ഗാന്ധിക്ക് മുകളിൽ സവർക്കറെ വെച്ച് പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റർ; ബ്രിട്ടീഷ് പെൻഷൻ കൊണ്ട് ജീവിച്ച രാജ്യദ്രോഹിയെന്ന് ശ്രീനിവാസ് ബി.വി
text_fieldsന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുകളിൽ സവർക്കറുടെ ചിത്രം വെച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ. ഗാന്ധിയേക്കാൾ മുകളിൽ സവർക്കർ വരുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരും പോസ്റ്ററിൽ സവർക്കറിന് താഴെയുണ്ട്.
പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിൽ പങ്കുവെച്ച പോസ്റ്ററിനെതിരെ കടുത്ത വിമർശനമാണ് വിവധകോണുകളിൽനിന്ന് ഉയരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സവർക്കർ നൽകിയ സംഭാവന എന്തായിരുന്നുവെന്ന് കമന്റ് ചെയ്ത മിക്കവരും ചോദിച്ചു. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
‘ആരായിരുന്നു സവർക്കർ? ബ്രിട്ടീഷുകാരുടെ പെൻഷൻ കൊണ്ട് ജീവിച്ചിരുന്ന ഒരു രാജ്യദ്രോഹിയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തിൽ സവർക്കറെ ഗാന്ധിയേക്കാൾ വലിയവനായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അധിക്ഷേപിക്കുന്നതാണ്’ -യൂത്ത് കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വി പറഞ്ഞു.
‘സ്വാതന്ത്ര്യ ദിനത്തിൽ എന്തൊരു നാണക്കേടാണിത്? ദയവായി നമ്മുടെ ഹീറോകളെ വെച്ച് കളിക്കരുത്’ -എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഇന്ത്യക്കാരെ വഞ്ചിച്ച സവർക്കർ ഗാന്ധിയേക്കാൾ വലിയവനാണോ? സ്വാതന്ത്ര്യ സമരത്തെയും മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന പ്രവൃത്തിയാണിത്. ഇത് സർക്കാർ അക്കൗണ്ടല്ല, ഒരു ആർഎസ്‌എസ് അക്കൗണ്ടാണ്’ -മറ്റൊരാൾ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.