Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘ഇല്ല ഫിറോസ്, ഈ ദിവസം...

‘ഇല്ല ഫിറോസ്, ഈ ദിവസം ഞാൻ നിങ്ങളെ ഒന്നും പറയില്ല... ഒരു ബൈബിൾ വാക്യം മാത്രം ഓർമിപ്പിക്കാം’ -പി.കെ. ഫിറോസിന്റെ സഹോദരന്റെ അറസ്റ്റിന് പിന്നാലെ തുറന്ന കത്തുമായി ബിനീഷ് കോടിയേരി

text_fields
bookmark_border
‘ഇല്ല ഫിറോസ്, ഈ ദിവസം ഞാൻ നിങ്ങളെ ഒന്നും പറയില്ല... ഒരു ബൈബിൾ വാക്യം മാത്രം ഓർമിപ്പിക്കാം’ -പി.കെ. ഫിറോസിന്റെ സഹോദരന്റെ അറസ്റ്റിന് പിന്നാലെ തുറന്ന കത്തുമായി ബിനീഷ് കോടിയേരി
cancel

കണ്ണൂർ: ലഹരിയുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ, താൻ പ്രതിയായ പഴയ ലഹരി കേസും അതിൽ പി.കെ. ഫി​റോസ് നടത്തിയ ഇടപെടലും ഓർമിപ്പിച്ച് അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛൻ എന്ന വിളി കോടിയേരിക്ക് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമണെന്ന് ബിനീഷ് പറഞ്ഞു.

‘ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാൻ ജയിലിൽ കിടന്നു. ആയുസിന്റെ കണക്ക് പുസ്തകത്തിൽ നിന്നും നിങ്ങൾ ഉൾപ്പെടെ ഉള്ളവർ മുൻകൈ എടുത്ത് വെട്ടിമാറ്റിയ എന്റെ 366 ദിവസങ്ങൾ !!! പോട്ടെ നിങ്ങളെ എത്ര പരുഷമായി കുറ്റം പറഞ്ഞാലും ശാപം കൊണ്ട് മൂടിയാലും എന്റെ ജീവിതത്തിന്റെ കലണ്ടറിൽ നിന്ന് വെട്ടിമാറ്റപ്പെട്ട ആ ദിനരാത്രങ്ങൾ എനിക്ക് പകരം ലഭിക്കില്ല . ഞാൻ അത് മറക്കാൻ ശ്രമിക്കുകയാണ്.

ഒരു മകൻ എന്ന നിലയിൽ ഞാൻ മറക്കാൻ പാടില്ലാത്ത ചിലത് ഉണ്ടല്ലോ. എന്റെ അച്ഛന് ക്യാൻസർ ആയിരുന്നു. അത് നിങ്ങൾക്കും അറിയാമായിരുന്നിരിക്കണം. രക്ഷപ്പെടാൻ ആയിരത്തിൽ ഒരംശം സാധ്യത പോലും ഇല്ലാത്ത ഗുരുതര രോഗം. ഏത് കൊടും കുറ്റകൃത്യവും ചെയ്ത ആളാവട്ടെ, അത്തരം ഒരു രോഗാവസ്ഥയിൽ അച്ഛനെ പരിചരിക്കാൻ ഏത് മകനും ആഗ്രഹിക്കും എന്ന് ഫിറോസ് നിങ്ങൾക്കും അറിയാമല്ലോ. ആ സൗഭാഗ്യമാണ് നിങ്ങൾ എനിക്ക് ഇല്ലാതാക്കിയത്. ഫിറോസ് നിങ്ങളെ ഞാൻ മറക്കണോ !!

ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്, ഞാൻ ജയിലിൽ കിടക്കുമ്പോൾ ഒരു ദിവസം പോലും എന്റെ അച്ഛൻ എന്നെ കാണാൻ ജയിലിൽ വന്നില്ല. അഴിക്ക് അകത്ത് നിന്ന് അച്ഛനെ കാണാൻ ഉള്ള ദുരോഗ്യം എനിക്ക് ഉണ്ടായില്ല. പക്ഷെ കുറ്റവിമുക്തനായി പുറത്തെത്തിയപ്പോൾ എന്നെ സ്വീകരിക്കാൻ എന്റെ വീടിന്റെ പൂമുഖത്ത് അച്ഛൻ ഉണ്ടായിരുന്നു. അച്ഛനറിയാം ഞാൻ മയക്കു മരുന്ന് കച്ചവടം ചെയ്യില്ലെന്ന്.

ഞാൻ ആർക്ക് നേരെ വിരൽ ചൂണ്ടണം? ആരാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത് ? എന്റെ ജീവിതം തകർത്തിട്ട് നിങ്ങൾ എന്ത് നേടി ? ഉത്തരം ഉണ്ടോ പ്രിയ ഫിറോസ് നിങ്ങൾക്ക് ??’ -ബിനീഷ് കോടിയേരി ഫേസ്ബുക് കുറിപ്പിൽ ചേദിച്ചു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

അച്ഛനെ പറ്റിയാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്

അച്ഛനെ പറ്റി മാത്രം ...

മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛൻ !!

ആ വിളി എന്റെ അച്ഛന് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് ശ്രീ പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമാണ്.

ആദ്യമായി എന്റെ നേർക്ക് വിരൽ ചൂണ്ടി ഫിറോസ് വാർത്താ സമ്മേളനം നടത്തിയ ദിവസം എനിക്ക് ഇന്നും ഓർമ്മയുണ്ട്. ആരോപണം വന്ന ദിവസം അമ്പരപ്പ് അല്ല , സത്യത്തിൽ ചിരിയാണ് എനിക്ക് വന്നത്. ഫിറോസിന്റെ ഒരു തമാശ അത്രയേ ഞാൻ കരുതിയുള്ളു. 'ഗുഡ്നൈറ്റ് ' എന്ന വാചകം എഴുതി ഞാൻ ഒരു മറുപടി ഇട്ടു ... അസ്വസ്ഥതയുടെ നേരിയ ലാഞ്ചന പോലും ഇല്ലാതെ അന്ന് ഞാൻ കിടന്നുറങ്ങി. ഉറക്കമില്ലാത്ത ഒരു പാട് വരുംകാല രാത്രികൾ അന്നത്തെ എന്റെ ഉറക്കത്തിന് കാവൽ നിന്നു. അണിയറയിൽ എന്റെ വിധി നിങ്ങൾ എഴുതി അവസാനിപ്പിച്ചു എന്ന് അറിയാതെ സ്വാസ്ഥ്യത്തോടെ

ഞാൻ ഉറങ്ങി .

ഉറക്കത്തിൽ നിന്ന് ഞാൻ ഉണർന്ന് എണീറ്റത് ഒരു വലിയ പേകിനാവിലേക്കാണ് .

അവിടെയും ഫിറോസ് നിങ്ങൾ ഉണ്ടായിരുന്നു.

ആ ദുസ്വപ്നത്തിനിടയിൽ എവിടെയോ വെച്ച് നമ്മൾ പരസ്പരം കണ്ടുമുട്ടിയിരുന്നല്ലോ.

ഒന്നല്ല ഏഴ് വാർത്താ സമ്മേളനങ്ങൾ തുടരെ തുടരെ ... എന്റെ ജീവിതത്തിന്റെറെ തലക്കുറി മാറ്റിയ

മണിക്കൂറുകൾ ദിവസങ്ങൾ, അന്നുമിന്നും , നിങ്ങളുടെ രാഷ്ട്രീയ ചൂതാട്ട പലകയിലെ ഒരു കരു മാത്രമാണ് ഞാൻ എന്നെനിക്ക് അറിയാം.

