അവർക്ക് നമ്മെ തടവിലിടാൻ കഴിഞ്ഞേക്കാം, പക്ഷേ ഇന്ത്യയുടെ വായടപ്പിക്കാൻ കഴിയില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വോട്ടുമോഷണത്തിനും വോട്ടുബന്ദിക്കുമെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെയും നേതാക്കളെയും ഡൽഹി പൊലീസ് തടങ്കലിലാക്കിയതിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ മുന്നണിയുടേത് ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണെന്ന് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് ശേഷം അദ്ദേഹം പറഞ്ഞു.
‘300 എം.പിമാർ തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് രേഖ സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. ഇന്ത്യയിലെ നിലവിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണിത്. അവർ പേടിച്ചിരിക്കുകയാണ്. വോട്ടുകൊള്ള കർണാടകയിൽ ഞങ്ങൾ വ്യക്തമായി തുറന്നുകാട്ടി. പ്രതിപക്ഷം ഒന്നടങ്കം ഇതിനെതിരെ പോരാടുകയാണെന്നും രാഹുൽ പറഞ്ഞു.
‘അവർക്ക് നമ്മെ തടങ്കലിലിടാൻ കഴിഞ്ഞേക്കും. എന്നാൽ, ഇന്ത്യയുടെ വായടപ്പിക്കാൻ കഴിയില്ല. ഞങ്ങൾ രാഷ്ട്രീയത്തിനുവേണ്ടിയല്ല പോരാടുന്നത്. നിങ്ങളുടെ വോട്ടും നിങ്ങളുടെ അവകാശവും സംരക്ഷിക്കാനാണ് ഈ പോരാട്ടം. നമ്മുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതുവരെ ഞങ്ങളിത് അവസനിപ്പിക്കില്ല’ -അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നാളിതുവരെ കാണാത്ത പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 300ൽ പരം പ്രതിപക്ഷ എം.പിമാരാണ് പാർലമെന്റ് സ്തംഭിപ്പിച്ച് ഒറ്റക്കെട്ടായി തെരുവിലേക്കിറിങ്ങിയത്. ബി.ജെ.പിയുമായി ചേർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ച് രാവിലെ 11.30ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ലക്ഷ്യസ്ഥാനത്തിന് വിളിപ്പാടകലെ പാർലമെന്റ് സ്ട്രീറ്റിൽ ഡൽഹി പൊലീസ് തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കി. ഇൻഡ്യ സഖ്യത്തിലെ എം.പിമാർക്ക് പുറമെ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയെയും കൂട്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധം വരാനിരിക്കുന്ന സമരങ്ങളുടെ താക്കീതായി.
300 പ്രതിപക്ഷ എം.പിമാരെ കാണുന്നതിന് പകരം 30 പ്രതിപക്ഷ നേതാക്കളെ മാത്രം കാണാമെന്ന കമീഷന്റെ നിലപാട് തള്ളി എം.പിമാർ ഒന്നടങ്കം റോഡിൽ പ്രതിഷേധം തീർത്തത് സംഘർഷാവസ്ഥക്കും നാടകീയ രംഗങ്ങൾക്കും വഴിയൊരുക്കി. നേതാക്കളും എം.പിമാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നാല് ബസുകളിലായി 300 എം.പിമാരെ കുത്തിക്കയറ്റിയാണ് പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
കൊടും ചൂടിൽ വിയർത്തൊലിച്ചിട്ടും സമരവീര്യം കെടാതെ ബസിലും മുദ്രാവാക്യം തുടർന്ന പ്രതിപക്ഷ എം.പിമാർ പ്രതിഷേധ സ്വരമുയർത്തിയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനകത്തേക്കും പോയത്. ഉച്ചക്ക് രണ്ടര മണിയോടെ പാർലമെന്റിന്റെ ഇരുസഭകളിലും തിരികെയെത്തിയ എം.പിമാർ സഭക്കുള്ളിലേക്ക് ഓടിക്കയറി പ്രതിഷേധം തുടർന്നു. കമീഷൻ ആസ്ഥാനത്തേക്ക് ജനാധിപത്യ രീതിയിൽ മാർച്ച് നടത്തിയ തങ്ങളെ അറസ്റ്റ് ചെയ്തത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. സംസാരത്തിനിടെ ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
സർക്കാർ ബില്ലുകൾ പാസാക്കിയതിനിടെ മണിപ്പൂരുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യസഭയിൽ ഭരണ പ്രതിപക്ഷ എം.പിമാർ കൈയാങ്കളിയുടെ വക്കിലെത്തി. ഒറ്റക്കെട്ടായി സമരം വിജയിപ്പിച്ച പ്രതിപക്ഷ എം.പിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാത്രി താജ് ഹോട്ടലിൽ അത്താഴ വിരുന്നുമൊരുക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.