മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയോട് ഫോണിൽ ഉടക്കിയത് മലയാളി ഐ.പി.എസുകാരി; ‘എന്റെ പേഴ്സനൽ നമ്പറിൽ വിളിക്ക്, ആരാണ് ഫോണിൽ സംസാരിക്കുന്നതെന്ന് എനിക്കെങ്ങനെ അറിയാം?’
text_fieldsമുംബൈ: അനധികൃത മണ്ണെടുപ്പ് തടയുന്നതിനിടെ മറ്റൊരാളുടെ ഫോണിൽ വിളിച്ച് തന്നോട് സംസാരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയോട് തന്റെ പേഴ്സനൽ നമ്പറിൽ വിളിക്കാൻ പറഞ്ഞ് ഉടക്കിയത് മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥ. സോളാപൂരിലെ കർമ്മല ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) അഞ്ജലി കൃഷ്ണയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിനോട് താങ്കൾ ആരാണെന്നും തന്റെ പേഴ്സനൽ നമ്പറിൽ വിളിക്കൂ എന്നും പറഞ്ഞത്.
സോളാപൂരിലെ കർമല ഗ്രാമത്തിൽ അനധികൃത മണ്ണ് ഖനനം നടത്തുന്നതിനെതിരെ നടപടിയെടുത്തതാണ് അജിത് പവാറിനെ ചൊടിപ്പിച്ചത്. തുടർന്ന് ഡി.എസ്.പി അഞ്ജലി കൃഷ്ണയെ മറ്റൊരാളുടെ ഫോണിൽ വിളിച്ച് ശാസിക്കാൻ ശ്രമിക്കുകയായിരുന്നു. മണ്ണെടുപ്പിനെതിരെനാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് പൊലീസ് സേനയുമായി അഞ്ജലി സ്ഥലത്തെത്തുകയായിരുന്നു.
ഇതിനിടെ ഖനിത്തൊഴിലാളികൾ ഗ്രാമവാസികളുമായി ഏറ്റുമുട്ടിയത് സംഘർഷത്തിന് വഴിവെച്ചു. തുടർന്ന് എൻ.സി.പി നേതാവ് ബാബ ജഗ്താപ് സ്ഥലത്തെത്തി പൊലീസ് നടപടി നിർത്താൻ ഡി.എസ്.പിയോട് ആവശ്യപ്പെട്ടു. പിന്നാലെ, അജിത് പവാറിനെ തന്റെ ഫോണിൽ വിളിച്ച് അഞ്ജലി കൃഷ്ണക്ക് കൈമാറി. ഇരുവരും സംസാരിക്കുന്നത് സമീപത്തുണ്ടായിരുന്ന മറ്റൊരാൾ വിഡിയോയിൽ ചിത്രീകരിച്ചതാണ് ഇപ്പോൾ വൈറലായത്. പൊലീസ് നടപടി നിർത്താൻ പവാർ ഡി.എസ്.പിയോട് നിർദേശിക്കുന്നത് വിഡിയോയിൽ കേൾക്കാം. “ഉപമുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് നടപടി നിർത്തിയതെന്ന് തഹസിൽദാറോട് പറയൂ” -കൃഷ്ണയോട് പവാർ പറഞ്ഞു. എന്നാൽ, ‘ആരാണ് ഫോണിൽ സംസാരിക്കുന്നതെന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും?’ -എന്നാണ് അഞ്ജലി തിരിച്ച് ചോദിച്ചത്. ‘എന്റെ നമ്പറിൽ നേരിട്ട് വിളിക്കൂ’ എന്നും ഡി.എസ്.പി പറഞ്ഞു.
ഈ മറുപടി കേട്ടതോടെ പവാർ കോപാകുലനായി. ‘നിനക്ക് ഇത്ര ധൈര്യമുണ്ടോ? ഞാൻ നിനക്കെതിരെ നടപടിയെടുക്കും. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ നേരിട്ട് വിളിക്കാൻ ആവശ്യപ്പെടുകയാണോ? നിനക്ക് എന്നെ കാണണോ? എന്റെ നമ്പർ എടുത്ത് വാട്ട്‌സ്ആപ്പ് കോൾ ചെയ്യൂ. നിനക്കെങ്ങനെ ധൈര്യം വന്നു?’ -പവാർ കടുത്ത സ്വരത്തിൽ പറഞ്ഞു.
പിന്നാലെ, അവർ പവാറിന്റെ നമ്പറിലേക്ക് വിഡിയോ കോൾ വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോണിൽ താങ്കളുടെ ശബ്ദം തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അഞ്ജലി അറിയിച്ചു. ഇതോടെ, ‘ഇപ്പോൾ തിരിച്ചറിഞ്ഞോ?’ എന്ന് ചോദിച്ചു. വിഡിയോ വിവാദമായതോടെ പവാറിനെ ന്യായീകരിച്ച് എൻ.സി.പി പ്രസ്താവന പുറപ്പെടുവിച്ചു. സംഘർഷം ലഘൂകരിക്കാനാണ് പൊലീസിനെ ശകാരിച്ചതെന്നും വിഡിയോ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
മലയാളിയായ അഞ്ജലി കൃഷ്ണ 2022-23 യു.പി.എസ്.സി സിവിൽ സർവിസസ് ബാച്ച് ഉദ്യോഗസ്ഥയാണ്. UPSC CSE യിൽ AIR-355 റാങ്ക് നേടിയാണ് സർവിസിൽ പ്രവേശിച്ചത്. പിതാവ് തിരുവനന്തപുരത്ത് ബിസിനസുകാരനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.