നിങ്ങൾക്ക് MLA യോ മന്ത്രിയോ ആവാൻ നിസാരനായ എന്നെ എന്തിന് കരുവാക്കി എന്ന ചോദ്യം എന്നെങ്കിലും നിങ്ങളോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ആ ദിവസം വന്നു എന്നാണ് അറിയുന്നത്. പക്ഷെ ഈ ദിവസം ഞാൻ അത് ചോദിക്കുന്നില്ല , പകരം ഞാൻ എന്റെ അച്ഛനെ കുറിച്ച് മാത്രം ഓർക്കുന്നു.

ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാൻ ജയിലിൽ കിടന്നു. ആയുസിന്റെ കണക്ക് പുസ്തകത്തിൽ നിന്നും നിങ്ങൾ ഉൾപ്പെടെ ഉള്ളവർ മുൻകൈ എടുത്ത് വെട്ടിമാറ്റിയ എന്റെ 366 ദിവസങ്ങൾ !!!

പോട്ടെ നിങ്ങളെ എത്ര പരുഷമായി കുറ്റം പറഞ്ഞാലും ശാപം കൊണ്ട് മൂടിയാലും എന്റെ ജീവിതത്തിന്റെ കലണ്ടറിൽ നിന്ന്

വെട്ടിമാറ്റപ്പെട്ട ആ ദിനരാത്രങ്ങൾ എനിക്ക് പകരം ലഭിക്കില്ല .

ഞാൻ അത് മറക്കാൻ ശ്രമിക്കുകയാണ്.

പക്ഷെ ഒരു മകൻ എന്ന നിലയിൽ ഞാൻ മറക്കാൻ പാടില്ലാത്ത ചിലത് ഉണ്ടല്ലോ. എന്റെ അച്ഛന് ക്യാൻസർ ആയിരുന്നു.

അത് നിങ്ങൾക്കും അറിയാമായിരുന്നിരിക്കണം. രക്ഷപ്പെടാൻ ആയിരത്തിൽ ഒരംശം സാധ്യത പോലും ഇല്ലാത്ത ഗുരുതര രോഗം.

ലോകത്തിലെ ഏത് കൊടും കുറ്റകൃത്യവും ചെയ്ത ആളാവട്ടെ, അത്തരം ഒരു രോഗാവസ്ഥയിൽ അച്ഛനെ പരിചരിക്കാൻ ഏത് മകനും ആഗ്രഹിക്കും എന്ന് ഫിറോസ് നിങ്ങൾക്കും അറിയാമല്ലോ. ആ സൗഭാഗ്യമാണ് നിങ്ങൾ എനിക്ക് ഇല്ലാതാക്കിയത്.

പറയു ഞാൻ നിങ്ങൾക്ക് എങ്ങനെയാണ് മാപ്പ് തരേണ്ടത് ?? ഞാൻ ജയിലിൽ പോകുന്നതിന് മുൻപ് ആരോഗ്യം വീണ്ടെടുത്ത് നിന്ന ആ മനുഷ്യൻ എങ്ങനെ ഇങ്ങനെയായി എന്ന് ഫിറോസ് നിങ്ങൾക്ക് അറിയാത്ത കാര്യം ആണോ ?

എന്റെ കെട്ടകാലത്തിന്റെ കാരണക്കാരൻ ആയ നിങ്ങളെ ഞാൻ മറക്കാൻ ശ്രമിക്കുന്നുണ്ട്. മറക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ അച്ഛന്റെ മുഖം ഓർമ്മയിൽ വരുന്നുണ്ട്. ഓർമ്മകൾ ഭ്രാന്തമായി ചൂളം കുത്തി വിളിക്കുന്നുണ്ട്.

ഫിറോസ് നിങ്ങളെ ഞാൻ മറക്കണോ !!

