‘അധ്യാപിക പറഞ്ഞത് വർഗീയ വൃത്തികേട്, സ്കൂൾ തുറക്കാൻ പോലും സമ്മതിക്കാതെ സമരം ചെയ്യുന്നത് പരമ തെമ്മാടിത്തരം’; ആർ.എസ്.എസ് നടത്തുന്ന സ്കൂളിൽ ബോംബ് പൊട്ടിയത് ഡി.വൈ.എഫ്.ഐ അറിഞ്ഞില്ലേയെന്നും ഡോ. ജിന്‍റോ ജോൺ
text_fieldsഡോ ജിന്‍റോ ജോൺ
കോഴിക്കോട്: തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക പറഞ്ഞത് വർഗീയ വൃത്തികേടാണെന്നും എന്നാൽ, സ്കൂൾ തുറക്കാൻ പോലും സമ്മതിക്കാതെ സമരം ചെയ്യുന്നത് പരമ തെമ്മാടിത്തരമാണെന്നും കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ.
സ്കൂളിനെതിരെ സമരം ചെയ്യുമെന്ന് വെല്ലുവിളിച്ച് ഇത്തരം ഭീഷണി മുഴക്കുന്നവർ പാലക്കാട് ആർ.എസ്.എസ് നടത്തുന്ന സ്കൂളിൽ ബോംബ് പൊട്ടിയത് അറിഞ്ഞില്ലേയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ജിന്‍റോ ജോൺ ചോദിച്ചു. സ്കൂളിനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തുന്ന സമരം ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച സംഭവത്തൽ കേസെടുത്തതിന് പിന്നാലെ രണ്ട് അധ്യാപികമാരെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
അധ്യാപികമാർ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പലും വ്യക്തമാക്കി. പിന്നാലെ സ്കൂളില്‍ ഓണാഘോഷവും നടത്തിയിരുന്നു. വിവാദങ്ങൾക്കിടെ സ്കൂളിൽ നടത്തിയ ഓണാഘോഷത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തുവന്നതാണ്.
‘ആർ.എസ്.എസ്സിനെതിരെ ആർജവത്തോടെ ശബ്ദിക്കാൻ ശേഷിയില്ലാത്ത ഡി.വൈ.എഫ്.ഐ സെലക്ടീവായി മാത്രം പ്രതിഷേധം സംഘടിപ്പിക്കുന്നത് വർഗീയ താൽപര്യം തന്നെയാണ്. ഹിന്ദു ഐക്യവേദി നേതാവ് ശശികല സർവിസിലിരുന്ന് വർഗീയത വിളമ്പി കൊണ്ടിരുന്നപ്പോൾ ഒരിക്കൽപോലും പ്രതിഷേധിക്കാത്ത ഡി.വൈ.എഫ്.ഐ, അവർ പഠിപ്പിച്ച സ്കൂൾ അടച്ചു പൂട്ടാൻ പോകാതിരുന്ന ഡി.വൈ.എഫ്.ഐ ഇപ്പോൾ പറയുന്നത് സംഘപരിവാർ രാഷ്ട്രീയം തന്നെയാണ്. വർഗീയത ആരു പറഞ്ഞാലും അത് ഭരണഘടന വിരുദ്ധവും വിദ്വേഷ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണ്’ -ജിന്‍റോ കുറിപ്പിൽ പറയുന്നു.
പി.സി. ജോർജും വെള്ളാപ്പള്ളി നടേശനും പ്രതീഷ് വിശ്വനാഥനുടക്കമുള്ള എണ്ണിയാലൊടുങ്ങാത്ത വർഗീയ വിഷ നാവുകൾക്കെതിരെ നടപടിയെടുക്കാത്ത പിണറായി സർക്കാറിനെതിരെ ഡി.വൈ.എഫ്.ഐക്ക് ഒച്ചയില്ലേ. കാസയും കൃസംഘിയും മുസംഘിയും മുഴുനീള സംഘിയും നിരന്തരം പറയുന്ന വർഗീയതയിൽ ഒരിക്കൽപോലും മുരടനക്കാത്തവർ വകതിരിവില്ലാത്ത ഒരു അധ്യാപികയ്ക്ക് പറ്റിയ കുറ്റകരമായിട്ടുള്ള തെറ്റിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടിക്കും എന്ന് പറഞ്ഞാൽ അത് സംഘപരിവാറിന് വേണ്ടി അധിക പണിയെടുക്കുന്നത് തന്നെയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഡോ. ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;
ആ അധ്യാപിക പറഞ്ഞത് വർഗ്ഗീയ വൃത്തികേടാണ് എന്നുള്ള കാര്യത്തിൽ ഒരു തർക്കവുമില്ല. അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇത്തരം വർഗ്ഗീയ വിഷം വിതയ്ക്കുന്നവർക്കും വിദ്വേഷ മനസ്സ് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നവർക്കും എതിരെ വേർതിരിവുകൾ ഇല്ലാതെ നടപടി സ്വീകരിക്കാനുള്ള ആർജ്ജവമാണ് രാഷ്ട്രീയ ഭരണ നേതൃത്വത്തിന് ഉണ്ടാകേണ്ടത്.
