ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണോ? അറിയാം 5 കാര്യങ്ങൾ
text_fieldsഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങാൻ വലിയ സാങ്കേതിക പരിജ്ഞാനമൊന്നും വേണ്ട. ഫോട്ടോ പോസ്റ്റ് ചെയ്യാം, സുഹൃത്തുക്കളെ ഫോളോ ചെയ്യാം, റീൽസ് കാണാം, സ്റ്റോറികൾ പങ്കുവെക്കാം. എന്നാൽ ഈ ആപ്പിനുള്ളിൽ അറിയാത്ത നിരവധി സൗകര്യങ്ങളുണ്ട്. ചിലത് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കുമ്പോൾ മറ്റു ചിലത് ആളുകളിലേക്കുള്ള എത്തിച്ചേരൽ കൂട്ടാനും സഹായിക്കും. പുതിയതായി അക്കൗണ്ട് തുടങ്ങിയവർക്കും വർഷങ്ങളായി ഉപയോഗിക്കുന്നവർക്കും ഉപകാരപ്പെടുന്ന അഞ്ച് ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.
1. നിങ്ങളുടെ റീൽസ് ഫീഡിൽ വരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?
നിങ്ങൾ കാണുന്ന റീൽസുകളെല്ലാം ഇൻസ്റ്റാഗ്രാം വെറുതെ തിരഞ്ഞെടുക്കുന്നതല്ല. നിങ്ങൾ ഏതൊക്കെ വിഡിയോകൾ കാണുന്നു, ഏതിൽ കൂടുതൽ സമയം ചെലവഴിക്കുന്നു, എന്തൊക്കെ ലൈക്ക് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഡിയോകൾ ആപ്പ് മുന്നിലെത്തിക്കുന്നത്.
ഇത് നിയന്ത്രിക്കാൻ സഹായിക്കുന്ന സംവിധാനമാണ് 'യുവർ ആൽഗോരിതം'. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ ഏതൊക്കെയാണെന്നും ഇൻസ്റ്റാഗ്രാം എന്താണ് കരുതുന്നതെന്നും ഇതിലൂടെ മനസ്സിലാക്കാം. താൽപ്പര്യമില്ലാത്ത വിഷയങ്ങൾ കുറയ്ക്കാനും ഇഷ്ടമുള്ളവ കൂടുതൽ കാണാനും നിർദേശങ്ങൾ നൽകാം. അതായത്, നിങ്ങളുടെ റീൽസ് ഫീഡ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിങ്ങൾക്കും പങ്കാളിയാകാം.
2. ഫോട്ടോ അയച്ചാൽ കണ്ടുകഴിഞ്ഞാൽ അപ്രത്യക്ഷമാകുന്ന സൗകര്യമുണ്ടോ?
ഉണ്ട്! ഇൻസ്റ്റാഗ്രാമിലെ പുതിയ 'ഇൻസ്റ്റന്റ്സ്' സൗകര്യമാണിത്. സുഹൃത്തുക്കൾക്ക് എഡിറ്റിങ്ങോ ഫിൽട്ടറുകളോ ഇല്ലാത്ത ഫോട്ടോകൾ പെട്ടെന്ന് അയക്കാൻ ഇത് സഹായിക്കും.ഇൻബോക്സിലെ ഇൻസ്റ്റന്റ്സ് കാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് അടുത്ത സുഹൃത്തുക്കൾക്കോ പരസ്പരം ഫോളോ ചെയ്യുന്നവർക്കോ അയക്കാം. ഫോട്ടോ കണ്ടുകഴിഞ്ഞാൽ അത് അവരുടെ ഭാഗത്തുനിന്ന് അപ്രത്യക്ഷമാകും. തുറക്കാത്ത ചിത്രങ്ങൾ 24 മണിക്കൂറിനുശേഷവും ലഭ്യമാകില്ല. സ്ക്രീൻഷോട്ടും സ്ക്രീൻ റെക്കോർഡിങ്ങും തടയാനുള്ള സംവിധാനവും ഇതിലുണ്ട്. അബദ്ധത്തിൽ അയച്ചാൽ മറ്റുള്ളവർ കാണുന്നതിന് മുമ്പ് പിൻവലിക്കാനും സാധിക്കും.
