അനസിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ കുടുംബം കൂട്ടആത്മഹത്യ ചെയ്തേനെ, അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും -ഉമേഷ് വള്ളിക്കുന്ന്
text_fieldsഅനസിന്റെ വീട്ടിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്. ഉൾച്ചിത്രത്തിൽ അനസ്
കോഴിക്കോട്: ആർ.എസ്.എസ് പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന കള്ളക്കേസിൽ കുടുക്കി ഇടുക്കി കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ. അനസിനെ സർവിസിൽ നിന്ന് പുറത്താക്കിയതിനെതിരെ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. വധഭീഷണി നിലവിലുള്ള 159 ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരുടെ ഡാറ്റാബേസ് പൊലീസിൽ നിന്ന് ചോർത്തി മുസ്ലിം തീവ്രവാദികൾക്ക് നൽകിയെന്ന വ്യാജകുറ്റം ചുമത്തിയാണ് 2021 ഡിസംബർ 16ന് അനസിനെ പുറത്താക്കിയത്. ജോലി പോയതോടെ നാലു കൊല്ലമായി ഇടുക്കിയിലെ ആക്രിക്കടയിൽ ദിവസക്കൂലിക്ക് പണിയെടുത്താണ് രണ്ടു മക്കളും ഭാര്യയും കാൻസർ രോഗിയായ മാതാവുമടങ്ങുന്ന കുടുംബത്തെ അനസ് പോറ്റുന്നത്.
എന്നാല്‍, തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്തിയ അനസിന് അനുകൂലമായി നാല് വർഷത്തിന് ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി വന്നു. അനസിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും യാതൊരു തെളിവുമില്ലെന്നും കണ്ട് പിരിച്ചുവിടല്‍ നടപടി റദ്ദാക്കി. പക്ഷേ, ഇതുവരെ സര്‍വിസില്‍ തിരിച്ചെടുത്തിട്ടില്ല. ആർ.എസ്.എസ് -ബി.ജെ.പി പ്രതിഷേധം കനത്തതോടെ രോഗിയായ അമ്മയെയും അനുജനെയും ഭാര്യയെയും മക്കളെയും കൊണ്ട് നാടുവിട്ട അനസ് തിരികെ വീട്ടിലെത്തുമ്പോള്‍ ഗേറ്റ് അടക്കം തകര്‍ത്ത നിലയിലായിരുന്നു. മേലുദ്യോഗസ്ഥന്റെ പകപോക്കലാണ് അനസിന്റെ ജീവിതം തകര്‍ക്കപ്പെടാന്‍ ഇടയാക്കിയത്.
‘ഒരു ഡി.വൈ.എസ്.പി ദേശീയ തലത്തിലേക്ക് എയ്തു വിട്ട വാർത്ത കത്തിപ്പടർന്നു. ഞാനടക്കമുള്ള പോലീസുകാർ ഒന്നടങ്കം ഞെട്ടി. ഇടുക്കി ജില്ലാ പോലീസിനെ വിറപ്പിച്ച പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇങ്ങനെ ഒരു പോലീസുകാരൻ സേനയിൽ വേണ്ട എന്ന് ഓരോ മനുഷ്യനും തീർപ്പു കൽപ്പിച്ചു. 24-മത്തെ ദിവസം അനസ് കേരള പോലീസിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. എൻ.ഐ.എ അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് അനസ് എന്നും അനസിനെ ഫോൺ വിളിച്ചാൽ പോലും നിങ്ങൾ പ്രതിചേർക്കപ്പെടുമെന്നും മേലുദ്യോഗസ്ഥർ പോലീസുകാരെ ഭയപ്പെടുത്തി. അനസ് ജില്ലാ പൊലീസ് മേധാവിയെ കണ്ട് കാലുപിടിച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ നിസ്സഹായത പറഞ്ഞ് കൈയൊഴിഞ്ഞു. ഏതു നിമിഷവും താനും കുടുംബവും അറസ്റ്റ് ചെയ്യപ്പെടുമെന്നും കൊല ചെയ്യപ്പെടുമെന്നും ഭയന്ന് അനസ് വീടിനുള്ളിൽ പതുങ്ങിയിരുന്നു. മനുഷ്യരുടെ മുഖത്ത് നോക്കാനാവാതെ കഴിച്ചുകൂട്ടിയ നാളുകളിൽ കുടുംബം പട്ടിണിയിലേക്ക് കടന്നു.
