‘ഇത് പോലൊരു ഒരു തെറ്റ് മാത്രമെ അദ്ദേഹം ചെയ്തുള്ളൂ... നാം മൗനം പാലിച്ചാൽ നാളെ വേറൊരു നിരപരാധിയെ ക്രൂശിക്കും’ -ഇയ്യ വളപട്ടണത്തിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം കനക്കുന്നു -VIDEO
text_fieldsകണ്ണൂർ: വൃദ്ധനായ മനുഷ്യനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച എഴുത്തുകാരൻ ഇയ്യ വളപട്ടണത്തിനെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധം കനക്കുന്നു. തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്ന റോഡ് മുറിച്ചുകടക്കാനാകാതെ നിസ്സഹായനായി നിന്ന വൃദ്ധനെ കൈപിടിച്ച് റോഡുമുറിച്ചു കടത്തിയപ്പോഴായിരുന്നു ഇയ്യയെ പൊലീസ് ജീപ്പിലിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഗവർണറുടെ വാഹനം കടന്നുപോകാൻ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചായിരുന്നു പൊലീസ് അതിക്രമം. ഇടതുസഹയാത്രികൻ കൂടിയായ ഇയ്യക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ എഴുത്തുകാരും സാമൂഹികപ്രവർത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിട, വയോധികനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന ഇയ്യയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഇന്ന് നാം മൗനം പാലിച്ചാൽ നാളെ വേറൊരു നിരപരാധിയെ ഇവർ ക്രൂശിക്കാൻ ചാൻസുണ്ട്. ഒരു പച്ചമനുഷ്യനെ മാസസികമായി പീഡിപ്പിച്ചതിനെതിരെ രാഷ്ട്രീയ വൈര്യം മറന്ന് ശബ്ദിക്കണമെന്ന്’ ദൃശ്യം പങ്കുവെച്ച് നസീർ കണ്ണൂർ എന്നയാൾ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം:
ഇത് പോലൊരു ഒരു തെറ്റ് മാത്രമെ അദ്ദേഹം ചെയ്തിട്ടുള്ളൂ.
റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുന്ന ഒരാളെ സഹായിച്ചു അപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് സൗമ്യമായി സഹായിച്ചൂടെ എന്ന് മാത്രമെ ചോദിച്ചുള്ളൂ. നാം ഒക്കെ മനപൂർവ്വം കണ്ടാലും കാണാതെ നടിക്കുന്ന പല കാര്യങ്ങളും, നമുക്ക് നിസാരമായി തോന്നുന്നതും, നമ്മളിൽ പലർക്കും ഇല്ലാതെപോയ സ്നേഹവും ... മനുഷ്യരോടുള്ള കരതലും... പക്ഷി മൃഗാദികളോടുള്ള കരുണയും.. ഇങ്ങനെ എല്ലാ സമ്മേളിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് ഇയ്യ വളപട്ടണം.
10 വർഷക്കാലം ഒന്നിച്ച് ജോലി ചെയ്ത് അനുഭവത്തിലൂടെ മനസിലാക്കിയവനാണ് ഞാൻ. ഇപ്പോഴും ആ സ്നേഹത്തിനും, കരുതലിനും ഒരു കുറവുമില്ല... അതിനുള്ള ഏറ്റവും വലിയ ഉദാഹാരമാണ് സ്വന്തം കടയുടെ മുൻപിലുള്ള മൺകുടം ....
