ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിലേക്ക് നയിച്ചേക്കാം, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം
text_fieldsതിരുവനന്തപുരം: രാത്രി വാഹനയാത്രകളിൽ ഉറക്കം വില്ലനായെത്തി അപകടം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ഓർമപ്പെടുത്തലുമായി മോട്ടോർ വാഹന വകുപ്പ്. കൊല്ലം വലിയകുളങ്ങരയിൽ ജീപ്പ് ബസ്സിലിടിച്ചുണ്ടായ അപകട പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ഡ്രൈവിങ്ങിനിടയിലെ ഉറക്കം വരുത്തുന്ന അപകടങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നത്. രാത്രിയിലെ വാഹനാപകടങ്ങളിൽ പ്രധാനപ്പെട്ട വില്ലനാണ് ഉറക്കമെന്ന് കുറിപ്പിൽ പറയുന്നു.
‘വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല എന്നതിനാൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമൂലമുള്ള അപകടങ്ങളുടെ തീവ്രത കൂടുതലാകും. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നു. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവൃത്തിയിലേക്ക് സ്വാഭാവികമായി വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ച ശേഷം രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചവർ പകലും വാഹനമോടിക്കുമ്പോൾ തന്റെ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവരുടെയും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന് ഓർക്കണം’ -കുറിപ്പിൽ പറയുന്നു.
‘രാത്രി റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കും. സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിലേക്ക് നയിച്ചേക്കാം. ഉറക്ക ലക്ഷണം വന്നാൽ, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം’- മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിച്ചു.
ഇന്നലെ രാവിലെ 6.10നാണ് ദേശീയപാതയിൽ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കുടുംബം സഞ്ചരിച്ച ഥാർ ജീപ്പും കൂട്ടിയിടിച്ച് പിതാവും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
ചവറ തേവലക്കര പടിഞ്ഞാറ്റക്കര പ്രിൻസ് വില്ലയിൽ തോമസിന്റെ മകൻ പ്രിൻസ് തോമസ് (44), മക്കളായ അതുൽ (15), അൽക്ക (ഏഴ്) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ ഐശ്വര്യയെ (17) അതീവ ഗുരുതരാവസ്ഥയിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ഭാര്യ വിന്ധ്യയെ (40) നിസ്സാര പരിക്കുകളോടെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 20ഓളം പേർക്കും പരിക്കേറ്റു.
അമേരിക്കയിലേക്ക് പോകുന്ന വിന്ധ്യയുടെ സഹോദരപുത്രനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് മടങ്ങുംവഴിയാണ് അപകടം. അഞ്ച് പേരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പ് ഓടിച്ച പ്രിൻസ് ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് ചേർത്തലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് വലിയകുളങ്ങര സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങുന്നതിനിടയിൽ വടക്കുനിന്ന് അതിവേഗത്തിൽ വന്ന ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു.
തേവലക്കരയിലും മാരാരിത്തോട്ടത്തും കൈരളി ഫൈനാൻസ് എന്ന സ്ഥാപനം നടത്തുകയാണ് പ്രിൻസ്. അതുൽ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും അൽക്ക തേവലക്കര സ്ട്രാറ്റ്ഫോർഡ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഓച്ചിറ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം തേവലക്കര മാർ ആബോ തിരുമേനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.