Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightനിമിഷപ്രിയയുടെ ശിക്ഷ...

നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതിൽ ഉറച്ച് തലാലിന്റെ കുടുംബം; മലയാളത്തിൽ ഫേസ്ബുക് പോസ്റ്റുമായി സഹോദരൻ: ‘ഞങ്ങൾ ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല’

text_fields
bookmark_border
നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതിൽ ഉറച്ച് തലാലിന്റെ കുടുംബം; മലയാളത്തിൽ ഫേസ്ബുക് പോസ്റ്റുമായി സഹോദരൻ: ‘ഞങ്ങൾ ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല’
cancel

സൻആ: നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽഫത്താഹ് മഹ്ദി. ഇക്കാര്യം വിശദീകരിച്ച് മലയാളത്തിലും അറബിയിലും അബ്ദുൽഫത്താഹ് ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. നിമിഷ പ്രിയയുടെ ശിക്ഷ മരവിപ്പിക്കാൻ തലാലിന്റെ കുടുംബം ചർച്ചകളുമായി സഹകരിച്ച് തുടങ്ങി​യെന്ന 24 ന്യൂസ് ചാനലിന്റെ കാർഡ് പങ്കു​വെച്ചാണ് ഇദ്ദേഹം അവസാനമായി പോസ്റ്റിട്ടത്. ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കള്ളങ്ങളും മാത്രമാണെന്ന് അബ്ദുൽഫത്താഹ് പറയുന്നു.

‘ഞങ്ങൾ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല. ഇത് വരെ നമുക്ക് മാധ്യമങ്ങളിലൂടെ മാത്രം അറിയാവുന്ന ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കള്ളങ്ങളും മാത്രമാണെന്നും വ്യക്തമാക്കുന്നു. ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ് - ഞങ്ങൾ കുടുതൽ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്’ -കുറിപ്പിൽ പറയുന്നു.

‘ഇതുവരെ ഇന്ത്യൻ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അവൾ നടത്തിയ അതിക്രമവും, ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം ഇവർ അകറ്റുകയും ഒതുക്കുകയും ചെയ്യുന്നു.

ഞങ്ങൾ പൊതുജനങ്ങളോട് പറയുന്നു: ‘ഇന്ത്യൻ മീഡിയയിൽ പ്രചരിക്കുന്ന പ്രചാരണങ്ങൾ സത്യം മാറ്റുന്നില്ല. മറിച്ചും, അതിനാൽ ഞങ്ങളുടെ നിലപാട് കൂടുതൽ ശക്തമാകുന്നു. കുറ്റവാളിക്കെതിരെയുള്ള വിധിയാകുന്ന ഖത്തൽ ശിക്ഷ (വധശിക്ഷ) നടപ്പാക്കപ്പെടണം എന്നത് ഞങ്ങളുടെ അവകാശമാണ്’ -മറ്റൊരു കുറിപ്പിൽ അബ്ദുൽഫത്താഹ് വ്യക്തമാക്കി. ഇതോടൊപ്പം നിരവധി മാധ്യമ വാർത്തകളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലും നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് അബ്ദുൽഫത്താഹ് മഹ്ദി വ്യക്തമാക്കിയിരുന്നു. ‘അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളു​ടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നീതി കേസിൽ നടപ്പാക്കണമെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ല. ക്രൂരമായ കുറ്റകൃത്യം മാത്രമല്ല, അതിനെ തുടർന്നുണ്ടായ നീണ്ടതും മടുപ്പിക്കുന്നതുമായ നിയമപ്രക്രിയയും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതിനും സത്യത്തെ വളച്ചൊടിക്കാനുമുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ ശ്രമങ്ങളിൽ ഞങ്ങൾക്ക് ഖേദമുണ്ട്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുക എന്നതാണ് ഇന്ത്യൻ മാധ്യമങ്ങളുടെ ലക്ഷ്യമെന്ന് ഉറച്ചുവിശ്വസിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

‘ഏതൊരു തർക്കവും അതിന്റെ കാരണങ്ങൾ എന്തുതന്നെയായാലും ഇത്രയും വലിയ ഒരു കൊലപാതകത്തെ അത് ന്യായീകരിക്കുന്നില്ല. കൊലപാതകം നടത്തിയതിന് ശേഷം ശരീരം വികൃതമാക്കി ഒളിപ്പിച്ചുവെക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല’ - തലാലിന്റെ സഹോദരൻ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ‘മധ്യസ്ഥതയും സമാധാനത്തിനുള്ള ശ്രമങ്ങളും ഞങ്ങൾക്ക് പുതുമയുള്ളതല്ല. വർഷങ്ങളായുള്ള കേസിന്റെ നാൾവഴികളിൽ മധ്യസ്ഥ ശ്രമങ്ങളും ഞങ്ങളെ സമ്മർദത്തിലാക്കാനുളള നീക്കങ്ങളുമുണ്ടായിട്ടുണ്ട്. ഇതിൽ പലതും ഇന്ത്യൻ മാധ്യമങ്ങൾ വർഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് സാധാരണവും പ്രതീക്ഷിച്ചതുമാണ്. എന്നാൽ, ഒരു ഓഫറും ഞങ്ങളുടെ തീരുമാനത്തെ മാറ്റിയിട്ടി​ല്ല. ഇപ്പോൾ വധശിക്ഷ മാറ്റിവെച്ചിരിക്കുകയാണ്. അത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. വധശിക്ഷ നിർത്തിവെച്ചവർക്ക് ഒരുതരത്തിലുമുള്ള അനുരഞ്ജന ശ്രമത്തിനും ഞങ്ങൾ വഴങ്ങില്ലെന്ന് അറിയാം. വധശിക്ഷ തീയതി നിശ്ചയിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങൾ മുമ്പത്തേക്കാൾ ബുദ്ധിമുട്ടേറിയതാണ്. വധശിക്ഷ നടപ്പാക്കുന്നത് വരെ നടപടികൾ പിന്തുടരും’ -കുറിപ്പിൽ വ്യക്തമാക്കി.

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് വധശിക്ഷ മാറ്റിയവിവരം അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി പ്രമുഖർ ചർച്ച നടത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം.

നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. 2017 ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsKerala NewsNimishapriyaTalal Abdo Mahdi
News Summary - talal's family against nimishapriya
Next Story