ഒരു അധ്യാപിക ചെയ്ത ഗുരുതരമായ തെറ്റിന് ആ സ്കൂൾ തുറക്കാൻ പോലും സമ്മതിക്കാത്ത വിധം സമരം ചെയ്യുന്നത് പരമ തെമ്മാടിത്തരം തന്നെയാണ്. സമരം ചെയ്യുമെന്ന് വെല്ലുവിളിച്ച് ഇത്തരം ഭീഷണി മുഴക്കുന്നവർ പാലക്കാട് ആർഎസ്എസ് നടത്തുന്ന സ്കൂളിൽ ബോംബ് പൊട്ടിയത് അറിഞ്ഞില്ലേ. അവിടേക്കും ഒരു മാർച്ച് നടത്തി പൂട്ടിക്കേണ്ടതല്ലേ. ആർഎസ്എസ്സിനെതിരെ ആർജ്ജവത്തോടെ ശബ്ദിക്കാൻ ശേഷിയില്ലാത്ത ഡിവൈഎഫ്ഐ സെലക്ടീവായി മാത്രം പ്രതിഷേധം സംഘടിപ്പിക്കുന്നത് വർഗീയ താല്പര്യം തന്നെയാണ്.
ഹിന്ദു ഐക്യവേദി നേതാവ് ശശികല സർവീസിലിരുന്ന് വർഗ്ഗീയത വിളമ്പി കൊണ്ടിരുന്നപ്പോൾ ഒരിക്കൽപോലും പ്രതിഷേധിക്കാത്ത ഡിവൈഎഫ്ഐ, അവർ പഠിപ്പിച്ച സ്കൂൾ അടച്ചു പൂട്ടാൻ പോകാതിരുന്ന ഡിവൈഎഫ്ഐ ഇപ്പോൾ പറയുന്നത് സംഘപരിവാർ രാഷ്ട്രീയം തന്നെയാണ്. വർഗ്ഗീയത ആരു പറഞ്ഞാലും അത് ഭരണഘടന വിരുദ്ധവും വിദ്വേഷ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും മാത്രമാണ്. പിസി ജോർജ്ജും വെള്ളാപ്പള്ളി നടേശനും പ്രതീഷ് വിശ്വനാഥനുടക്കമുള്ള എണ്ണിയാലൊടുങ്ങാത്തവർഗ്ഗീയ വിഷ നാവുകൾക്കെതിരെ നടപടിയെടുക്കാത്ത പിണറായി സർക്കാരിനെതിരെ ഡിവൈഎഫ്ഐക്ക് ഒച്ചയില്ലേ. കാസയും കൃസംഘിയും മുസംഘിയും മുഴുനീള സംഘിയും നിരന്തരം പറയുന്ന വർഗ്ഗീയതയിൽ ഒരിക്കൽപോലും മുരടനക്കാത്തവർ വകതിരിവില്ലാത്ത ഒരു അധ്യാപികയ്ക്ക് പറ്റിയ കുറ്റകരമായിട്ടുള്ള തെറ്റിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടിക്കും എന്ന് പറഞ്ഞാൽ അത് സംഘപരിവാറിന് വേണ്ടി അധിക പണിയെടുക്കുന്നത് തന്നെയാണ്.
"പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം" എന്ന് പാട്ട് പാടി നടന്നാൽ പോരാ. പള്ളിക്കൂടത്തിൽ പോകണം. അതിന്റെ വിലയറിയണം. അല്ലെങ്കിൽ ഇതുപോലുള്ള വിവരക്കേട് പറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.