ഈ മുഖ്യമന്ത്രിക്ക് കീഴിൽ ഇവർ പൊലീസുകാരായി തുടർന്നാൽ പിന്നെ എന്നാണ് ഇതിനൊരു അവസാനം? -മുരളി തുമ്മാരുകുടി
text_fieldsകൊച്ചി: കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ പ്രതികളായ പൊലീസുകാർക്കെതിരെ ഇന്ത്യക്ക് മാതൃകയായ ശിക്ഷാ നടപടികൾ ഉണ്ടാകണമെന്ന് മുരളി തുമ്മാരുകുടി. ഇനി ഒരു സർക്കാർ സർവിസിലും തുടരാത്ത, ഇനി മർദിക്കാൻ തോന്നുന്നവരെ പിന്തിരിപ്പിക്കുന്ന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കസ്റ്റഡിമർദനം നേരിട്ട് അനുഭവിച്ചിട്ടുള്ള ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി കീഴിൽ, ലോകംകണ്ട ഈ കുറ്റകൃത്യത്തിൽപെട്ടവർ പൊലീസുകാരായി തുടർന്നാൽ പിന്നെ എന്നാണ് ഇതിനൊരു അവസാനമുണ്ടാവുകയെന്നും മുരളി തുമ്മാരുകുടി ചോദിച്ചു.
‘പോലീസ്-ആളെക്കൊല്ലുന്ന സാഹോദര്യം വേണ്ട. തൃശ്ശൂരിലെ ഒരു പോലീസ് സ്റ്റേഷനിൽ കുറച്ചു പോലീസുകാർ കൂടി ഒരു യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ മനുഷ്യരെ ഒക്കെ വേദനിപ്പിക്കുന്ന, രോഷം കൊള്ളിക്കുന്ന ഒന്നാണ്. അതിന് തൊട്ടുമുൻപാണ് തിരുവനന്തപുരത്ത് ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസുകാരെ വെറുതെ വിട്ട വാർത്ത വന്നത്. അതും ദുഃഖവും രോഷവും ഉണ്ടാക്കുന്നതാണ്.
ഇവർ ഏതു നൂറ്റാണ്ടിലെ പോലീസിങ് ആണ് ചെയ്യുന്നതെന്നും ഇവരെയൊക്കെ ആരാണ് പരിശീലിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘മനുഷ്യൻറെ അഭിമാനം, അന്തസ്സ്, അവകാശം എന്നീ വാക്കുകൾ ഒക്കെ അവരുടെ സിലബസ്സിൽ ഉണ്ടോ? എതിർക്കാൻ സാധിക്കാത്ത ഒരാളെ കൊല്ലാക്കൊല ചെയ്യുകയും ചിലപ്പോൾ കൊല്ലുകയും ഒക്കെ ചെയ്യുന്ന തരത്തിലേക്ക് മനുഷ്യരെ മാറ്റുന്ന എന്ത് സംവിധാനമാണ് പോലീസിങ്ങിൽ ഉള്ളത്? ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെപ്പറ്റി ഹൂമൻ റൈറ്റ്സ് വാച്ചിൻ്റെ റിപ്പോർട്ടിൻ്റെ പേരുതന്നെ "Bound by Brotherhood" എന്നാണ്.
2010നും 2015 നും ഇടക്ക് അഞ്ഞൂറിലധികം കസ്റ്റഡിമരണങ്ങൾ ഇന്ത്യയിൽ നടന്നു. എല്ലാ കസ്റ്റഡി മരണങ്ങളും പോലീസ് മർദ്ദനം കൊണ്ടല്ല. പക്ഷെ മർദ്ദനം കൊണ്ടുള്ള കസ്റ്റഡി മരണങ്ങളിൽ പോലും ഒരു പോലിസുകാരൻ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വെറുതെയല്ല മർദ്ദനരീതികൾ തുടരുന്നത്’ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
പോലീസ് ആണെന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് തോന്നുന്നത് പോലെ ആരെ വേണമെങ്കിലും തെരുവിൽ നിന്നും പിടിച്ച് സ്റ്റേഷനിൽ കൊണ്ടുവന്ന് മർദ്ദിക്കുകയോ കൊല്ലുകയോ ചെയ്യുന്ന മനുഷ്യർ!
ഇവർ ഏതു നൂറ്റാണ്ടിലെ പോലീസിംഗ് ആണ് ചെയ്യുന്നത്?
ഇവരെയൊക്കെ ആരാണ് പരിശീലിപ്പിക്കുന്നത്?
മനുഷ്യൻ്റെ അഭിമാനം, അന്തസ്സ്, അവകാശം എന്നീ വാക്കുകൾ ഒക്കെ അവരുടെ സിലബസ്സിൽ ഉണ്ടോ?
