ഹർത്താൽ അശാസ്ത്രീയം, വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം -ഡോ. അബ്ദുൽ ഹകീം അസ്ഹരി; ‘കേരള ജനതയെ ആരാണ് പറഞ്ഞു പറ്റിക്കുന്നതെന്ന് വിചിന്തനം നടത്തണം’
text_fieldsകോഴിക്കോട്: ഹർത്താൽ സമരങ്ങൾ അശാസ്ത്രീയമാണെന്നും വലിയൊരു വിഭാഗത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഓരോ ഹർത്താലുകളും കടന്നുപോകുന്നതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ മകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി. ‘ചേമ്പർ ഓഫ് കൊമേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം 200 കോടി മുതൽ 1000 കോടി വരെയാണ് ഒരു ദിവസത്തെ ഹർത്താൽ സൃഷ്ടിക്കുന്ന നഷ്ടങ്ങൾ. ഹർത്താലുകൾ വ്യക്തി സ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയറ്റമാണ്. സാക്ഷര കേരളത്തിൽ ഹർത്താലുകൾ ആവർത്തിക്കുന്നത് നമ്മുടെ പ്രബുദ്ധതയുടെ ഇടിവാണെന്ന് നാം തിരിച്ചറിയണം. ഇന്ത്യയിലുടനീളം എന്നൊക്കെ പ്രഖ്യാപിക്കപ്പെടുന്നുവെങ്കിലും കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് ഇവയുടെ അനുരണനങ്ങൾ കാണപ്പെടാറില്ല. കേരള ജനതയെ ആരായിരിക്കും പറഞ്ഞു പറ്റിച്ച് വശംവദരാക്കുന്നത് എന്ന് വിചിന്തനം നടക്കേണ്ടതുണ്ട്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ഒരു വിഷയത്തിലേക്ക് അധികാരികളുടെ ശ്രദ്ധയെ വലിച്ചു കൊണ്ടുവരാനുള്ള എളുപ്പ മാർഗമായാണ് പൊതുവെ ഹർത്താലുകൾ/ നിർബന്ധിത പണിമുടക്കുകൾ ഗണിക്കപ്പെടാറുള്ളത്. ഒരു ദിവസത്തെ നികുതി വരുമാനം നിലക്കുന്നതിലൂടെ പ്രശ്നം അഡ്രസ് ചെയ്യപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. സമരങ്ങൾ എന്തുകൊണ്ടും അത്യാവശ്യവും ഒഴിച്ചുകൂടാനാകാത്തതുമാണ്. സമര മുറകൾ ക്രിയാത്മകവും നിർമാണാത്മകവുമാവുകയാണ് വേണ്ടത്. പ്രകടനപരതക്കപ്പുറം, ഹർത്താലുകൾ പരിഹരിച്ച സാമൂഹ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരങ്ങളുണ്ടാകില്ല.
ഹർത്താൽ സമരങ്ങൾ അശാസ്ത്രീയമാണ്. Kerala Chamber of Commerce and Industry (KCCI) നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം 200 കോടി മുതൽ 1000 കോടി വരെയാണ് ഒരു ദിവസത്തെ ഹർത്താൽ സൃഷ്ടിക്കുന്ന നഷ്ടങ്ങൾ. ദിവസക്കൂലി ആശ്രയിക്കുന്നവരുടെ തൊഴിൽ നിഷേധിക്കപ്പെടുന്നു. നിർമാണങ്ങൾ നിലക്കുന്നു. സപ്ലൈ ചെയിനുകൾ മുടങ്ങുന്നു. തുടങ്ങി വലിയൊരു വിഭാഗത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഓരോ ഹർത്താലുകളും കടന്നുപോകുന്നത്.
ക്ഷേമത്തെ കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നു വരികയാണ്. ഒരു വിഭാഗം വിഭാവന ചെയ്യുന്ന ഏതൊരു വികസന നയവും മറ്റൊരു വിഭാഗത്തിന്റെ ക്ഷേമത്തെ/സന്തോഷത്തെ ഹനിക്കുന്നുവെങ്കിൽ അത് ക്ഷേമമല്ലെന്ന വിശ്വ വിഖ്യാത തത്വം അതിൽ പ്രധാനപ്പെട്ടതാണ്. ഹർത്താലുകൾ വ്യക്തി സ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയറ്റമാണ്. സാക്ഷര കേരളത്തിൽ ഹർത്താലുകൾ ആവർത്തിക്കുന്നത് നമ്മുടെ പ്രബുദ്ധതയുടെ ഇടിവാണെന്ന് നാം തിരിച്ചറിയണം.
ഇന്ത്യയിലുടനീളം എന്നൊക്കെ പ്രഖ്യാപിക്കപ്പെടുന്നുവെങ്കിലും കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് ഇവയുടെ അനുരണനങ്ങൾ കാണപ്പെടാറില്ല. കേരള ജനതയെ ആരായിരിക്കും പറഞ്ഞു പറ്റിച്ച് വശംവദരാക്കുന്നത് എന്ന് വിചിന്തനം നടക്കേണ്ടതുണ്ട്. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മറ്റു വഴികളുണ്ടായിരിക്കെ ജന ജീവിതം സ്തംഭിപ്പിച്ചുള്ള സമരങ്ങളിലേക്ക് എടുത്തു ചാടുന്നത് രാഷ്ട്രീയ പാർട്ടികളിലും തൊഴിലാളി യൂണിയനുകളിലും ജനങ്ങൾക്കുള്ള താല്പര്യം നഷ്ടപ്പെടുത്താൻ കാരണമാകും. ചർച്ചകളിലൂടെയും സമവായങ്ങളിലൂടെയും പ്രശ്നപരിഹാരങ്ങൾക്കുള്ള വഴി തേടുകയാണ് എപ്പോഴും അഭികാമ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.