‘ഉടുതുണി പോലും ഉരിഞ്ഞെടുക്കപ്പെട്ട ക്രിസ്തു രൂപം തന്നെയല്ലേ ഗസ്സയിലെ ആ കുഞ്ഞും?’ -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: ലക്ഷക്കണക്കിന് കുഞ്ഞുങ്ങളടക്കമുള്ളവരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ഹൃദയംതൊടുന്ന കുറിപ്പുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. മന:സാക്ഷി മരവിക്കാത്ത ഓരോ മനുഷ്യരേയും നോവിക്കുന്ന വിലാപങ്ങളുടെ ഇടമാണ് ഗസ്സയെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ ഞായറാഴ്ച കുർബാന കഴിഞ്ഞെത്തിയപ്പോൾ കണ്ണിലുടക്കിയ ഈ പത്രചിത്രം മനുഷ്യനെന്ന നിലയിൽ വലിയ കുറ്റബോധമാണ് നൽകിയത്. തന്റേതല്ലാത്ത കാരണത്താൽ കഷ്ടങ്ങളനുഭവിക്കുന്ന ആ കുഞ്ഞിന്റെ അവസ്ഥക്ക് നമ്മളും കാരണമല്ലേ, ഇത്തരം അധിനിവേശങ്ങൾക്കെതിരെ ഉയരാത്ത ഓരോ നാവും പാപഹേതുവല്ലേ. സാമ്രാജ്യത്വ തിണ്ണമിടുക്കിൽ നാവിറങ്ങിപ്പോകുന്ന നമ്മുടെ മൗനം പോലും കുറ്റകരമല്ലേ. മറ്റൊന്നിനും പറ്റാതെ തോറ്റു നിൽക്കുമ്പോഴും ഒരു വറ്റുപോലും പാഴാക്കില്ലെന്ന് പണ്ടെടുത്ത തീരുമാനം കുറേക്കൂടി ആഴത്തിലുറപ്പിക്കാൻ ഈ ഞായറാഴ്ച ചിത്രം കാരണമാകുന്നു. ഇന്നും കൂടി അൾത്താരയിൽ കണ്ടുപിരിഞ്ഞ ആ ഉടുതുണി പോലും ഉരിഞ്ഞെടുക്കപ്പെട്ട്, ക്രൂരവേട്ടകൾ ശരീരത്തിൽ സ്വീകരിച്ച ആ ക്രിസ്തുവിന്റെ രൂപം തന്നെയല്ലേ ആ അമ്മയുടെ തോളിലിരിക്കുന്ന ആ കുഞ്ഞും’ -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഗസ😥😥💔
മന:സാക്ഷി മരവിക്കാത്ത ഓരോ മനുഷ്യരേയും നോവിക്കുന്ന വിലാപങ്ങളുടെ ഇടമാണത്. ലോകം ഒരുപാട് വളരുന്തോറും മനസ്സ് അത്രത്തോളം തന്നെ ചെറുതാകുന്ന ലോകനേതാക്കളുടെ കർമ്മഫലം പേറുന്ന മനുഷ്യരുടെ കണ്ണീരും ചോരയും വീണു കുതിരുന്ന നാടാണത്. ജീവന്റേയും മരണത്തിന്റേയും നൂൽപ്പാലത്തിലൂടെ ശ്വാസമെടുക്കുന്ന ഈ കുഞ്ഞിനെ പോലുള്ള പതിനായിരങ്ങളുടെ പട്ടിണിക്ക് കാരണമൊന്നേയുള്ളൂ, സ്നേഹവും സഹാനുഭൂതിയും കരുണയും വറ്റിയ മനുഷ്യ മനസ്സുകൾ.
ഇന്നത്തെ ഞായറാഴ്ച കുർബാന കഴിഞ്ഞെത്തിയപ്പോൾ കണ്ണിലുടക്കിയ ഈ പത്രചിത്രം മനുഷ്യനെന്ന നിലയിൽ വലിയ കുറ്റബോധമാണ് നൽകിയത്. തന്റേതല്ലാത്ത കാരണത്താൽ കഷ്ടങ്ങളനുഭവിക്കുന്ന ആ കുഞ്ഞിന്റെ അവസ്ഥക്ക് നമ്മളും കാരണമല്ലേ, ഇത്തരം അധിനിവേശങ്ങൾക്കെതിരെ ഉയരാത്ത ഓരോ നാവും പാപഹേതുവല്ലേ. സാമ്രാജ്യത്വ തിണ്ണമിടുക്കിൽ നാവിറങ്ങിപ്പോകുന്ന നമ്മുടെ മൗനം പോലും കുറ്റകരമല്ലേ.
അമിതാഹാര ധൂർത്തിൽ വന്നടിയുന്ന ദുർമേദസ്സും ഓരോ തീൻമേശയിൽ നിന്നും വാരിവലിച്ചെറിയുന്ന ഭക്ഷണവും ഈ കുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ മഹാപരാധമായി മാറുന്നില്ലേ. ലോകനേതാക്കളും വിശ്വഗുരുക്കളും വിശ്വപൗരന്മാരും യു എൻ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളും തോറ്റു തുടരുമ്പോൾ ഗസയിലേയും ആഫ്രിക്കയിലേയും എന്തിനേറെ ഇന്ത്യൻ തെരുവുകളിലേയും എണ്ണിയാലൊടുങ്ങാത്ത കുഞ്ഞുങ്ങളുടെ പട്ടിണിയും നമുക്ക് ചർച്ചയാക്കണം.
ക്രിസ്തുവിനേയും യഹോവയേയും അല്ലാഹുവിനേയും ബുദ്ധനേയും മുപ്പത്തിമുക്കോടി ദൈവങ്ങളേയുമൊക്കെ വിളിച്ചും നേർച്ച നടത്തിയും ശക്തി പ്രാഘോഷിക്കുന്നവർ തന്നെയാണല്ലോ ഈ കുഞ്ഞുങ്ങളുടേയും എല്ലുന്തിയ കോലങ്ങൾക്ക് ഉത്തരവാദികൾ! ദൈവമേ നിന്നെ നിരന്തരം വിളിക്കുന്നവർക്ക് നിന്റെ സാദൃശ്യത്തിൽ പിറന്നവരെ കണ്ടു കണ്ണ് നിറയാത്തതെന്താണ്😔
മറ്റൊന്നിനും പറ്റാതെ തോറ്റു നിൽക്കുമ്പോഴും ഒരു വറ്റുപോലും പാഴാക്കില്ലെന്ന് പണ്ടെടുത്ത തീരുമാനം കുറേക്കൂടി ആഴത്തിലുറപ്പിക്കാൻ ഈ ഞായറാഴ്ച ചിത്രം കാരണമാകുന്നു. ഇന്നും കൂടി അൾത്താരയിൽ കണ്ടുപിരിഞ്ഞ ആ ഉടുതുണി പോലും ഉരിഞ്ഞെടുക്കപ്പെട്ട്, ക്രൂരവേട്ടകൾ ശരീരത്തിൽ സ്വീകരിച്ച ആ ക്രിസ്തുവിന്റെ രൂപം തന്നെയല്ലേ ആ അമ്മയുടെ തോളിലിരിക്കുന്ന ആ കുഞ്ഞും💔😔

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.