അനൂപ് മുഹമ്മദ് എന്ന വ്യക്തിയെ ലഹരി ഇടപാടിൽ നക്കോർട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു എന്നതാണല്ലോ എനിക്കെതിരായ വേട്ടയുടെ തുടക്കം. ഞാനും അയാളും തമ്മിലുള്ള ബന്ധം നിങ്ങളുടെ ആരോപണ ദിവസം തന്നെ ഞാൻ വ്യക്തമാക്കിയതാണല്ലോ. ഞാനും അയാളും തമ്മിൽ റസ്റ്റോറന്റ് കച്ചവടത്തിലെ ബന്ധം അല്ലാതെ മറ്റൊന്നും ഇല്ല എന്ന് നിങ്ങളുടെ പാർട്ടിയിൽ തന്നെ പലരും നിങ്ങളോട് സൂചിപ്പിച്ച് കാണുമല്ലോ? എന്നിട്ടും നിങ്ങൾ എന്നെ എന്തിന് വേട്ടയാടി ?

പല ഘട്ടങ്ങളിലായി നിക്ഷേപം എന്ന രീതിയിൽ ബാങ്ക് വഴി അനൂപ് മുഹമ്മദിന് ഞാൻ നൽകി എന്നത് സത്യം. ഹോട്ടലിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിൽ ആണ് അതെന്നും ഈ തുക എനിക്ക് ഇതുവരെ മടക്കി കിട്ടിയിട്ടില്ല എന്നും വ്യക്തമായി ബോധ്യം ഉണ്ടായിരിക്കുമല്ലോ.

താങ്കളുടെ സഹോദരൻ ഉൾപ്പെട്ട കേസിൻന്റെ വിശദീകരണം എന്നോണം താങ്കൾ പറയുന്ന ബൈറ്റ് ഞാൻ കാണാനിടയായി.

താങ്കളും , സഹോദരനും രണ്ട് വ്യക്തികൾ ആണെന്ന്. എന്തേ ഈ ന്യായം എന്റെ കാര്യത്തിൽ ഉണ്ടായില്ലാ !!???

ഞാൻ 2015 മുതൽ റസ്റ്റോറന്റ് ബിസിനസിന് വേണ്ടി കടമായി കൊടുത്ത പണം 2020 ൽ ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നാണല്ലോ ED യുടെ കേസ്.

അനൂപിന്റെ ബാങ്ക് ട്രാൻസാക്ഷാൻസ് നോക്കിയപ്പോൾ നിരവധി പേരുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് സദ്ദുദേശത്തോടെ കടം കൊടുത്ത പണം വർഷങ്ങൾക്ക് ശേഷം മറ്റൊരാൾ നിയമവിരുദ്ധമായി ഇടപാടിന് ഉപയോഗിക്കും എന്നറിയാൻ എനിക്ക് ജ്ഞാനദൃഷ്ടി ഇല്ലായിരുന്നു (അത് ഇതുവരെ തെളിഞ്ഞില്ല എങ്കിൽ പോലും).

ഞാൻ മയക്കുമരുന്ന് ഏതെങ്കിലും കാലത്ത് ഉപയോഗിച്ചോ എന്നറിയാൻ എന്റെ രക്തം, നഖം, മുടി ഇതെല്ലാം ശേഖരിച്ച് പരിശോധിച്ചു. ശ്രീ പിണറായി വിജയന്റെ പൊലീസ് അല്ല പരിശോധിച്ചത്, രാജ്യത്തെ പ്രീമിയർ ഇൻവെസ്റ്റിഗേഷൻ ഏജൻസി രാജ്യത്തെ ഏറ്റവും ഉന്നതമായ ലാബിൽ കൊണ്ട് പോയി പരിശോധിച്ചു. ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന്!

എന്നിട്ടും എന്നെ ഏട്ട് മാസം പിന്നെയും ജയിലിൽ കിടത്തി; മയക്കുമരുന്ന് കേസിൽ ഞാൻ പ്രതിയല്ല. അതേ ഞാൻ ആ കുറ്റക്യത്യത്തിന് വേണ്ടി കള്ളപ്പണം ശേഖരിച്ച കേസിൽ എങ്ങനെ പ്രതിയാവും ??

