‘ലേശം ഉളുപ്പുള്ള ആർക്കെങ്കിലും ആ കസേര ഒഴിഞ്ഞു കൊടുത്തൂടേ’ -മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി പൊലീസുകാരന്റെ കുറിപ്പ്
text_fieldsകോഴിക്കോട്: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പൊലീസുകാരന്റെ ഫേസ്ബുക് കുറിപ്പ്. പൊലീസിലെ അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നാണ് പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ തുറന്നെഴുത്തിന്റെ പേരിൽ നിലവിൽ സസ്പെൻഷനിൽ കഴിയുകയാണ് ഉമേഷ്.
‘‘ലേശം ഉളുപ്പുള്ള ആർക്കെങ്കിലും ആ കസേര ഒഴിഞ്ഞു കൊടുത്തൂടേ, എന്ന് ഒരു സർക്കാർ വകുപ്പിലെ ഏറ്റവും താഴേക്കിടയിലുള്ള ജീവനക്കാരൻ, തന്റെ വകുപ്പ് ഭരിക്കുന്ന മന്ത്രിയോട് ചോദിക്കുന്നത് വളരെ മോശമാണ്. വീണ്ടും വീണ്ടും ആലോചിക്കുമ്പോഴും അത് വളരെ വളരെ മോശമാണ്’ -എന്നാണ് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
‘വളരെ മോശംതന്നെ.. ഏതാ വകുപ്പ് എന്ന് പറഞ്ഞാൽ നമുക്കും അഭിപ്രായം പറയാം... ആഭ്യന്തരമാണോ?’ -എന്ന് ഒരാൾ കമന്റിൽ ചോദിച്ചപ്പോൾ ‘അതിലും മോശമായ വകുപ്പ് മന്ത്രി വേറെയുണ്ടോ..? ഉണ്ടെങ്കിൽ മാത്രം താങ്കളുടെ ഉത്തരം തെറ്റായിരിക്കും’ എന്നാണ് ഉമേഷിന്റെ മറുപടി.
ഇങ്ങനെ പോയാൽ പൊലീസിന്റെ മനോവീര്യം തകർക്കുന്നു എന്നു പറഞ്ഞ് സാറിന് അടുത്ത നോട്ടീസ് കിട്ടാൻ സാധ്യതയുണ്ടെന്നും എ.ഐ.ജിയുടെ വാഹനം തട്ടി ഗുരുതരാസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന വ്യക്തിക്കെതിരെ കേസ് എടുത്ത സിസ്റ്റമാണെന്നും മറ്റൊരാൾ കമന്റിൽ ഓർമിപ്പിക്കുന്നു. ‘മനോവീര്യത്തിന്റെ വിഡിയോ ദൃശ്യങ്ങൾ നമ്മൾ കണ്ടല്ലോ. ടി മനോവീര്യം തകർന്നടിയട്ടെ. ടി എ.ഐ.ജിയുടെ വിസർജ്യം കോരാൻ വരെ ആളുണ്ട് വകുപ്പിൽ എന്നതിനുള്ള തെളിവാണ് ആ കേസ്’ -അദ്ദേഹം മറുപടി നൽകി.
നിങ്ങൾക്ക് സസ്പെന്ഷൻ കഴിഞ്ഞു ജോലിക്ക് കയറണ്ടേ എന്ന ചോദ്യത്തിന് വൈറലായ സിനിമ ഡയലോഗിനെ കൂട്ടുപിടിച്ചാണ് ഉമേഷിന്റെ മറുപടി. ‘എന്തിനാടാ കേറീട്ട്?! നമ്മൾ പോലീസുകാരാണ്. ഗുണ്ടകളല്ല’ -എന്നായിരുന്നു പൊലീസ് അതിക്രമത്തിനെതിരെ പരിഹാസം കലർന്ന പ്രതികരണം.
