ഉരുളക്കിഴങ്ങല്ല തക്കാളി; എന്നാൽ തക്കാളിയാണ് ഉരുളക്കിഴങ്ങ്! ഉരുളക്കിഴങ്ങ് ഉണ്ടായത് തക്കാളിയിൽ നിന്നെന്ന് പഠനം
text_fieldsഉരുളക്കിഴങ്ങും തക്കാളിയും
തെക്കേ അമേരിക്കയിലാണ് ലോകത്താദ്യം ഉരുളക്കിഴങ്ങ് മനുഷ്യർ കൃഷി ചെയ്തു തുടങ്ങിയത്, ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ്. കൃത്യമായി പറഞ്ഞാൽ ആൻഡസ് മേഖലയിൽ. 16ാം നൂറ്റാണ്ടോടെ ഉരുളക്കിഴങ്ങ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടർന്നു. ഇന്ന് എല്ലാ രാജ്യക്കാർക്കും പ്രിയപ്പെട്ട ഭക്ഷണമായി മാറിയിരിക്കുന്നു ഉരുളക്കിഴങ്ങ്.
ഇന്ത്യയിലും എല്ലാ സംസ്ഥാനക്കാർക്കും പ്രിയമാണ് ഉരുളക്കിഴങ്ങിനോട്. എന്നാൽ എവിടെ നിന്നാണീ ജനപ്രിയമായ ചെടിയുടെ ഉൽഭവം എന്നു ചിന്തിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്ന ഉത്തരം അത് നമ്മൾ മിക്കപ്പോഴും ഉരുളക്കിഴങ്ങിനൊപ്പം ഭക്ഷിക്കാറുള്ള തക്കാളിയിൽ നിന്നാണെന്നാണ്. കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാം. എന്നാൽ ശാസ്ത്രീയമായി ഇതു തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ന് ലോകത്ത് കൃഷിചെയ്യപ്പെടുന്ന 450 വ്യത്യസ്തതരം ഉരുളക്കിഴങ്ങുകളും കാട്ടിൽ കാണപ്പെടുന്ന 56 തരം ഉരുളകിഴങ്ങുകളുമാണ് പഠനവിധേയമാക്കിയത്. ഇവയുടെ ജിനോം പഠനത്തിലൂടെയാണ് ഇത് കാട്ടുതക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും സങ്കരത്തിൽ നിന്നാണ് രൂപപ്പെട്ടതെന്ന് കണ്ടെത്തുന്നത്.
തെക്കേ അമേരിക്കയിൽ 90 ലക്ഷം വർഷം മുമ്പ് സംഭവിച്ചതാണ് ഈ പ്രത്യേക മാറ്റം. ചെടിയുടെ ശിഖരങ്ങളിലാണ് തക്കാളി പിടിക്കുന്നതെങ്കിൽ ഇങ്ങനെയൊരു രൂപമാറ്റമുണ്ടായശേഷം ട്യൂബർ രൂപത്തിലേക്ക് മാറിയ ചെടിയുടെ മണ്ണിനടിയിലുള്ള ഭാഗത്താണ് ഉരുളക്കിഴങ്ങ് വിത്തുണ്ടായത്. ഇതിൽ ധാരാളം പോഷകങ്ങൾ സംഭരിക്കപ്പെടുകയും ചെയ്തു.
ചെടി ട്യൂബർ രൂപത്തിലേക്ക് മാറുന്നതിന് പ്രധാനമായി സഹായിക്കുന്നത് രണ്ട് പ്രത്യേക ജീനുകളാണെന്നാണ് കണ്ടെത്തൽ. തക്കാളിയിൽ ഫലമാണ് ഭക്ഷ്യയോഗ്യമെങ്കിൽ ഉരുളക്കിഴങ്ങിൽ ചെടി ട്യൂബറായി മാറുകയായിരുന്നു.
മനുഷ്യചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായതും ഏറ്റവും കൂടുതൽ ജീവ ഘടകങ്ങളും പോഷകഗുണവും ഒന്നിച്ചതും സർവവ്യാപിയുമായ മറ്റൊരു ഭക്ഷ്യ ഉത്പന്നമില്ലെന്നാണ് പഠനം നടത്തിയ ജിനോം ബയോളജിസ്റ്റായ സാൻവെൻ ഹുവാങ് പറയുന്നത്. ചൈനീസ് അഗ്രിക്കൾച്ചർ സയൻസ് അക്കാദമിയിലെ ജിനോം ബയോളജിസ്റ്റും പ്ലാന്റ് ബ്രീഡറുമാണ് സാൻവെൻ.
‘സൊളാനം ട്യൂബറോസം’ എന്നാണ് പുതിയകാലത്തെ ഉരുളക്കിഴങ്ങിന്റെ ശാസ്ത്രീയ നാമം. ഇവയുടെ പൂർവികരായി പഠനത്തിന് വിധേയമാക്കിയത് ഉരുളക്കിഴങ്ങിന്റെ രൂപത്തിലുള്ള പെറുവിൽ കണ്ടെത്തിയ ചെടിയാണ്. ഇതിന് ഉരുളക്കിഴങ്ങ് ചെടിയോടാണ് സാമ്യം കൂടുതലെങ്കിലും ട്യൂബർ ഇനത്തിൽപെട്ടതല്ല.എന്നാൽ തക്കാളിയോടും സാമ്യമുണ്ട്.
ഈ ചെടിയുടെയും തക്കാളിയുടെയും പൂർവികനെ തേടിയപ്പോൾ അത് ഒരേ ചെടിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1.4 കോടി വർഷം മുമ്പ് നിലനിന്ന ഈ ചെടിയിൽ നിന്നാണത്രെ ഉരുളക്കിഴങ്ങുചെടിയും തക്കാളിച്ചെടിയും രൂപപ്പെട്ടത്. എന്നാൽ 50 ലക്ഷം വർഷം മുമ്പായിരുന്നു ഇവ വേർപെട്ട് രണ്ടുതരം ചെടികളായതെന്നാണ് പഠനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.