പ്രിഡിക്കേറ്റ് ഒഫൻസിൽ പ്രതിയല്ലാത്ത എന്റെ പേരിൽ ചാർജ്ജ് നിൽക്കില്ല എന്ന് സംഘപരിവാറിനാൽ നയിക്കപ്പെടുന്ന ഇ.ഡിക്ക് അറിയാം. എന്നിട്ടും എന്നെ കേസിൽ കുടുക്കാൻ ഇ.ഡി നടത്തിയ ശ്രമം ഓർമ്മയില്ലേ ??

ഉന്നതതല സമ്മര്‍ദ്ദം ഉണ്ടായിട്ടും എന്നെ ആദ്യം അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ജോയിന്‍ ഡയറക്ടറെ നിയോഗിച്ചു. ചാര്‍ജ് എടുക്കുന്ന അന്നേ ദിവസം തന്നെ എന്നെ അറസ്റ്റ് ചെയ്തു. പണം കൈമാറ്റം ചെയ്തതിന് രേഖയില്ലെന്ന് വ്യക്തമായതോടെ കൃതൃമ തെളിവ് ഉണ്ടാക്കാനായിരുന്നു ഇഡിയുടെ അടുത്ത ശ്രമം. മരുതംകു‍ഴിയിലെ എൻ്റെ വീട്ടില്‍ അനുപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ട് വെച്ചു. ഇവർ കാർഡ് കൊണ്ട് വെയ്ക്കുന്നത് എന്റെ ഭാര്യ കണ്ട് ബഹളം വെച്ചതോടെ ആ നീക്കം പൊളിഞ്ഞു. വീട്ടിൽ നിന്ന് അത് കണ്ടെടുത്തു എന്ന രേഖയില്‍ ഒപ്പിട്ട് നല്‍കാന്‍ ഭാര്യ വിസമ്മതിച്ചതോടെ എന്റെ ഭാര്യയേയും ഭാര്യാ മാതാവിനേയും അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിയാക്കും എന്ന് ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എന്റെ കുട്ടികൾ വാവിട്ട് നിലവിളിച്ച് കരഞ്ഞ് പുറത്തേക്കോടി മാധ്യമങ്ങളോട് കാര്യം പറഞ്ഞു. ഇ.ഡിയുടെ നീക്കം പൊളിഞ്ഞു.

എന്റെ അച്ഛന്റെ മാത്രമല്ല നിരപരാധിയായ ഭാര്യയുടെയും , എന്റെ കുഞ്ഞുങ്ങളുടെയും മുഖം എനിക്ക് ഓർമ്മ വരുന്നു.

പ്രിയ ഫിറോസേ ഞാൻ താങ്കളെ മറക്കണോ ??

താങ്കൾ പറയു.

തെളിവ് ഇല്ലാതായപ്പോൾ കൃത്രിമ തെളിവ് ഉണ്ടാക്കാൻ നോക്കി അതും പൊളിഞ്ഞപ്പോൾ എനിക്ക് ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെ നിയമത്തിന്‍റെ സാങ്കേതിക പ‍ഴുതുകള്‍ ഉപയോഗിച്ച് ജാമ്യം നിഷേധിക്കാനായി അടുത്ത ശ്രമം.

ബെംഗളുരുവിലെ ഇഡി അഭിഭാഷകന് പകരം കേസ് വാദിക്കാന്‍ നേരിട്ടെത്തിയത് രാജ്യത്തിന്‍റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും, അമന്‍ ലേഖിയും. അഡീഷണല്‍ സോളിസിറ്റര്‍ ജനറലാകും മുന്‍പ് അമിത് ഷായുടെ സ്വകാര്യ അഭിഭാഷകനായിരുന്നു എസ്.വി രാജുവെങ്കില്‍, ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയുടെ ഭര്‍ത്താവാണ് അമന്‍ ലേഖി. കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഈ കേസില്‍ ശ്രദ്ധിച്ചിരുന്നുവെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം.

