നിമിഷപ്രിയയുടെ മോചനം; സമൂഹമാധ്യമ പ്രചാരണം ചർച്ചക്ക് പ്രതിബന്ധമാകുമെന്ന് ആശങ്ക
text_fieldsകോഴിക്കോട്: നിമിഷപ്രിയ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ തുടർചർച്ചകൾക്ക് പ്രതിബന്ധമാകുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലുകൾക്ക് നന്ദി പറയാൻ അദ്ദേഹത്തെ സന്ദർശിച്ച ശേഷമാണ് ഭാരവാഹികൾ ആശങ്ക പങ്കുവെച്ചത്.
ഇതുസംബന്ധിച്ച് നടക്കുന്ന ചർച്ചകളും വിവാദങ്ങളും അപ്പപ്പോൾ യമനിലെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലും ബന്ധപ്പെട്ട അധികാരികൾക്കും എത്തുന്നുണ്ട്. രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന യമനി വിദ്യാർഥികൾ മുഖേനയായിരിക്കാം ഇക്കാര്യങ്ങൾ അവിടെ എത്തുന്നത്. സമൂഹമാധ്യമങ്ങളിലെ അവകാശ വാദങ്ങളും ‘ക്രെഡിറ്റ്’ എടുക്കാനുള്ള ശ്രമങ്ങളും ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നിമിഷപ്രിയയെ വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് കുടുംബവുമായുള്ള ചർച്ച തുടരുകയാണ്. ഇക്കാര്യത്തിൽ പല കോണുകളിൽനിന്നുള്ള സഹായവും ഇടപെടലുമുണ്ടായിട്ടുണ്ട്. കാന്തപുരവും ഇടപെട്ടിട്ടുണ്ട്. നയതന്ത്രതലത്തിൽ ഇപ്പോൾ ഇടപെടലുകൾ നടക്കാത്ത സാഹചര്യത്തിൽ പല വ്യക്തികളും നടത്തുന്ന ഇടപെടലുകൾ സഹായകരമാണ്. സുപ്രീംകോടതി 18ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സർക്കാർതലത്തിലുള്ള നീക്കവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. മോചനത്തിന് പണം ആവശ്യമായിവന്നാൽ അതു കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.