സവർക്കർ ഏറ്റവും വെറുക്കപ്പെട്ടവന്റെ പേര്, ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവ് -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: ദേശസ്നേഹികളായ ഓരോ ഭാരതീയരേയും സംബന്ധിച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ടവന്റെ പേരാണ് വി.ഡി. സവർക്കർ എന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവായ സവർക്കറുടെ ഓർമയുണർത്താനാണ് ആർഎസ്എസ് വിഭജന ഭീതി ദിനമായി സ്വാതന്ത്ര്യദിനത്തെ അവഹേളിച്ച് ആഘോഷിച്ചതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുകളിൽ സവർക്കറുടെ ചിത്രം വെച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ജിന്റോ ജോൺ.
കുറിപ്പിന്റെ പൂർണരൂപം:
ഗാന്ധി വധത്തിന്റെ സൂത്രധാരനായ സവർക്കർ എന്നും സംഘപരിവാറിന്റെ വിശുദ്ധനാണ്. പക്ഷേ, ദേശസ്നേഹികളായ ഓരോ ഭാരതീയരേയും സംബന്ധിച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ടവന്റെ പേര് കൂടിയാണ് സവർക്കർ. ഗോഡ്സേയുടെ തോക്കായിരുന്നു ഗാന്ധിയുടെ ജീവനെടുത്തതെങ്കിൽ, അതിലേക്ക് നയിച്ചത് സവർക്കറുടെ നാക്കായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രപിതാവിന്റെ ഘാതകനോടായിരുന്നു എന്നും ബിജെപിക്ക് പ്രിയം.
ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവായ സവർക്കറുടെ ഓർമ്മയുണർത്താനാണ് ആർഎസ്എസ് വിഭജന ഭീതി ദിനമായി സ്വാതന്ത്ര്യദിനത്തെ അവഹേളിച്ച് ആഘോഷിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു സംഭാവനയുമില്ലാത്ത ആർഎസ്എസും ബിജെപിയും അവർക്ക് മാത്രം ഇടമുള്ള വർഗ്ഗീയ കലാപങ്ങളുടെ വിഭജന ആശയത്തെ അലങ്കാരമാക്കുന്നു. മഹാത്മാ ഗാന്ധിയോടൊപ്പം ഒരിക്കലും ഉണ്ടാകാതിരുന്ന അവർ ഗാന്ധിയെ കൊന്നവനെ ഗാന്ധിക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നു.
ഇന്ത്യൻ ഭരണഘടന വിശുദ്ധ പുസ്തകമായ സ്വതന്ത്ര രാജ്യമാണിത്, മനുസ്മൃതി മന്ത്രിക്കുന്ന ആർഎസ്എസ് ഗോശാലയല്ല. ഇത് മതേതര ഇന്ത്യാണ്, മത തീവ്രവാദികളുടെ നാട്ടുരാജ്യങ്ങളല്ല. ഇത് ജനാധിപത്യ ഭാരതമാണ്, സവർണ്ണ സ്വേച്ഛാധിപത്യത്തിന്റെ സംഘപരിവാർ ശാഖയല്ല. അതുകൊണ്ട് എന്റേത് ഉൾപ്പെടയുള്ള സകല മതേതര ജനാധിപത്യ പൗരരുടേയും നികുതി പണം കൊണ്ടല്ല പെട്രോളിയം മന്ത്രാലയം സവർക്കർ വിധേയത്വം പ്രകടമാക്കാൻ. ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ അപമാനിച്ചവർക്കെതിരെ നടപടി വേണം. ജന്മം നൽകിയ അച്ഛനെ മാറ്റിപ്പറയുന്നത് സംഘികൾക്ക് ഒരലങ്കാരമാകാം. പക്ഷേ അത് ഈ രാജ്യത്തിന്റെ പൊതുമേൽവിലാസത്തിൽ വേണ്ട.
ധീര ദേശാഭിമാനികളായ എന്റെ പൂർവികർ ഈ രാജ്യ നിർമ്മിതിക്കായി തെരുവിൽ സമരം ചെയ്തപ്പോൾ സംഘികൾ കൂട്ടമായി ഒളിവിലിരുന്ന് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തു. ഓരോ കോൺഗ്രസ്സുകാരനും ബ്രിട്ടീഷ് തോക്കുകൾക്ക് മുന്നിൽ വിരിമാറ് കാട്ടി ശിരസ്സുയർത്തി നിന്നപ്പോൾ വെള്ളക്കാരന്റെ ഷൂ നക്കുന്ന തിരക്കിലായിരുന്നു സംഘികളെല്ലാം. പോരാളികൾ കഴുമരത്തിലേക്ക് നടന്ന് കയറുമ്പോൾ ആർഎസ്എസും പരിവാരങ്ങളും മാപ്പെഴുതി വിടുതൽ വാങ്ങിയവനെ വീരനെന്ന് വാഴ്ത്തി നടക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയങ്ങൾ പോലും കട്ടെടുത്ത് മേനി നടിക്കുന്ന മോദി രാജ്യം ഭരിക്കുമ്പോൾ ഈ സ്വാതന്ത്ര്യ ദിനത്തിലും നമ്മൾ, യഥാർത്ഥ ദേശസ്നേഹികൾ തെരുവ് നിറഞ്ഞുള്ള സമരങ്ങളിലാണ്. സംഘപരിവാറിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ... നമ്മൾ ഇന്ത്യയൊന്നാകെ ഗാന്ധിയെ പരിചയാക്കി സമരം ചെയ്യുമ്പോൾ ബിജെപിയും സംഘപരിവാറും ഒറ്റുകാരനും കൊലയാളിയുമായ ഗോഡ്‌സേയെ മഹാത്മാ ഗാന്ധിക്ക് മുകളിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.