വാദം പറയാതെ കേസ് നീട്ടാനും, അവധിക്ക് വെപ്പിച്ചും, ജാമ്യം പരമാവധി അവര്‍ നീട്ടികൊണ്ട് പോയി. ഇങ്ങനെ 50 അധികം തവണ എന്റെ കേസ് ജാമ്യത്തിനായി മാറ്റി. ഒരു ജഡ്ജിക്ക് മുന്‍പില്‍ വാദം പറയുക, അത് പരമാവധി നീട്ടി അദ്ദേഹത്തിന്‍റെ റെട്ടേഷന്‍ അവസാനിക്കും വരെ നീട്ടി കൊണ്ട് പോകുക എന്നതായിരുന്നു ഇഡിയുടെ അടുത്ത തന്ത്രം.

കർണാടക ഹൈക്കോടതി ജഡ്ജിമാരായ കെ. നടരാജ്, എസ്.ആര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് നവാസ്, ബജേദ്രി, ഉമ എന്നിങ്ങനെ അഞ്ചോളം ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. വാദം എ‍ഴുതി നല്‍കാതെ ഇഡി കള്ളകളി തുടര്‍ന്നതോടെ ജസ്റ്റിസ് ഉമ കര്‍ക്കശ സ്വരത്തില്‍ ഇഡിക്ക് താക്കീത് നല്‍ക. അവസാനം നിവര്‍ത്തി കെട്ട് വാദം എ‍ഴുതി നല്‍കി. ആ വാദം തള്ളിയാണ് എന്നെ കുറ്റ വിമുക്തൻ ആക്കിയത്.

2500 അധികം പേജുകൾ ഉള്ള ED കുറ്റപത്രത്തിൽ ജാമ്യം നൽകാതിരിക്കാൻ തക്ക വിധത്തിലുള്ള തെളിവുകൾ ഇല്ലെന്നും കർണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉമ ഉത്തരവിലൂടെ അന്ന് വ്യക്തമാക്കി. പ്രതിയായി പിടികൂടിയ ശേഷം വിവരണാതീതമായ മാനസിക പീഡനം ആണ് എനിക്ക് നേരെ ഉണ്ടായത്. അതിനെ പറ്റി ഞാൻ പിന്നൊരവസരത്തിൽ എഴുതാം.

എന്റെ ജീവിതത്തിൽ നിന്ന് 366 ദിവസങ്ങൾ വെട്ടിമാറ്റപ്പെട്ടു . ഒരു തെറ്റും ചെയ്യാത്ത എന്നെ ഒരു കൊല്ലം ജയിലിൽ ഇട്ടു. വസാനം എന്നെ കുറ്റവിമുക്നാക്കി. എല്ലാം ഞാൻ മറക്കാൻ ശ്രമിക്കുകയാണ് ഫിറോസേ. പക്ഷെ, അസുഖം മൂർച്ഛിച്ച് പല തവണ അച്ഛന്റെ ആരോഗ്യ നില വഷളായി. ഒരു മകൻ എന്ന നിലയിൽ അച്ഛന് വേണ്ടി ആ ഘട്ടത്തിൽ ഒന്നും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ കുറ്റബോധം അന്നും ഇന്നും എനിക്ക് ഉണ്ട്.

ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്, ഞാൻ ജയിലിൽ കിടക്കുമ്പോൾ ഒരു ദിവസം പോലും എന്റെ അച്ഛൻ എന്നെ കാണാൻ ജയിലിൽ വന്നില്ല. അഴിക്ക് അകത്ത് നിന്ന് അച്ഛനെ കാണാൻ ഉള്ള ദുരോഗ്യം എനിക്ക് ഉണ്ടായില്ല. പക്ഷെ കുറ്റവിമുക്തനായി പുറത്തെത്തിയപ്പോൾ എന്നെ സ്വീകരിക്കാൻ എന്റെ വീടിന്റെ പൂമുഖത്ത് അച്ഛൻ ഉണ്ടായിരുന്നു. അച്ഛനറിയാം ഞാൻ മയക്കു മരുന്ന് കച്ചവടം ചെയ്യില്ലെന്ന്. എന്റെ അച്ഛന്റെ മുന്നിലും എന്റെ ജീവനായ പാർട്ടിയുടെ മുന്നിലും അതു വഴി ജനങ്ങളുടെ മുന്നിലും അപകീർത്തിപെടുത്താൻ ആണ് നിങ്ങൾ ഈ കള്ളകഥ ചമച്ചത് എന്നറിയാം, പക്ഷെ മിസ്റ്റർ പി കെ ഫിറോസ് നിങ്ങൾ ദയനീയമായി തോറ്റുപോയിരിക്കുന്നു.

