സൂര്യനിൽ സൂപ്പർ സൺ സ്പോട്ട്…
text_fieldsകക്കോടി: മേയ് ആദ്യവാരത്തോടെ സൂര്യനിൽ അസാധാരണ വലുപ്പമുള്ള സൂര്യകളങ്കം (Sun spot) പ്രത്യക്ഷമായി. എ.ആർ 4079 എന്നറിയപ്പെടുന്ന ഈ സൂര്യകളങ്കത്തിന് ഭൂമിയുടെ ഏഴ് മടങ്ങോളം വലുപ്പം കാണുമെന്ന് വിലയിരുത്തുന്നു. ഇത് വെറും കണ്ണുകൊണ്ട് തന്നെ കാണാൻ കഴിയുമെങ്കിലും സുരക്ഷിതമായ സൗരഫിൽട്ടറുകൾ ഇല്ലാത സൂര്യനെ നോക്കുന്നത് അപകടമാണ്. ഇടക്കിടെ പ്രത്യക്ഷപ്പെടുന്നതും പരിസരത്തേക്കാൾ അൽപം താപനില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളാണ് സൂര്യകളങ്കങ്ങൾ.
ഇവ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളെന്നു പറയപ്പെടുന്നതായി അമച്വർ വാനനിരീക്ഷകനും അസ്ട്രോകോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഇതിൽനിന്ന് പുറത്തേക്ക് അതിശക്തമായ സൗരജ്വാലകൾ നാക്കുനീട്ടുന്നു. ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന ചാർജ് കണങ്ങൾ ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ സാരമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ധ്രുവപ്രദേശങ്ങളിൽ അറോറകൾ അഥവാ ധ്രുവദീപ്തികൾ ഉണ്ടാവാൻ ഇവ കാരണമാകുന്നുണ്ട്. കൂടാതെ വൈദ്യുതി വിതരണ ശൃംഖല തകിടം മറിക്കാനും ഉപഗ്രഹ വാർത്തവിനിമയ സംവിധാനത്തെ താളംതെറ്റിക്കാനും ഈ സമയത്തെ കണികപ്രവാഹത്തിന് കഴിയും. ഓരോ 11 വർഷത്തിലും സൗരകളങ്കങ്ങളുടെ എണ്ണം കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു. ഓരോ വർധനയും ഓരോ സൈക്കിളുകളായി അറിയപ്പെടുന്നു. അതുപ്രകാരം ഇപ്പോൾ സോളാർ സൈക്കിൾ 25 ആണ്. ഏതാനും വർഷം മുമ്പ് ആരംഭിച്ച ഈ സൈക്കിൾ ഈ വർഷമോ അടുത്ത വർഷമോ അതിന്റെ പാരമ്യത്തിലെത്താം. സാധാരണനിലയിൽ മിക്ക കളങ്കങ്ങളും ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമേ നിലനിൽക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.