ദാഹിച്ച് വലഞ്ഞ് വരുന്നവർക്ക് ദാഹജലം ഇന്നും മുടങ്ങാതെ അവിടെ ഉണ്ട്. ഇത്രയും പച്ചയായ, ലാളിത്യമുള്ള, വിനയമുള്ള ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. പറയുന്നത് സ്വജീവിതത്തിൽ പ്രാവൃത്തികമാക്കുന്ന ആൾ. ജീവിതത്തിൽ ഇത് വരെ മദ്യം തൊടാത്ത ആ പച്ചമനുഷ്യനെയാണ് ഇന്നലെ പോലീസ് ക്കാർ മുഴുകുടിയനാക്കി മാറ്റിയത്. പൊലീസുകാരൻ്റെ ജോലി തടസ്സപ്പെടുത്തിയവനാക്കിയത്. എത് വിരോധഭാസമാണ് ഇത്. ആടിനെ പട്ടിയാക്കുന്ന കാലം. ഇതിനെതിരെ പ്രതികരിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ഇന്ന് നാം മൗനം പാലിച്ചാൽ നാളെ വേറൊരു നിരപരാധിയെ ഇവർ ക്രൂശിക്കാൻ ചാൻസുണ്ട്
രാഷ്ട്രീയ വൈര്യം മറന്ന് വളപട്ടത്തെ സംഘടനകൾ ഒരു പച്ചമനുഷ്യനെ മാസസികമായി പീഡിപ്പിച്ചതിനെതിരെ ശബ്ദിക്കണം.
#സപ്പോർട്ട് ഇയ്യ വളപട്ടണം
താൻ നേരിട്ട അതിക്രമത്തെ കുറിച്ച് സുഹൃത്തുക്കളായ പൊലീസുകാർക്ക് ഇയ്യ എഴുതിയ കുറിപ്പ് വായിക്കാം:
എന്റെ പോലീസ് സുഹൃത്തുക്കൾക്ക് വളരെ സങ്കടത്തോടെയും വേദനയോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ രാത്രി ഉറങ്ങിയില്ല. കണ്ണടക്കുമ്പോൾ എന്നെ മാനസീകമായി ക്രൂശിച്ച പോലീസുകാരുടെ മുഖം മനസ്സിൽ വരുന്നു. പിന്നെ ഉറക്കം വന്നില്ല. അവരുടെ രൂക്ഷമായ, മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരം ചെവിയിൽ കേൾക്കുന്നു. പിന്നെങ്ങനെ എനിക്ക് ഉറങ്ങാൻ കഴിയും.
ഈ കുറിപ്പ് ഏഫ് ബി യിൽ എനിക്ക് പോസ്റ്റ് ചെയ്യാം. എന്നാൽ പോലീസുകാരിൽ നിന്നുള്ള അനുഭവം എഫ് ബി യിൽ എഴുതിയാൽ അത് സർക്കാരിനെതിരെയും മൊത്തം പോലീസ് സേനക്ക് എതിരെയുമാക്കി മാറ്റാൻ അധികം സമയം വേണ്ട എന്നു അറിയുന്നതുകൊണ്ടാണ് ഇങ്ങനെ എന്റെ പോലീസ് സുഹൃത്തുക്കൾക്ക് മാത്രമായി എഴുതുന്നത്. ഇവിടത്തെ സിസ്റ്റം എത്ര നന്നാക്കാൻ ശ്രമിച്ചാലും നന്നാകാൻ വിടില്ല എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം പോലീസുകാരുണ്ട്. .ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ്സ്പോലും പോലീസുകാർ കാണിച്ചില്ല.ഒരു മനുഷ്യനോട് പോലും കടുപ്പിച്ചു സംസാരിക്കാൻ പോലും കഴിയില്ല എന്നു തിരിച്ചറിഞ്ഞതു കൊണ്ട്,. എസ് ഐ ടെസ്റ്റ് എഴുതാതെ മടങ്ങി വന്ന ഒരാളാണ് ഞാൻ എന്ന കാര്യം നിങ്ങള്ക്ക് അറിയാവുന്നതാണല്ലോ. ഞാൻ അന്ന് പരീക്ഷ എഴുതാതെ ഇറങ്ങി വന്നത് ശരിയാണ് എന്ന് ഇന്നലെ വളപട്ടണം പോലീസ് സ്റ്റേഷനിൽ (5/7/2025) നിന്നുണ്ടായ ഒരു മണിക്കൂർ ദുരനുഭവം കൊണ്ടു മനസ്സിലായി. ജീവിതത്തിൽ ഇതുവരെ ഒരാളെപോലും അടിച്ചിട്ടില്ല. അടിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദന ഞാൻ ആലോചിക്കും. അപ്പോൾ കൈ അന്നും ഇന്നും