‘നിസ്കരിക്കാൻ ഇടം ചോദിച്ചു, പാർട്ടി ഓഫിസിൽ സൗകര്യം ഒരുക്കിക്കൊടുത്തു’ -സി.പി.എം ഓഫിസിൽ നമസ്കരിക്കുന്ന വഴിയാത്രക്കാരന്റെ വിഡിയോ പങ്കുവെച്ച് ബിനീഷ് കോടിയേരി
text_fieldsകൊച്ചി: സി.പി.എം ഓഫിസിൽ നമസ്കരിക്കുന്ന വഴിയാത്രക്കാരന്റെ വിഡിയോ പങ്കുവെച്ച് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഞീഴൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. തലച്ചുമട് ആയി ബെഡ് ഷീറ്റും പുതപ്പും ഒക്കെ കൊണ്ടു നടന്നു വിൽക്കുന്ന കൊല്ലം ഗൂരനാട് സ്വദേശിയാണ് നമസ്കരിക്കാൻ ഇടം ചോദിച്ച് ഓഫിസിൽ എത്തിയത്. അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി വിനോദ് കെ തോമസും സി.പി.എം ഏരിയാ കമ്മിറ്റി അംഗം എസ്. വിനോദും ചേർന്ന് ഇദ്ദേഹത്തെ സ്വീകരിച്ച് നമസ്കാരത്തിന് സൗകര്യം ഒരുക്കിയതായും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന ഈ കാഴ്ചയ്ക്ക് മുന്നിൽ വാക്കുകൾക്ക് സ്ഥാനമില്ല.
മഴ നനഞ്ഞ് കയറിവന്ന ഒരാൾ, തൻ്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് നിസ്കരിക്കാൻ ഇടം ചോദിക്കുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടി ഓഫീസ് അതിന് ഒരുക്കിക്കൊടുക്കുന്നു, ആ മനുഷ്യന്റെ വിശ്വാസത്തിന് സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഇതാണ് സിപിഐഎം, മനുഷ്യന്റെ നന്മയും വിശ്വാസവും സംരക്ഷിക്കുന്ന പ്രസ്ഥാനം. ഈ സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ കരുത്ത്.
ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി സഖാവ് വിനോദ് കെ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നു👇
ഇന്ന് ഞീഴൂർ CPI (M) ലോക്കൽ കമ്മിറ്റി ഓഫീസിൽ DYFI കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറിയായ ഞാനും പാർട്ടി ഏരിയാ കമ്മിറ്റി അംഗം എസ്. വിനോദും ഇരിക്കുമ്പോൾ നല്ല മഴയത്ത് ഒരു ഇക്ക കയറി വന്നു. കൊല്ലം ഗൂരനാട് സ്വദേശിയാണ് തലച്ചുമട് ആയി ബെഡ് ഷീറ്റും പുതപ്പും ഒക്കെ കൊണ്ടു നടന്നു വിൽക്കുന്ന ഒരാൾ. മഴയായതു കൊണ്ട് കയറി വന്നതാണെന്ന് കരുതി ഇരിക്കാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നിസ്കരിക്കാൻ കയറിയതാണെന്ന്. സന്തോഷത്തോടു കൂടി കയറി വരാൻ പറഞ്ഞു. എന്തൊരു മനുഷ്യരാണ് എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ ഈ പാർട്ടി എന്നും ഉണ്ടാവും എന്ന ഉറപ്പാണ് പാർട്ടി ഓഫിസിലേക്ക് കയറി വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.