ഭൂമിയുടെ 'ടൈം മെഷീൻ'; ദശലക്ഷക്കണക്കിന് വർഷം മുമ്പ് നിങ്ങളുടെ വീട് എവിടെയായിരുന്നു എന്ന് അറിയണോ?
text_fieldsഉട്രെക്ട്: ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ വീട് അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലം ഭൂമിയുടെ ഏത് ഭാഗത്തായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതിനുള്ള ഉത്തരം ഇനി വിരൽത്തുമ്പിലുണ്ട്. നെതർലൻഡ്‌സിലെ ഉട്രെക്ട് സർവ്വകലാശാലയിലെ പ്രൊഫസർ ഡൗവെ വാൻ ഹിൻസ്‌ബെർഗന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശാസ്ത്രസംഘമാണ് ഈ അത്ഭുതകരമായ ഓൺലൈൻ ടൂൾ വികസിപ്പിച്ചെടുത്തത്.
ഭൂമിയിലെ ഏത് സ്ഥലത്തിന്റെയും 32 കോടി വർഷം വരെയുള്ള ചരിത്രയാത്ര ഈ ടൂളിലൂടെ കാണാൻ സാധിക്കും. പാൻജിയ എന്ന അതിഭീമമായ ഭൂഖണ്ഡം നിലനിന്നിരുന്ന കാലം തൊട്ടുള്ള മാറ്റങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൗമപാളികളുടെ ചലനം മൂലം ഓരോ സ്ഥലത്തെയും കാലാവസ്ഥയും സ്ഥാനവും കാലക്രമേണ എങ്ങനെ മാറി എന്ന് ഇതിലൂടെ വ്യക്തമാകും. ഉദാഹരണത്തിന്, 24.5 കോടി വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ നെതർലൻഡ്‌സ് പേർഷ്യൻ ഗൾഫിന് സമാനമായ ഉഷ്ണമേഖലാ കാലാവസ്ഥയിലായിരുന്നു എന്ന് ഗവേഷകർ കണ്ടെത്തി.
ഉട്രെക്ട് പാലിയോഗിയോഗ്രഫി മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. പുരാതന ശിലകളിൽ പതിഞ്ഞുകിടക്കുന്ന കാന്തിക സിഗ്നലുകൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ മാതൃക തയാറാക്കിയത്. ശിലകൾ രൂപംകൊണ്ട സമയത്ത് അവ ഭൂമിയുടെ കാന്തിക ധ്രുവങ്ങളിൽ നിന്ന് എത്ര അകലെയായിരുന്നു എന്ന് കണ്ടെത്താൻ ഈ സിഗ്നലുകൾ സഹായിക്കുന്നു.
വെറുമൊരു കൗതുകത്തിന് അപ്പുറം വലിയൊരു ലക്ഷ്യം ഈ ഗവേഷണത്തിനുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും കൂട്ടമരണങ്ങളും നടന്ന മുൻകാലങ്ങളിൽ ഭൂമിയിലെ ജീവജാലങ്ങൾ എങ്ങനെ അതിജീവിച്ചു എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് പാലിയെന്റോളജിസ്റ്റ് ഡോ. എമിലിയ ജറോചോവ്സ്ക പറയുന്നു. ഫോസിലുകൾ കണ്ടെത്തിയ കൃത്യമായ സ്ഥലം മനസ്സിലാക്കുന്നതിലൂടെ, കടുത്ത ചൂടും തണുപ്പും നിലനിന്നിരുന്ന കാലത്ത് വന്യജീവികൾക്ക് സുരക്ഷിതമായിരുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ സാധിക്കും.
ഭൂമിയുടെ ആഴത്തിലുള്ള ചരിത്രത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകാനാണ് ഗവേഷകർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇനി നിങ്ങൾ ഒരു യാത്ര പോകുമ്പോൾ, ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആ പ്രദേശം ഭൂമിയുടെ ഏത് കോണിലായിരുന്നു എന്ന് ഈ വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