പൊന്തില്ല. എന്നെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുമ്പോൾ തന്നെ പോലീസ് ഡ്രൈവറും എസ് ഐ യും പറഞ്ഞത് നിന്നെ റിമാന്റ് ആക്കി അറുപത് ദിവസം കിടത്തും എന്നാലേ നീയൊക്കെ പഠിക്കൂ എന്നാണ്. സ്റ്റേഷനിൽ എത്തിയപ്പോൾ കയ്യിലെ മൊബൈലും പീടികയുടെ താക്കോലും വാങ്ങി വെച്ചു. അഡ്രെസ്സ് പറഞ്ഞുകൊടുത്തപ്പോൾ ആധാർ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോൾ കയ്യിൽ കൊണ്ടു നടന്നില്ലെങ്കിൽ വേറെയും കേസ് ഉണ്ടാകും എന്ന് അറിയുമോ എന്നുള്ള സ്റ്റേഷനിലെ
റിസപ്ഷനിൽ ഇരിക്കുന്ന പോലീസുകാരന്റെ ചോദ്യത്തിന്. മറുപടി പറഞ്ഞില്ല. ഇങ്ങനെയൊക്കെ നിയമം ഉണ്ട് എന്നു ആദ്യമായിട്ടാണ് കേൾക്കുന്നത്. നടക്കാൻ ബുദ്ധിമുട്ടായ ഒരാളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കാൻ പോയതാണ്. ഒരറ്റ വാഹനം പോലും നിരത്ത് മുറിച്ച് കടക്കാൻ അനുവദിക്കുന്നില്ല. അക്കാര്യം മുന്നിൽ നിൽക്കുന്ന പോലീസ്കാരനോട് പറഞ്ഞതാണ് പ്രശ്നം.എന്നാൽ പോലീസുകാരൻ ട്രാഫിക്ക് നിയന്ത്രിക്കാനല്ല ഗവർണ്ണരുടെ യാത്ര സുരക്ഷിതമാക്കാൻ നിൽക്കുന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.
അനീതി കണ്ടാൽ ചോദിക്കണം എന്നായിരുന്നു അന്നും ഇന്നും മനസ്സിലുള്ളത്. അപ്പോഴേക്കും എസ് ഐ വന്നു പിടിച്ചു തള്ളി ജീപ്പിൽ കയറ്റി.സ്റ്റേഷനിൽ നിന്നും ഒരു മിനുട്ട് ഫോൺ കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടു.അതുകൊണ്ട് എന്റെ ചങ്ങാതിയെ വിളിക്കാൻ കഴിഞ്ഞു.അല്ലെങ്കിൽ അവർ എന്നെ പല വകുപ്പുകൾ ചാർത്തി കിടത്തുമായിരുന്നു. ചങ്ങാതിയെ വിളിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ പോലീസ് കേസിൽ നിന്നും രക്ഷപ്പെട്ടത്. എനിക്കായി വിളിച്ചവരോടൊക്കെ ഞാൻ മദ്യപിച്ചു എന്നാണ് പോലീസുകാർ പറഞ്ഞത്. ജീവിതത്തിൽ ഇതുവരെ മദ്യപിക്കാത്ത എന്നെ പോലീസുകാർ മദ്യപാനിയാക്കി ചിത്രീകരിച്ചു.
പട്ടിയെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുക എന്നതാണ് ആ പോലീസുകാരുടെ തന്ത്രം. ഇങ്ങനെയൊക്കെ മനസ്സുള്ള പോലീസുകാർക്കു സമാധാനത്തോടെ കുടുംബത്തിൽ ജീവിക്കാൻ ദൈവം അനുവദിക്കില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ട്ടം.ഇവരൊക്കെ കുടുംബത്തിലും ഇങ്ങനെയാണോ പെരുമാറുന്നത്.അവർക്കു ശിക്ഷ കൊടുക്കാൻ ഞാൻ രാത്രി ഉറക്കമില്ലാതെ പ്രാർത്ഥിച്ചിരുന്നു. അത്രയ്ക്ക് എന്നെ വേദനിപ്പിച്ചിരുന്നു. എനിക്കൊരിക്കലും ആ ഒരു മണിക്കൂർ മറക്കാൻ കഴിയില്ല അതുപോലെ ആ പോലീസുകാരെയും മറക്കില്ല. എനിക്ക് ജീവിതത്തിൽ ഇതുവരെ ഇത്രയ്ക്കു കടുത്ത ദുരനുഭവം ഉണ്ടായിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ തരികയായിരുന്നു.