മകളുടെയും പേരക്കുട്ടികളുടെയും പട്ടിണിയിലേക്ക് അന്വേഷിച്ചെത്തിയ അനസിന്റെ ഭാര്യ പിതാവ് തന്റെ ആക്രിക്കടയിലേക്ക് മരുമകനെ കൂട്ടിക്കൊണ്ടുപോയി. അവിടെ ദിവസക്കൂലിക്ക് പണിയെടുത്ത് അനസ് കേസിനു പോയി. വിവരാവകാശനിയമപ്രകാരം രേഖകൾ ശേഖരിച്ചു. വീട്ടിനടുത്ത ഗ്രൗണ്ടിൽ മയക്കുമരുന്നുമായി വന്നവരെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങളുടെ ആർ.സി ഡീറ്റെയിൽസ് തന്റെ ഫോണിലെ ക്രൈം ഡ്രൈവ് സൗകര്യം ഉപയോഗിച്ച് എടുത്ത് സുഹൃത്തായ അയൽവാസിക്ക് അയച്ചുകൊടുത്തതായിരുന്നു അനസിന് പറ്റിയ തെറ്റ്. അതിനെയാണ് 159 ആർഎസ്എസുകാരുടെ ഡാറ്റാബേസ് തീവ്രവാദ സംഘടനയ്ക്ക് ചോർത്തി നൽകിയതായി ഡിവൈഎസ്പി വർഗീയവൽക്കരിച്ച് തീ പടർത്തിയത്.
അനസിന്റെ പോരാട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിൽ അങ്ങനെയൊരു ഡാറ്റാബേസ് പോലീസിൽ ഇല്ലെന്നും അനസ് എടുത്ത ഡീറ്റെയിൽസ് ( മേൽപ്പറഞ്ഞ രണ്ട് നമ്പറുകളും ഡ്യൂട്ടിയുടെ ഭാഗമായി എടുത്ത നമ്പറുകളും) ആർഎസ്എസുകാരുടെതാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും തീവ്രവാദ സംഘടനകൾക്ക് യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞു. നാലുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ കേസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ തന്നെ തീർപ്പായി. അനസിനെ തിരിച്ചെടുക്കാനും ആവശ്യമെങ്കിൽ നിയമാനുസൃതമായ അന്വേഷണം ചട്ടപ്രകാരം നടത്താനും ട്രിബ്യൂണൽ രണ്ടു മാസം മുൻപ് ഉത്തരവിട്ടു.
എന്നിട്ട് ഇപ്പോൾ നിങ്ങളുടെ അനസ് എന്ത് ചെയ്യുകയാണെന്നല്ലേ? അയാൾ ഇന്നും ആക്രിക്കടയിൽ ജോലി ചെയ്യുന്നു. അയാളെ തിരിച്ചെടുക്കാനുള്ള KAT ഉത്തരവ് സർക്കാർ അവഗണിച്ചു. "വേണമെങ്കിൽ അന്വേഷണം നടത്താം" എന്ന ഭാഗം മാത്രം പരിഗണിച്ചു. അങ്ങനെ ആക്രിക്കടയിലെ ജീവനക്കാരനെതിരെ പുതിയ ഓറൽ എൻക്വയറി പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി ഉത്തരവിറക്കി. 18 ദിവസങ്ങൾക്ക് ശേഷം ഇന്നലെ ആക്രിക്കടയിലെ പണിക്കാരനായ അനസിന് ആ ഉത്തരവിന്റെ പകർപ്പ് എത്തിച്ചുകൊടുത്തു. സർവീസിൽ ഇല്ലാത്ത ഒരാൾക്കെതിരെ നടത്തേണ്ടതല്ല വകുപ്പുതല നടപടികൾ എന്നതുപോലും അറിയാത്തവർ നയിക്കുന്ന സിസ്റ്റം!’ -ഉമേഷ് വള്ളിക്കുന്ന് പറയുന്നു.