കാമറയുടെ മുൻപിൽ വെച്ച് ഇങ്ങനെ ചെയ്യാൻ കൂസലില്ലാത്തവർ കാമറയില്ലാത്തിടത്ത് ചെയ്തുകൂട്ടിയത് എന്തൊക്കെയായിരിക്കുമെന്ന് ഇന്നലെ എഴുതിയ കുറിപ്പിൽ ഉമേഷ് ചോദിച്ചിരുന്നു. ‘വിഷപ്പാമ്പിനെപ്പോലും തല്ലിക്കൊല്ലാത്ത ഈ കാലത്ത് ഒരു മനുഷ്യനെ വട്ടം കൂടി നിന്ന് ക്രൂരമായി മർദ്ദിക്കുകയാണ് നാല് പോലീസുകാർ! കാമറയുടെ മുൻപിൽ വെച്ച് ഇങ്ങനെ ചെയ്യാൻ കൂസലില്ലാത്തവർ കാമറയില്ലാത്തിടത്ത് ചെയ്തുകൂട്ടിയത് ഏന്തൊക്കെയായിരിക്കും!! ഉൾക്കിടിലം മാറുന്നില്ല. "അച്ചടക്കനടപടി എടുത്തു" എന്ന് നിസ്സാരമായി പറഞ്ഞു തള്ളുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും കണ്ടപ്പോൾ അത് കൂടുന്നതേയുളളു..
വനിതാദിനാഘോഷത്തിൽ പങ്കെടുത്തതിനും "കാടു പൂക്കുന്ന നേരം" സിനിമയിലെ സംഭാഷണം ഇഷ്ടപ്പെട്ടു എന്നെഴുതിയതിന്നും ആതിരയെ പ്രണയിച്ചതിനും ഒക്കെ എനിക്കെതിരെ തരാതരം അച്ചടക്കനടപടികൾ സ്വീകരിച്ചിരുന്നു. അതിൽ എനിക്ക് കിട്ടിയ ശിക്ഷയെക്കാൾ കുറവാണ് ഇവർക്ക് നൽകിയ ശിക്ഷ! അത്ര നിസ്സാരമായാണ് ഈ ക്രൂരകൃത്യത്തെ ഡിപ്പാർട്ട്മെൻറ് കാണുന്നത് എന്നത് തന്നെ എന്തൊരു ഭീകരതയാണ്!
ഈ ദൃശ്യങ്ങൾ കിട്ടാൻ ഹൈക്കോടതി വരെ ഇടപെടേണ്ടി വന്നു. രണ്ട് വർഷം വൈകുകയും ചെയ്തു. പതറാതെ, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പണം വാങ്ങി ഒത്തു തീർപ്പാക്കാതെ രണ്ടു വർഷം പൊരുതി ഭീകരമായ ദൃശ്യങ്ങൾ പുറംലോകത്തെത്തിച്ച മനുഷ്യരെ നമിക്കുന്നു. ആ ദൃശ്യങ്ങൾ ഒളിപ്പിക്കാൻ ഇത്രയും കാലം ശ്രമിച്ചവരും ക്രിമിനലുകളാണ്. പൊലീസ് സേനയിൽ നിന്ന് ആദ്യം പുറത്താക്കേണ്ടത് അവരെയാണ്. അവരെ സംരക്ഷിച്ചവരെയാണ്. അവരെയും സംരക്ഷിച്ച പൊന്നുതമ്പുരാനെയാണ്.
ഉറക്കം വരുന്നില്ല. തലച്ചോറിളക്കുന്ന, നെഞ്ചു കലക്കുന്ന, മുതുക് ചതക്കുന്ന, വൃക്ക തകർക്കുന്ന ഇടികളും കാൽവെള്ളയിലൂടെ തലവരെയെത്തിക്കുന്ന അടികളും എന്നെയും കാത്തിരിക്കുന്നുണ്ടെന്ന, നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ ഉള്ളു കിടുങ്ങുന്നു’ -ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.