3. റീൽസിന് കൂടുതൽ ആളുകളിലേക്ക് എത്താൻ എന്താണ് ചെയ്യേണ്ടത്?
വിഡിയോയ്ക്ക് ധാരാളം ലൈക്കുകൾ കിട്ടിയാൽ മാത്രം അത് കൂടുതൽ ആളുകളിലേക്ക് എത്തണമെന്നില്ല. ഒരാൾ വിഡിയോ എത്രനേരം കാണുന്നു, ലൈക്ക് ചെയ്യുന്നുണ്ടോ, സുഹൃത്തുക്കൾക്ക് അയക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇൻസ്റ്റാഗ്രാം പരിഗണിക്കുന്നുണ്ട്.പ്രത്യേകിച്ച് വിഡിയോയുടെ തുടക്കത്തിൽ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അവസാനം വരെ കാണാൻ താൽപ്പര്യമുണ്ടാക്കുകയും ചെയ്യുന്നത് പ്രധാനമാണ്. മറ്റൊരാൾക്ക് ഉപകാരപ്പെടുന്ന വിവരങ്ങളോ രസകരമായ കാഴ്ചകളോ ഉള്ള വീഡിയോകൾ പങ്കുവെക്കുമ്പോൾ അവ മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യതയും കൂടും.
4. മറ്റൊരാളുടെ സ്റ്റോറി അയാളറിയാതെ കാണാൻ കഴിയുമോ?
ഒരാളുടെ സ്റ്റോറി കണ്ടാൽ നമ്മുടെ പേര് അവരുടെ കാഴ്ചക്കാരുടെ പട്ടികയിൽ വരുമെന്നത് പലർക്കും അറിയാം. എന്നാൽ പേര് വരാതെ സ്റ്റോറി കാണാൻ ചില വഴികളുണ്ടെന്ന് ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.ഫോണിന്റെ ഇന്റർനെറ്റ് ഓഫ് ചെയ്തുള്ള പരീക്ഷണങ്ങളും മൂന്നാം കക്ഷി വെബ്സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത്തരം മാർഗങ്ങൾ വിശ്വസനീയമല്ല. ഇന്റർനെറ്റ് വീണ്ടും പ്രവർത്തനക്ഷമമാകുമ്പോൾ കാഴ്ച രേഖപ്പെടുത്തപ്പെടാനും സാധ്യതയുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന ഇത്തരം വെബ്സൈറ്റുകളിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പാസ്വേഡ് നൽകുന്നതും അപകടകരമാണ്.
5. ഇൻസ്റ്റാഗ്രാമിലും ഗൂഗിളിലേതുപോലെ തിരയൽ സൗകര്യമുണ്ടോ?
ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്തെങ്കിലും തിരയുമ്പോൾ പേരുകൾക്കൊപ്പം വിഷയങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും വിഡിയോകളും പോസ്റ്റുകളും കാണാം. ഇതിൽ നിങ്ങളുടെ അക്കൗണ്ടും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുന്ന ഒന്നാണ് ഇൻസ്റ്റാഗ്രാം എസ്.ഇ.ഒ.ഉദാഹരണത്തിന്, നിങ്ങൾ പാചക വിഡിയോകളാണ് പങ്കുവെക്കുന്നതെങ്കിൽ പ്രൊഫൈലിലും കുറിപ്പുകളിലും പാചകവുമായി ബന്ധപ്പെട്ട വാക്കുകൾ സ്വാഭാവികമായി ഉൾപ്പെടുത്താം. അങ്ങനെ വരുമ്പോൾ പാചകവുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരയുന്നവർക്ക് നിങ്ങളുടെ പോസ്റ്റുകൾ കണ്ടെത്താനുള്ള സാധ്യത കൂടും.