‘പോലീസ് സുഹൃത്തുക്കളേ, പോലീസിന്റെ അന്തസ്സും സൽപ്പേരും സംരക്ഷിക്കാൻ പ്രചരിപ്പിക്കുന്ന വ്യാജങ്ങൾ നമ്മൾക്കെതിരെയും വരാമെന്നും അന്നേരം നമ്മൾക്കൊപ്പം ആരുമുണ്ടാകില്ലെന്നും അനസ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വേട്ടയാടപ്പെട്ട ആയിരക്കണക്കിന് സഹപ്രവർത്തകരും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ അര ലക്ഷം പൊലീസുകാരിൽ ഞാനുൾപ്പെടെ ഒരാൾ പോലും ദുരിതം ദിനങ്ങളിൽ അനസിന് ഒരു കോൾ ചെയ്യാനോ അയാൾക്ക് പറയാനുള്ളത് കേൾക്കാനോ ധൈര്യം കാണിച്ചില്ല. സ്വന്തം ബാച്ചിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പോലും പുറന്തള്ളപ്പെട്ടു. അനസിനെപ്പോലെ പിടിച്ചുനിൽക്കാനും പൊരുതി ജയിക്കാനും കഴിയുന്നവരല്ല; സ്വഭാവഹത്യ ചെയ്യപ്പെട്ടാൽ, അപമാനിക്കപ്പെട്ടാൽ, കൊമ്പും കുലച്ചിഹ്നവും അഴിഞ്ഞുവീണാൽ ആത്മഹത്യയിൽ അഭയം തേടുന്നവരാണ് നമ്മളിൽ പലരും. നായാട്ടുപടയിലെ മികച്ച കാലാളെന്ന് തികഞ്ഞു നിൽക്കുമ്പോഴും പിന്നിൽ നിന്നുള്ള ഒറ്റയമ്പിൽ വീണുപോകുന്നവർ. അത് കൊണ്ട് ഈ എഴുത്ത് ഇങ്ങനെ ചുരുക്കാം: സമൂഹത്തിൽ നായാട്ട് ഒരു കലയല്ല; ഒരു കുറ്റകൃത്യമാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട (പോലീസ്) സുഹൃത്തുക്കളേ,
ഇടുക്കിയിലെ ഒരു ആക്രിക്കടയിൽ നാലു കൊല്ലമായി പണിയെടുക്കുന്ന അനസ് എന്ന ചെറുപ്പക്കാരനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ? മലയാളിയാണ്. രണ്ടു മക്കളുടെ പിതാവാണ്. 2021 ഡിസംബർ 16 മുതൽ ആ മനുഷ്യൻ ജീവിച്ച ജീവിതത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ നിങ്ങൾ?
നാല്പത് കൊല്ലം ഈ ഭൂമിയിൽ ജീവിച്ച വകയിൽ നിങ്ങൾ ഉണ്ടാക്കിയ നൂറുകണക്കിന് സൗഹൃദങ്ങളിൽ, അടുപ്പമേറിയ ബന്ധുജനങ്ങളിൽ, എണ്ണിയാൽ തീരാത്ത സഹപ്രവർത്തകരിൽ ഒരാൾ പോലും നിങ്ങളോടുള്ള ഭയവും വെറുപ്പും അറപ്പും കൊണ്ട് തിരിഞ്ഞു നോക്കാത്ത, ഒരു ഫോൺ കോൾ പോലും വരാത്ത, ഒരു അയൽക്കാരനെ പോലും കാണാത്ത, ഭാര്യയും രണ്ട് കുഞ്ഞുമക്കളും അല്ലാതെ ഒരു മനുഷ്യജീവി പോലും ജീവിതത്തിൽ ഇല്ലാത്ത ഒരു മാസത്തെ ജീവിതം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവുന്നുണ്ടോ. ആത്മഹത്യ ചെയ്യുമെന്ന് പേടിച്ച് ഉറങ്ങാതെ കാവലിരിക്കുന്ന ഭാര്യയെയും കുഞ്ഞു മക്കളെയും എങ്ങനെ സ്വാന്തനിപ്പിക്കണം എന്ന് പോലും അറിയാതെ, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ, മുന്നിൽ മരണമോ ജയിലറയോ എന്നറിയാതെ ഭീതിയുടെയും ഒറ്റപ്പെടലിന്റെയും ഭീകരമായ ആഴത്തിൽ ഒരു മാസത്തിലേറെ ജീവിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?
