ഹിന്ദു-മുസ്‍ലിം ഐക്യത്തെ കുറിച്ച് റീൽ ചെയ്തതിന് ചീത്തവിളിയും ആക്രോശവും: ഒടുവിൽ ‘മതവികാരം’ വ്രണപ്പെടുത്തിയതിന് മാപ്പ് പറഞ്ഞ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
text_fieldsപൂണെ: ഗണേശോത്സവത്തോടനുബന്ധിച്ച് ഹിന്ദു-മുസ്‍ലിം ഐക്യത്തെ കുറിച്ച് വിഡിയോ റീൽ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചീത്തവിളിയും ആക്രോശവും. ഒടുവിൽ, 1.7 മില്യൻ ഫോളോവേഴ്‌സുള്ള പൂണെ സ്വദേശിയായ അഥർവ സുദാമെ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിഡിയോ ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞു.
മുസ്‍ലിം കച്ചവടക്കാരനിൽ നിന്ന് ഗണേശ വിഗ്രഹം വാങ്ങുന്നതും അവർ തമ്മിലുള്ള സംഭാഷണവുമാണ് അഥർവ സുദാമെ ചിത്രീകരിച്ചത്. പൂണെയിലെ കടയിൽ നിന്ന് ഗണപതി വിഗ്രഹം വാങ്ങുന്നതിനിടെ, കടയുടമയുടെ തൊപ്പി ധരിച്ച ഇളയ മകൻ വന്ന് അദ്ദേഹത്തെ "അബ്ബു" എന്ന് വിളിക്കുന്നു. വാങ്ങുന്നയാൾക്ക് തന്‍റെ മതവിശ്വാസം അനിഷ്ടമാകുമെന്ന് ധരിച്ച കച്ചവടക്കാരൻ ആശങ്കാകുലനാവുകയും വിഗ്രഹം അടുത്ത കടയിൽ നിന്ന് വാങ്ങിക്കൊള്ളൂ എന്ന് നിർദേശിക്കുകയും ചെയ്തു. ഇതിന് സുദാമെയുടെ മറുപടി സ്നേഹത്തെയും സൗഹൃദത്തെയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു: ‘വിഗ്രഹം എവിടെനിന്ന് വാങ്ങിയാലും എന്ത് വ്യത്യാസമാണുള്ളത്? അത് നിർമിക്കുമ്പോഴുള്ള നല്ല ഉദ്ദേശ്യമാണ് പ്രധാനം. ഖീറിനും ഷീർ കുർമയ്ക്കും മധുരം നൽകുന്ന പഞ്ചസാര പോലെ, ക്ഷേത്രവും മസ്ജിദും നിർമിക്കാൻ ഉപയോഗിക്കുന്ന ഇഷ്ടിക പോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന ആളാകാനാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചത്’ എന്നായിരുന്നു മറുപടി. സാമൂഹിക ഐക്യത്തിന്റെ സന്ദേശം നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും പറയുന്നതോടെ റീൽ അവസാനിക്കുന്നു.
സ്നേഹത്തെയും സൗഹാർദത്തെയും പ്രോത്സാഹിപ്പിക്കുന്ന ഈ റീലിന് കയ്യടി ലഭിക്കുമെന്ന് കരുതിയ സുദാമെക്ക് പക്ഷേ, സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത് ട്രോളുകളും വ്യാപക വിമർശനങ്ങളുമാണ്. ഗണേശോത്സവത്തെ മതേതര അജണ്ടയാക്കി അവഹേളിച്ചുവെന്ന ആക്ഷേപത്തിന് മുന്നിൽ ഇൻഫ്ലുവൻസർക്ക് പിടിച്ചുനിൽക്കാനായില്ല. പൂണെയെ തെറ്റായി ചിത്രീകരിച്ചുവെന്ന വിമർശനവുംകൂടി ഉയർന്നതോടെ, അഥർവ സുദാമെ ഇൻസ്റ്റഗ്രാമിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയാൻ നിർബന്ധിതനാകുകയും ചെയ്തു.
‘ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുക എന്‍റെ ഉദ്ദേശ്യമായിരുന്നില്ല. എന്നാൽ, ധാരാളം ആളുകൾ അതൃപ്തി പ്രകടിപ്പിച്ചു. ഹിന്ദു ഉത്സവങ്ങളെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി ഞാൻ നിരവധി വിഡിയോകൾ ചെയ്തിട്ടുണ്ട്. ഈ വിഡിയോയുടെ ഉദ്ദേശ്യവും മറ്റൊന്നായിരുന്നില്ല. എന്നിരുന്നാലും, ആർക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കിൽ, ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്, ക്ഷമ ചോദിക്കുകയും ചെയ്യുന്നു’ -സുദാമ പോസ്റ്റ് ഡിലീറ്റ് ചെയ്തശേഷം നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു.
അതേസമയം, സുദാമെയുടെ വീഡിയോക്ക് പിന്തുണയുമായി എൻ.സി.പി നേതാവ് രോഹിത് പവാർ രംഗത്തെത്തി. ‘സുദാമെ ഒരു സർഗാത്മക കലാകാരനാണ്. ക്ലിപ്പിൽ ആക്ഷേപകരമായ ഒന്നും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ, അദ്ദേഹം ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശമാണ് നൽകിയത്. അത് ഹിന്ദു ധർമത്തിനും സംസ്കാരത്തിനും അനുസൃതമാണ്. എന്നാൽ, ചില 'മനുവാദി' സംഘങ്ങൾ സുദാമയെ ട്രോളുകയും വീഡിയോ നീക്കം ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. ഇത് അംഗീകരിക്കരുത്’ -പവാർ പറഞ്ഞു. ‘വിഡിയോയിലെ തെറ്റ് എന്താണെന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും വ്യക്തമാക്കണം. അല്ലെങ്കിൽ, വിഡിയോ നീക്കാൻ നിർബന്ധിച്ചവർക്കെതിരെ നടപടി എടുക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.