എതിർക്കാൻ സാധിക്കാത്ത ഒരാളെ കൊല്ലാക്കൊല ചെയ്യുകയും ചിലപ്പോൾ കൊല്ലുകയും ഒക്കെ ചെയ്യുന്ന തരത്തിലേക്ക് മനുഷ്യരെ മാറ്റുന്ന എന്ത് സംവിധാനമാണ് പോലീസിംഗിൽ ഉള്ളത്?
മൃഗീയമായി മർദ്ദിച്ചു എന്നൊക്കെ പറയാറുണ്ട്
പക്ഷെ ഇതൊന്നും മൃഗങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പോലുമല്ല.
ഇന്നിപ്പോൾ സിസിടിവി ഉള്ളതുകൊണ്ട് ഇവരുടെ തനി സ്വഭാവം പുറം ലോകം കണ്ടു.
അതുകൊണ്ട് ഇപ്പോൾ നമുക്ക് ധാർമ്മികരോഷവും ദുഃഖവും ഉണ്ടാകുന്നത്
പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല
ഇത് പോലീസുകാർ ഉണ്ടായ കാലം തൊട്ടേ ഉള്ള രീതിയാണ്.
രാജഭരണം മാറി ജനാധിപത്യം വന്നു
രാജ കിങ്കരന്മാർ മാറി ജനമൈത്രി പോലീസായി
എട്ടാം ക്ലാസ്സും ഗുസ്തിയും ഉള്ളവർ പോലീസുകാരാകുന്ന കാലം മാറി എഞ്ചിനീയർമാരും എം ടെക്ക് കാരും ഒക്കെ പോലിസുകാരായി.
മർദ്ദനങ്ങൾ തുടരുന്നു
എന്തുകൊണ്ട്?
പോലീസ് സേനയിൽ ഉള്ളവർ എന്തതിക്രമം നടത്തിയാലും മറ്റു പോലീസുകാർ അവരെ സംരക്ഷിക്കുമെന്ന "സാഹോദര്യ ബോധം" അവർക്ക് ഉണ്ട്.
ഇത് യാഥാർത്ഥ്യമാണ്.
ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെപ്പറ്റി ഹൂമൻ റൈറ്റ്സ് വാച്ചിൻ്റെ റിപ്പോർട്ടിൻ്റെ പേരുതന്നെ "Bound by Brotherhood" എന്നാണ്.
2010നും 2015 നും ഇടക്ക് അഞ്ഞൂറിലധികം കസ്റ്റഡിമരണങ്ങൾ ഇന്ത്യയിൽ നടന്നു. എല്ലാ കസ്റ്റഡി മരണങ്ങളും പോലീസ് മർദ്ദനം കൊണ്ടല്ല.
പക്ഷെ മർദ്ദനം കൊണ്ടുള്ള കസ്റ്റഡി മരണങ്ങളിൽ പോലും ഒരു പോലിസുകാരൻ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.
വെറുതെയല്ല മർദ്ദനരീതികൾ തുടരുന്നത്
ഇന്ത്യയിലെ ഒന്നാമത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് സ്വാതന്ത്ര്യസമരകാലത്ത് പോലിസ് അക്രമത്തിൽ പരിക്ക് പറ്റിയ ആളായിരുന്നു.
തൻ്റെ ഭരണകാലത്ത് പോലീസ് അതിക്രമം അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞ ഒക്കെ എടുത്ത കഥ കേട്ടിട്ടുണ്ട്
ഒന്നും നടന്നില്ല
കസ്റ്റഡിമർദ്ദനം നേരിട്ട് അനുഭവിച്ചിട്ടുള്ള ആളാണ് നമ്മുടെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ മുഖ്യ മന്ത്രി.
ഒരു പൊതുപ്രവർത്തകൻ ആയത്കൊണ്ടു മാത്രം പോലീസ് കസ്റ്റഡിയിൽ കിടന്ന് മർദ്ദിക്കപ്പെട്ടതിൻ്റെ നേരനുഭവം അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് അദ്ദേഹത്തിൻ്റെ വകുപ്പിന് താഴെ ഇപ്പോൾ ലോകത്തിലെ എല്ലാവരും കണ്ട മലയാളികളുടെ മനസ്സാക്ഷിയെ നടുക്കിയ ഈ കുറ്റകൃത്യത്തിൽ പെട്ടവർ പോലീസുകാരായി തുടർന്നാൽ പിന്നെ എന്നാണ് ഇതിനൊരു അവസാനമുണ്ടാകുന്നത്?
ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ ഇനി ഒരു സർക്കാർ സർവ്വീസിലും തുടരാത്ത, ഇനി മർദ്ദിക്കാൻ തോന്നുന്നവരെ പിന്തിരിപ്പിക്കുന്ന, ഇന്ത്യക്ക് മാതൃകയായ നടപടികൾ ഉണ്ടാകണം.
അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്
മുരളി തുമ്മാരുകുടി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.