പുറംലോകം നിങ്ങളുടെ മുമ്പിൽ അടഞ്ഞിരിക്കുന്ന ആ ദിവസങ്ങളിൽ നിങ്ങളുടെ വീടിന് നേരെ കൊലവിളിയും ആക്രോശങ്ങളുമായി നൂറുകണക്കിനാളുകൾ പാഞ്ഞെത്തുന്നത് നിങ്ങളൊന്നു സങ്കൽപ്പിച്ചു നോക്കുമോ? എമ്പുരാൻ സിനിമയിൽ കണ്ടത് പോലെ? നിങ്ങളുടെ വീടിനുമേലെ കല്ലുകൾ വീഴുന്നതും നിങ്ങളുടെ വീടിന്റെ ഗേറ്റ് തകർത്ത് ആക്രോശങ്ങൾ അടുത്തു വരുന്നതും മരണത്തെ മുന്നിൽ കാണുന്ന പിഞ്ചുമക്കളുടെ നിലവിളിയും നിങ്ങളുടെ ഭാര്യയുടെ മുഖവും നിങ്ങൾക്കൊന്ന് സങ്കൽപ്പിക്കാൻ ആവുമോ?
അനസിനെതിരെ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ ഇറക്കിയ പോസ്റ്റർ
ആ മണിക്കൂറുകളെ അതിജീവിച്ച്, നിങ്ങളുടെ ചെറുപ്പക്കാരിയായ ഭാര്യയുടെയും ചൂവടുറയ്ക്കാത്ത മക്കളുടെയും കൂടെ നിങ്ങൾ എടുത്ത ചിത്രം കൊടൂര മതതീവ്രവാദിയുടെ കുടുംബചിത്രമായി നാടാകെ പ്രചരിപ്പിക്കുമ്പോൾ, ഉറ്റവരും ഉടയവരും നിങ്ങളെ ഭയക്കുമ്പോൾ, കേരളാ പോലീസ് നൽകിയ വാർത്തകൾ ലോകമെമ്പാടും ആളിക്കത്തുമ്പോൾ നിങ്ങൾ ജീവിച്ചിരിപ്പുണ്ടാകുമോ?
ഞാനാണെങ്കിൽ ഉണ്ടാവില്ല. എന്റെ ഭാര്യയോ മകളോ ഉണ്ടാവില്ല. എന്റെ അമ്മയും സഹോദരങ്ങളും ഉണ്ടാവില്ല.
കൊടുംകുറ്റവാളിയെ പെറ്റു വളർത്തിയതോർത്ത് എന്റെ അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും. ഒറ്റുകാരനും രാജ്യദ്രോഹിയുമായ ഒരുവന്റെ സാഹോദര്യം ജീവിതം മുഴുവൻ വേട്ടയാടുമെന്ന് ഭയന്ന് സഹോദരങ്ങൾ എല്ലാം അവസാനിപ്പിച്ചിട്ടുണ്ടാവും. അതിനിപ്പുറം ലോകമുള്ളിടത്തോളം കാലം കൂട്ട ആത്മഹത്യ ചെയ്ത തീവ്രവാദ കുടുംബമായി ഞങ്ങളുടെ ചരിതം അവശേഷിക്കും.
സങ്കല്പമല്ല. കഥയല്ല. ഇത് അനസ് എന്ന പോലീസുകാരൻ ജീവിച്ച ജീവിതമാണ്.
