'മിസ്റ്റർ എസ്.പിക്കും ആഭ്യന്തര വകുപ്പിനും സർവോപരി ഈ ഗംഭീര 'സിസ്റ്റ'ത്തിനും അഭിനന്ദനങ്ങൾ'
text_fieldsപരാതിക്കാരിയുടെ ഫോൺ വിവരങ്ങൾ ചോർത്തി കുടുംബത്തെ വിവാഹമോചനക്കേസിലെത്തിച്ച സംഭവത്തിൽ കുറ്റാരോപിതനായ ഡി.വൈ.എസ്.പിക്ക് എസ്.പിയായി പ്രമോഷൻ നൽകിയതിനെതിരെ സിവിൽ പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന്. സംഭവത്തിൽ വാർത്തകൾ വന്ന് നാറി നാണം കെട്ട ഒരു ഡി.വൈ.എസ്.പി സാറ് എസ്.പി.യായി പ്രമോഷൻ സംഘടിപ്പിച്ച് വരുമ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഉമേഷ് വള്ളിക്കുന്ന് ചോദിക്കുന്നത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തിയപ്പോൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം കുടുംബരക്ഷകൻ എന്ന് സർട്ടിഫൈ ചെയ്ത് കുറ്റവിമുക്തനാക്കി പ്രമോഷൻ നൽകിയ സർക്കാറിനും പോസ്റ്റിൽ അഭിനന്ദനമുണ്ട്. ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കേണ്ട ഒരുത്തനെ അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രമോഷൻ നൽകി ആദരിക്കുന്നത് കാണുമ്പോൾ ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്നും ഉമേഷ് വള്ളിക്കുന്ന് ചോദിക്കുന്നു.
പോസ്റ്റിന് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ആ കേസിൽ തനിക്ക് സസ്പെൻഷൻ കിട്ടിയ കാര്യം ഒരു പൊലീസ് ഓഫിസർ പങ്കുവെച്ചിട്ടുണ്ട്.
''ഉമേഷേ... ഭർത്താവിന്റെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യാൻ പോയ പെൺകുട്ടിയെ രക്ഷപ്പെടുത്തി, കുറ്റക്കാരായ ഭർത്താവിനെതിരെ കേസ് എടുത്തതിന് എനിക്കും കിട്ടി ഒരു സസ്പെന്ഷനും, പിന്നെ കൂടെ 3 ഇൻക്രിമെന്റ് ബാർ with cumillate... ആ സിസ്റ്റം ശരിയാ''-എന്നായിരുന്നു കമന്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ! പരാതിക്കാരിയായ സ്ത്രീയുടെ ഫോൺ വിവരങ്ങൾ ചോർത്തി വിറ്റ് കുടുംബത്തെ ഡിവോഴ്സ് കേസിലെത്തിച്ച സംഭവത്തിൽ വാർത്തകൾ വന്ന് നാറി നാണം കെട്ട ഒരു ഡി.വൈ.എസ്.പി സാറ് എസ്.പി.യായി പ്രമോഷൻ സംഘടിപ്പിച്ച് വരുമ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ! വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം കുടുംബരക്ഷകൻ എന്ന് സർട്ടിഫൈ ചെയ്ത് കുറ്റവിമുക്തനാക്കി പ്രമോഷൻ നൽകിയ സർക്കാരിനെ ഇപ്പോൽ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ! സത്യം വിളിച്ച് പറഞ്ഞ ഒരേയൊരു ഡോക്ടറെ വേട്ടയാടി കൊല്ലാൻ തിരുട്ടുമുണ്ടന്മാരെക്കൊണ്ട് പത്രസമ്മേളനം വരെ നടത്തിച്ച് നാണം കെടുന്ന സിസ്റ്റം തന്നെ പരമ ഊളത്തരവും സ്ത്രീവിരുദ്ധതയും കൈമുതലായുള്ള, ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കപ്പെടേണ്ട ഒരുത്തനെ അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രമോഷൻ നൽകി ആദരിക്കുന്നത് കാണുമ്പോൾ ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ!! ആയതിനാൽ മിസ്റ്റർ എസ്.പിക്കും ആഭ്യന്തര വകുപ്പിനും സർവ്വോപരി ഈ ഗംഭീര 'സിസ്റ്റ'ത്തിനും അഭിനന്ദനങ്ങൾ. 👏👏 ( ആളാരാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ ഡിയേഴ്സ്? എല്ലാ മലയാളികൾക്കും അറിയാവുന്നതാണല്ലോ😄.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.