. രാജേഷ്പോലീസ്, സി പി എം ലോക്കൽ സെക്രട്ടറി ഷക്കീൽ, , ബിജു പോലീസ്,, രത്നകുമാർ സാർ,രമേശൻ വെള്ളോറ, വളപട്ടണം സി ഐ,എന്നിവർ ഉള്ളത്കൊണ്ട് മാത്രമാണ് മദ്യപാനകുറ്റത്തിൽ നിന്നും രക്ഷപ്പെട്ടത്. അവരോട് എന്റെ സ്നേഹം അറിയിക്കുന്നു.മരിക്കുന്നതുവരെ ഇവരെ മറക്കില്ല. തിരക്കിന്റെ ഇടയിലും എനിക്ക് വേണ്ടി അവർ സംസാരിച്ചല്ലോ.
അവരോട് പോലും ഞാൻ മദ്യപിച്ചു എന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല എന്നത് ഈ പോലീസ് സുഹൃത്തുക്കൾക്കും ചങ്ങാതിമാർക്കും അറിയാവുന്നതാണ്.
എനിക്ക് കുറെ പോലീസ് സുഹൃത്തുക്കളുണ്ട്. ബിജു പോലീസും സുജിത്തും, സാദിർ തലപ്പുഴയും, സുരേഷ് ഇ പി യും രത്ന കുമാർ സാറും സദാനന്ദൻ സാറും, രാജേഷ് പോലീസും,ചരിത്രകാരൻ ബാബുവും രമേശൻ വെള്ളോറയും ഒക്കെ നല്ലവരായ പോലീസുകാർ ആയിരുന്നു. അവർ എന്നോടും ഞാൻ അവരോടും സ്നേഹത്തോടെ, കാരുണ്യത്തോടെ എന്നും സംസാരിച്ചിരുന്നു. അവർക്കു എല്ലാവർക്കും ഞാൻ മദ്യപിക്കാറില്ല എന്നു അറിയാം. എന്നിട്ടും എന്നെ പിടിച്ചു കൊണ്ടുപോയ പോലീസുകാർ മദ്യപാനിയാക്കിയത് എന്തിനാണ് എന്നു മനസ്സിലായില്ല. എനിക്ക് വല്ലാതെ പേടി തോന്നിയത് ജയിലിൽ കിടക്കുന്നതിനെ കുറിച് ആലോചിട്ട് ആയിരുന്നില്ല. . സ്റ്റേഷനിലുള്ള പോലീസ്കാരൊക്കെ ഒരു കൊലപാതകിയോട് പെരുമാറുന്നത് പോലെ അത്രയ്ക്ക് രൂക്ഷമായിട്ടാണ് പെരുമാറിയത്. എനിക്ക് ആ പോലീസുകാരോട് ദേഷ്യമില്ല തോന്നിയത്. സങ്കടമാണ്. ഇങ്ങനെയുള്ളവരിൽ നിന്നും എന്ത് നീതി നിർവഹവണമാണ് സമൂഹത്തിനു ലഭിക്കുക. ഇവരിൽ നിന്നും എന്ത് നീതിയാണ് സമൂഹം പ്രതീക്ഷിക്കേണ്ടത്. . ഞാൻ ഒരു ഹാർട്ട് പേഷ്യന്റ് ആണെന്ന് നിങ്ങൾക്കൊക്കെ അറിയാവുന്നതാണല്ലോ. എനിക്ക് സംഘർഷങ്ങൾ സഹിക്കാൻ കഴിയില്ല.
. എന്തിനാണ് ഇങ്ങനെ മനുഷ്യന്മാരോട് പോലീസ്സുകാർ പെരുമാറുന്നത് .എന്നാണ് എന്റെ പോലീസ് സുഹൃത്തുക്കളോട് എനിക്ക് ചോദിക്കാനുള്ളത്.
.സ്നേഹത്തോടെ
നിങ്ങളുടെ ഇയ്യ വളപട്ടണം
Eyya Valapattanam

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.