വധഭീഷണി നിലവിലുള്ള 159 ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഡാറ്റാബേസ് പോലീസിൽ നിന്ന് ചോർത്തി മുസ്ലിം തീവ്രവാദികൾക്ക് നൽകിയ കൊടുംകുറ്റമാണ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ അനസിന്മേൽ ചുമത്തിയത്. ഒരു ഡി.വൈ.എസ്.പി ദേശീയ തലത്തിലേക്ക് എയ്തു വിട്ട വാർത്ത കത്തിപ്പടർന്നു. ഞാനടക്കമുള്ള പോലീസുകാർ ഒന്നടങ്കം ഞെട്ടി. ഇടുക്കി ജില്ലാ പോലീസിനെ വിറപ്പിച്ച പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇങ്ങനെ ഒരു പോലീസുകാരൻ സേനയിൽ വേണ്ട എന്ന് ഓരോ മനുഷ്യനും തീർപ്പു കൽപ്പിച്ചു. 24-മത്തെ ദിവസം അനസ് കേരള പോലീസിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
NIA അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് അനസ് എന്നും അനസിനെ ഫോൺ വിളിച്ചാൽ പോലും നിങ്ങൾ പ്രതിചേർക്കപ്പെടുമെന്നും മേലുദ്യോഗസ്ഥർ പോലീസുകാരെ ഭയപ്പെടുത്തി. അനസ് ജില്ലാ പോലീസ് മേധാവിയെ കണ്ട് കാലുപിടിച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ നിസ്സഹായത പറഞ്ഞ് കൈയൊഴിഞ്ഞു. ഏതു നിമിഷവും താനും കുടുംബവും അറസ്റ്റ് ചെയ്യപ്പെടുമെന്നും കൊല ചെയ്യപ്പെടുമെന്നും ഭയന്ന് അനസ് വീടിനുള്ളിൽ പതുങ്ങിയിരുന്നു. മനുഷ്യരുടെ മുഖത്ത് നോക്കാനാവാതെ കഴിച്ചുകൂട്ടിയ നാളുകളിൽ കുടുംബം പട്ടിണിയിലേക്ക് കടന്നു.
അനസിനെതിരെ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കുറിപ്പ്
മകളുടെയും പേരക്കുട്ടികളുടെയും പട്ടിണിയിലേക്ക് അന്വേഷിച്ചെത്തിയ അനസിന്റെ ഭാര്യ പിതാവ് തന്റെ ആക്രിക്കടയിലേക്ക് മരുമകനെ കൂട്ടിക്കൊണ്ടുപോയി. അവിടെ ദിവസക്കൂലിക്ക് പണിയെടുത്ത് അനസ് കേസിനു പോയി. വിവരാവകാശനിയമപ്രകാരം രേഖകൾ ശേഖരിച്ചു. വീട്ടിനടുത്ത ഗ്രൗണ്ടിൽ മയക്കുമരുന്നുമായി വന്നവരെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങളുടെ RC ഡീറ്റെയിൽസ് തന്റെ ഫോണിലെ ക്രൈം ഡ്രൈവ് സൗകര്യം ഉപയോഗിച്ച് എടുത്ത് സുഹൃത്തായ അയൽവാസിക്ക് അയച്ചുകൊടുത്തതായിരുന്നു അനസിന് പറ്റിയ തെറ്റ് . അതിനെയാണ് 159 ആർഎസ്എസുകാരുടെ ഡാറ്റാബേസ് തീവ്രവാദ സംഘടനയ്ക്ക് ചോർത്തി നൽകിയതായി ഡിവൈഎസ്പി വർഗീയവൽക്കരിച്ച് തീ പടർത്തിയത്. അനസിന്റെ പോരാട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിൽ അങ്ങനെയൊരു ഡാറ്റാബേസ് പോലീസിൽ ഇല്ലെന്നും അനസ് എടുത്ത ഡീറ്റെയിൽസ് ( മേൽപ്പറഞ്ഞ രണ്ട് നമ്പറുകളും ഡ്യൂട്ടിയുടെ ഭാഗമായി എടുത്ത നമ്പറുകളും) ആർഎസ്എസുകാരുടെതാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും തീവ്രവാദ സംഘടനകൾക്ക് യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞു. നാലുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ കേസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ തന്നെ തീർപ്പായി. അനസിനെ തിരിച്ചെടുക്കാനും ആവശ്യമെങ്കിൽ നിയമാനുസൃതമായ അന്വേഷണം ചട്ടപ്രകാരം നടത്താനും ട്രിബ്യൂണൽ രണ്ടു മാസം മുൻപ് ഉത്തരവിട്ടു.
