റ് (ഐ.ഐ.എസ്.യു) ഡയറക്ടർ ഇ.എസ്. പത്മകുമാർ, ഐ.എസ്.ആർ.ഒ ശാസ്ത്ര സെക്രട്ടറി എം. ഗണേഷ് പിള്ള, എൽ.പി.എസ്.സി മുൻ ഡയറക്ടർ എൻ. വേദാചലം തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.