വി. മുരളീധരന്റെ മുഖം കണ്ടാൽ അറിയാം, അദ്ദേഹം ഭയന്നിട്ടുണ്ട്; ജ്യോതി മൽഹോത്ര കേസിൽ ഡിജിറ്റൽ തെളിവുകൾ പുറത്തു വരും -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്നും കാസർകോട് എത്തിച്ചത് ഡൽഹി കേന്ദ്രീകരിച്ച് മാധ്യമപ്രവർത്തകനായിരുന്ന, മറ്റുപല കേസുകളിലും ആരോപണ വിധേയനായ, സംഘപരിവാർ നേതൃത്വത്തിലെ പലർക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് വി. മുരളീധരന് പറയാമോ എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇദ്ദേഹത്തിൻറെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ എന്നും സന്ദീപ് ചോദിച്ചു.
‘വി. മുരളീധരന്റെ മുഖം കണ്ടാൽ അറിയാം, അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നൽകിയത് ആരെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോൾ ജ്യോതി മൽഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്പോർട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതൽ പറയിപ്പിക്കരുത്’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ആവർത്തിച്ചു പറയുന്നു, വന്ദേ ഭാരത ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകൾ നൽകിയത് ബിജെപി ഓഫീസിൽ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവർക്കാണ് പാസുകൾ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികൾക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ.മുരളീധരൻ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പി ആർ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.
ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്നും കാസർകോട് എത്തിച്ചത് ഡൽഹി കേന്ദ്രീകരിച്ച് മാധ്യമപ്രവർത്തകനായിരുന്ന , മറ്റുപല കേസുകളിലും ആരോപണ വിധേയനായ , സംഘപരിവാർ നേതൃത്വത്തിലെ പലർക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ? ഇദ്ദേഹത്തിൻറെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ ?
മുരളീധരന്റെ പി ആർ വർക്കിന് വേണ്ടിയാണോ ജ്യോതി മൽഹോത്ര കാസർകോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസർകോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മൽഹോത്ര എത്തിച്ചേരണമെങ്കിൽ അതിന് പിറകിൽ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം ?
വി മുരളീധരൻ മന്ത്രി ആയിരിക്കുമ്പോൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളിൽ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളിൽ ഡിജിറ്റൽ തെളിവുകളടക്കം പുറത്തു വരാനിരിക്കുകയാണ്.
വി മുരളീധരന്റെ മുഖം കണ്ടാൽ അറിയാം , അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നൽകിയത് ആരെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോൾ ജ്യോതി മൽഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്പോർട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതൽ പറയിപ്പിക്കരുത്.
പാകിസ്താൻ ചാരയായ ജ്യോതി മൽഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാൽ വി മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിംഗിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്.
മറുപടി പറയേണ്ടത് വി മുരളീധരനാണ്. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ് ?
ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ ? വാഗാ ബോർഡിൽ വച്ച് പാസ്പോർട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മൽഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണ്. വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ ? ഈ മാധ്യമ വിഭാഗം മേധാവിയുടെ ഡൽഹി വീട്ടിൽ താമസിച്ചല്ലേ ഡിആർഡിഒ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരുത്തൻ തട്ടിപ്പ് നടത്തിയത് ? നിശ്ചയമായും വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം. നിങ്ങൾ എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.