എന്നിട്ട് ഇപ്പോൾ നിങ്ങളുടെ അനസ് എന്ത് ചെയ്യുകയാണെന്നല്ലേ? അയാൾ ഇന്നും ആക്രിക്കടയിൽ ജോലി ചെയ്യുന്നു. അയാളെ തിരിച്ചെടുക്കാനുള്ള KAT ഉത്തരവ് സർക്കാർ അവഗണിച്ചു. "വേണമെങ്കിൽ അന്വേഷണം നടത്താം" എന്ന ഭാഗം മാത്രം പരിഗണിച്ചു. അങ്ങനെ ആക്രിക്കടയിലെ ജീവനക്കാരനെതിരെ പുതിയ ഓറൽ എൻക്വയറി പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി ഉത്തരവിറക്കി. പതിനെട്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെ ആക്രിക്കടയിലെ പണിക്കാരനായ അനസിന് ആ ഉത്തരവിന്റെ പകർപ്പ് എത്തിച്ചുകൊടുത്തു. സർവീസിൽ ഇല്ലാത്ത ഒരാൾക്കെതിരെ നടത്തേണ്ടതല്ല വകുപ്പുതല നടപടികൾ എന്നതുപോലും അറിയാത്തവർ നയിക്കുന്ന സിസ്റ്റം!
പോലീസ് സുഹൃത്തുക്കളേ,
പോലീസിന്റെ അന്തസ്സും സൽപ്പേരും സംരക്ഷിക്കാൻ പ്രചരിപ്പിക്കുന്ന വ്യാജങ്ങൾ നമ്മൾക്കെതിരെയും വരാമെന്നും അന്നേരം നമ്മൾക്കൊപ്പം ആരുമുണ്ടാകില്ലെന്നും അനസ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വേട്ടയാടപ്പെട്ട ആയിരക്കണക്കിന് സഹപ്രവർത്തകരും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ അര ലക്ഷം പോലീസുകാരിൽ ഞാനുൾപ്പെടെ ഒരാൾ പോലും ദുരിതം ദിനങ്ങളിൽ അനസിന് ഒരു കോൾ ചെയ്യാനോ അയാൾക്ക് പറയാനുള്ളത് കേൾക്കാനോ ധൈര്യം കാണിച്ചില്ല. സ്വന്തം ബാച്ചിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പോലും പുറന്തള്ളപ്പെട്ടു. അനസിനെപ്പോലെ പിടിച്ചുനിൽക്കാനും പൊരുതി ജയിക്കാനും കഴിയുന്നവരല്ല;
സ്വഭാവഹത്യ ചെയ്യപ്പെട്ടാൽ, അപമാനിക്കപ്പെട്ടാൽ, കൊമ്പും കുലച്ചിഹ്നവും അഴിഞ്ഞുവീണാൽ ആത്മഹത്യയിൽ അഭയം തേടുന്നവരാണ് നമ്മളിൽ പലരും. നായാട്ടുപടയിലെ മികച്ച കാലാളെന്ന് തികഞ്ഞു നിൽക്കുമ്പോഴും പിന്നിൽ നിന്നുള്ള ഒറ്റയമ്പിൽ വീണുപോകുന്നവർ.
അത് കൊണ്ട് ഈ എഴുത്ത് ഇങ്ങനെ ചുരുക്കാം: സമൂഹത്തിൽ
നായാട്ട് ഒരു കലയല്ല; ഒരു കുറ്റകൃത്യമാണ്.
(അനസ് വേട്ടയാടപ്പെട്ട വാർത്തകളും ചിത്രങ്ങളും കമന്റിൽ.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.