ഞാൻ ആർക്ക് നേരെ വിരൽ ചൂണ്ടണം?

ആരാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത് ?

എന്റെ ജീവിതം തകർത്തിട്ട് നിങ്ങൾ എന്ത് നേടി ?

ഉത്തരം ഉണ്ടോ പ്രിയ ഫിറോസ് നിങ്ങൾക്ക് ??

ജീവിതത്തിൽ ഒരു കാലി ചായ പോലും അനധികൃതമായി കോടിയേരി ബാലകൃഷ്ണൻ വാങ്ങി കുടിച്ചു എന്ന് പഴയ മുസ്‍ലിം ലീഗ് നേതാക്കൾ ആക്ഷേപിക്കില്ല .

എന്നിട്ടും നിങ്ങൾ അയാളെ ലഹരി കച്ചവടക്കാരന്റെ പിതാവ് ആക്കി. കള്ളപ്പണക്കാരന്റെ അച്ഛനാക്കി.

ഒരു ജീവിതം മുഴുവൻ അയാൾ നേടിയെടുത്ത പേരും പെരുമയും തച്ച് തകർക്കാൻ നോക്കി.

എന്നെ ഇല്ലാതാക്കാൻ നോക്കി

എന്റെ ഭാര്യയെ കൂട്ടുപ്രതിയാക്കാൻ നോക്കി

എന്റെ അമ്മയുടെ കണ്ണീര് വീഴ്ത്തി

എന്റെ അച്ഛന്റെ രോഗം മൂർച്ഛിപ്പിച്ചു

എന്നെ ചൂണ്ടി കാട്ടി എന്റെ പാർട്ടിയെ അപഹസിച്ചു

എന്നോട് ചേർന്നു നിന്ന പ്രിയ സഖാക്കളെ അപഹസിച്ചു

ആർത്തു ചിരിച്ചു നിങ്ങൾ ....

എല്ലാത്തിനും തുടക്കം ഇട്ടത് നിങ്ങൾ ആണ്

ശ്രീ ഫിറോസ് . നിങ്ങൾ മാത്രം !!

ഞാൻ എന്ന നിരപരാധിയുടെ ചോര

വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല.

പക്ഷെ ഞാൻ എണ്ണീറ്റ് നിന്നു.

ഇല്ല ഫിറോസ്, ഈ ദിവസത്തിൽ ഞാൻ നിങ്ങളെ ഒന്നും പറയില്ല ....

പക്ഷെ ഒരു ബൈബിൾ മാത്രം ഓർമ്മിപ്പിക്കാം

"കുഴികുഴിക്കുന്നവൻ അതിൽ വീഴും കല്ലു ഉരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും" (സദൃശ്യവാക്യങ്ങൾ 26:27)

അച്ഛൻ പണ്ടൊരു സന്ദർഭത്തിൽ പറഞ്ഞ ഒരു വാചകം മാത്രം പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കാം

"എല്ലാവരും മനുഷ്യരാണല്ലോ. ഞങ്ങൾ ഇതൊക്കെ താങ്ങും, പക്ഷേ നിങ്ങൾ താങ്ങില്ല"l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyeripk firozBengaluru Drug caseKerala News
News Summary - bineesh kodiyeri against pk firoz
Next Story